സി.പി.എമ്മിന്റെ വോട്ടും കിട്ടി; തെളിവുതരാമെന്ന് വി.ഡി സതീശന്‍, ക്യാപ്റ്റനല്ല, മുന്നണിപ്പോരാളിമാത്രമെന്നും പ്രതിപക്ഷ നേതാവ്
തൃക്കാക്കര: തക്കാക്കരയില്‍ സി.പി.എമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും കൂടിയിട്ടേയുള്ളൂ എന്നും അവകാശപ്പെട്ട സി.പി.എമ്മിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
എല്ലാവരുടെ വോട്ടും കിട്ടിക്കാണും. സി.പി.എമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ടല്ലോ. സി.പി.എമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ട്, സി.പി.എം വോട്ട് കിട്ടിയതിന്റെ തെളിവ് തരാം.
ബി.ജെ.പിയുടെ വോട്ട് കിട്ടിയിട്ടുണ്ട്, കഴിഞ്ഞ പ്രവാശ്യം ട്വന്റി ട്വന്റിക്ക് ചെയ്ത വോട്ട് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ 25,000 വോട്ടിന് ജയിക്കുമോ. 25,000 വോട്ടിന് ജയിക്കാനുള്ള ശക്തിയൊന്നും ആ മണ്ഡലത്തില്‍ ഞങ്ങള്‍ക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാനുള്ളത്. ജനവികാരം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോകാന്‍ അവര്‍ ഇനിയും കരുതുന്നതെങ്കില്‍ ആഘാതം പിന്നാലെ വരുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതെല്ലാം മനസ്സിലാക്കി നന്നാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം താന്‍ ക്യാപ്റ്റനല്ലെന്നും ഒരുപടയാളി മാത്രമാണെന്നും സതീശന്‍ പറഞ്ഞു,
പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യുഡിഎഫ് പ്രവര്‍ത്തനത്തിനും തൃക്കാക്കര വിജയം കൂടുതല്‍ ഊര്‍ജ്ജം പകരും. കൂടുതല്‍ ശ്രദ്ധയോടും ചിട്ടയോടുകൂടി, ഭംഗിയാക്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും. സര്‍ക്കാരിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ജനകീയമായ ഏത് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയാലും കൂടെയുണ്ടാകും. ജനവിരുദ്ധമായ കെ റെയിലുപോലെ ഏത് പദ്ധതിയുമായി മുന്നോട്ട് പോയാലും ഞങ്ങള്‍ ശക്തിയായി എതിര്‍ക്കും. ആ ഉറച്ച നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. സതീശന്‍ പറഞ്ഞു.
സാമൂഹികാന്തരീക്ഷം കലുഷിതമാണ്. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഒരു സാഹചര്യം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അതില്‍ നിന്നും പിന്മാറണം. എല്ലാ വര്‍ഗീയ ശക്തികളേയും ഓരേപോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാര്‍ കാണിക്കണം. സര്‍ക്കാരിന്റെ ദൗര്‍ബല്യത്തിന്റെ മറവിലാണ് ഇത്തരം ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. അവരെ ചെറുക്കാന്‍ യുഡിഎഫ് മുന്‍ നിരയില്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."