'ജയ് ശ്രീറാം, വന്ദേമാതരം വിളിക്കാന്‍ നിര്‍ബന്ധിച്ചു': മന്ത്രത്തകിട് വിറ്റ പ്രശ്‌നമാണെന്ന യു.പി പൊലിസ് വാദം തള്ളി അബ്ദുസമദ്
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വയോധികനെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് വാദം തള്ളി മര്‍ദനമേറ്റ അബ്ദുസമദ് രംഗത്ത്. മതസ്പര്‍ദം പടര്‍ത്താന്‍ വ്യാജസന്ദേശം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേസെടുത്തതിനു പിന്നാലെയാണ് നിജസ്ഥിതി വെളിപ്പെടുത്തി അബ്ദുസമദ് രംഗത്തെത്തിയത്. തന്നെ ജയ് ശ്രീറാം, വന്ദേ മാതരം മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിച്ചുവെന്ന് അബ്ദുസമദ് പറഞ്ഞു.
അബ്ദുസമദിനെ മര്‍ദിച്ചതിനു പിന്നില്‍ മന്ത്രത്തകിട് വിറ്റതുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും മതപ്രശ്‌നമല്ലെന്നുമായിരുന്നു യു.പി പൊലിസിന്റെ വാദം. എന്നാല്‍ താന്‍ അത്തരത്തില്‍ മന്ത്രത്തകിട് വില്‍ക്കാറില്ലെന്ന് അബ്ദുസമദ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്, സബ നഖ്വി, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി, ശമ മുഹമ്മദ് എന്നിവടരക്കമുള്ളവര്‍ക്കെതിരെയാണ് യു.പി പൊലിസ് കേസെടുത്തിരിക്കുന്നത്.
ജൂണ്‍ അഞ്ചിനായിരുന്നു അബ്ദുസമദിനെതിരായ ക്രൂര മര്‍ദനം. മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയും കാടിനടുത്തുള്ള മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് അബ്ദുസമദ് പറഞ്ഞു. വടി കൊണ്ട് മുഖത്തടക്കം ക്രൂരമായി അടിക്കുന്നതും താടി മുറിച്ചുമാറ്റുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. വയസന്‍ ആയതുകൊണ്ടാണ് വെറുതെ വിടുന്നതെന്നും ചെറുപ്പക്കാരായ നിരവധി മുസ്‌ലിംകളെ കൊന്നിട്ടുണ്ടെന്നും പറഞ്ഞ് മറ്റൊരു ചെറുപ്പക്കാരനെ മര്‍ദിക്കുന്ന വീഡിയോയും ഇവര്‍ സമദിനെ കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."