HOME
DETAILS

പനിച്ചൂടിൽ പ്രതിരോധം വിറയ്ക്കരുത്

  
backup
July 06 2022 | 20:07 PM

tp-mehroof-raj-todays-article-07-07-2022

ഡോ. ടി.പി മെഹ്റൂഫ് രാജ്


മഴക്കാലം മുമ്പൊക്കെ മനസിൽ വ്യത്യസ്ത സുന്ദരാനുഭൂതികൾ സൃഷ്ടിക്കുന്ന കാലമായിരുന്നു. അത് നമ്മുടെ ഉള്ളം കുളിർപ്പിക്കുമായിരുന്നു. എന്നാൽ കാലവും കഥയും മാറി, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, സമുദ്രങ്ങളിലെ അടിക്കടിയുണ്ടാകുന്ന ന്യൂനമർദങ്ങളുമൊക്കെക്കൂടി നമ്മുടെ മഴക്കാലത്തിന്റെ കെട്ടും മട്ടുമൊക്കെ അടിമുടി മാറ്റി. ന്യൂനവൃഷ്ടിയും അധിവൃഷ്ടിയുമൊക്കെ പതിവായി. അതോടൊപ്പം ഗുരുതരമായ അന്തരീക്ഷ വായു-പരിസര മലിനീകരണം, പരിസ്ഥിതി നശീകരണം എന്നിവ കൂടിയായപ്പോൾ നാട് പകർച്ചവ്യാധികൾക്ക് താണ്ഡവമാടാനുള്ള ഇടമായി മാറിയെന്നതാണ് വാസ്തവം.


കുറേക്കാലമായി മഴക്കാലം തുടങ്ങുന്നതോടൊപ്പം പകർച്ചപ്പനികളുടെ വലിയ തോതിലുള്ള കടന്നുവരവാണ് നാം കാണുന്നത്. പണ്ടൊക്കെ വർഷകാലത്തിന്റെ വരവോടെ സീസണൽ ഫ്‌ളൂ, വയറിളക്ക രോഗങ്ങൾ എന്നിവയൊക്കെ മാത്രമായിരുന്നു പ്രധാന പകർച്ചവ്യാധികൾ. എന്നാൽ ഇപ്പോൾ അവയുടെ കൂടെ ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, ചിക്കുൻഗുനിയ തുടങ്ങിയവ വർഷകാല പനികളുടെ കൂട്ടത്തിലുണ്ട്. അതിനൊക്കെ പുറമെയാണ് കഴിഞ്ഞ മൂന്നു വർഷത്തോളമായി സ്ഥിരമായി നമ്മെ അലോസരപ്പെടുത്തുന്ന കൊവിഡും.


മഴക്കാലത്തിന്റെ ആരംഭത്തിലാണ് ഇൻഫ്‌ളൂവൻസ(ഫ്‌ളൂ) പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും അതിവേഗതയിൽ പരക്കുന്നതും. അന്തരീക്ഷത്തിലെ വൈറസുകളടങ്ങിയ കണികകളെ പുതുമഴകൾ താഴേക്ക് കൊണ്ടുവരികയും അവ വലിയ തോതിൽ ആളുകളെ ബാധിക്കുകയും ചെയ്യുന്നു. ശക്തമായ പനി, തലവേദന, ക്ഷീണം, ഛർദി, ശരീരവേദന, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുമായി രോഗി പെട്ടെന്ന് അവശതയിലേക്ക് നീങ്ങുന്ന ഒന്നാണ് ഫ്‌ളൂ. പനിക്കും തലവേദനയ്ക്കുമുള്ള പാരസിറ്റമോൾ, ഉപ്പ് ചേർത്ത ധാരാളം പാനീയങ്ങൾ, പോഷണ മൂല്യമുള്ള എളുപ്പം ദഹിക്കുന്ന ആഹാരം, പൂർണവിശ്രമം എന്നിവകൊണ്ട് സാധാരണഗതിയിൽ ഒരാഴ്ചക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലാതെ രോഗമുക്തി ലഭിക്കുന്ന ഒന്നാണ് സീസണൽ ഫ്ളൂ.


ഫ്ളൂ വിഭാഗത്തിൽപെട്ടവ തന്നെയാണ് സാർസ്, കൊവിഡ്, എച്ച് വൺ എൻ വൺ പനിയുമൊക്കെ. ഈ അസുഖങ്ങൾക്കൊക്കെ പൊതുവായി ജലദോഷവും മൂക്കടപ്പും ചുമയുമൊക്കെയുണ്ടാകും, പനി, ശരീരവേദന, തലവേദന എന്നിവയുടെ കൂടെ. കാരണം ഇവയൊക്കെ അന്തരീക്ഷത്തിൽനിന്ന് കണികകൾ മുഖേന വായും മൂക്കും വഴി ശ്വാസകോശത്തെ ബാധിക്കുന്നവയാണ്.
ഡെങ്കിപ്പനി കൊതുകുജന്യ രോഗമാണ്. ഈഡിഡ് വിഭാഗത്തിൽപെട്ട കൊതുകുകളുടെ കടി മൂലമാണിത് പകരുന്നത്. ഈ കൊതുകുകൾ പകൽ വേളകളിലാണ് കാണപ്പെടുന്നതും കടിക്കുന്നതും. ശക്തമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പുറകിലുള്ള വേദന, ശരീരവേദന, നടുവേദന എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. അതിൽതന്നെ ശക്തമായ തലവേദനയും പുറം വേദനയുമാണ് പ്രധാനം. അതോടൊപ്പം തൊലിപ്പുറമെ ചുവന്ന പാടുകളുണ്ടാകാം. പരിപൂർണ വിശ്രമവും, പാരസിറ്റമോൾ, വേണ്ടത്ര പാനീയങ്ങൾ എന്നിവകൊണ്ട് തൊണ്ണൂറ് ശതമാനം കേസുകളിലും ഒരാഴ്ചക്കുള്ളിൽ രോഗശാന്തി ലഭിക്കും. ഡെങ്കി ഹെമറാജിക്ക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിങ്ങനെ ചെറിയൊരു ശതമാനം രോഗികളിൽ രോഗബാധയോടൊപ്പം ഗുരുതരമായ സങ്കീർണതകൾ രൂപപ്പെടാം. രക്തസ്രാവം, കരൾ-വൃക്കകൾ- ശ്വാസകോശങ്ങൾ എന്നീ ആന്തരികാവയവങ്ങളുടെ പ്രവർത്തന വൈകല്യം എന്നിവയുമുണ്ടാകാം.


ചിക്കുൻഗുനിയയും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ്. കുറേ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന കൈകാലുകളിലെ സന്ധി വേദന(റിയാക്ടീവ് ആർത്രൈറ്റിസ്)യാണ് പലപ്പോഴും ചിക്കുൻഗുനിയയുടെ സങ്കീർണത. അല്ലാതെ വലിയ തോതിൽ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന ഒന്നല്ല ചിക്കുൻഗുനിയ. വൈറസ് രോഗബാധ പൊതുവെ സെൽഫ് ലിമിറ്റിങ് അഥവാ തനിയെ മാറുന്നവയാണ്. അവയ്‌ക്കെതിരേ ഫലപ്രാപ്തിയുള്ള ആന്റിബയോട്ടിക്കുകൾ ഇല്ല. എന്നാൽ ഗുരുതര സങ്കീർണതകൾ സൃഷ്ടിക്കുന്ന ചില വൈറസ് ബാധകൾക്ക് ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്.
സാധാരണ വൈറസ് രോഗബാധകളിൽ വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലറ്റ് എന്നീ രക്തഘടകങ്ങളുടെ എണ്ണം കുറയാം. ഡെങ്കിപ്പനിയിൽ ഇവ തീവ്രാവസ്ഥ കൈവരിക്കുന്നതും കാണാം. എന്നാൽ രോഗമുക്തിയോടെ വളരെ പെട്ടെന്നുതന്നെ രക്താവസ്ഥ പൂർവസ്ഥിതിയിലെത്തുമെന്നതാണ്. വർഷകാല രോഗങ്ങളിൽ പലപ്പോഴും അപകടമുണ്ടാക്കുന്നതാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. മൃഗങ്ങളുടെ വിശിഷ്യാ എലികളുടെ മൂത്രം വഴിയാണ് രോഗം ബാധിക്കുന്നത് എന്നതിനാൽ ഇതൊരു ജന്തുജന്യ രോഗമാണ്. മണ്ണിൽ പണിയെടുക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവരൊക്കെ എലിപ്പനി ബാധക്ക് കൂടുതൽ സാധ്യതയുള്ളവരാണ്. പനിയും ശരീരവേദനയുമായി തുടങ്ങുന്ന രോഗബാധ തുടക്കത്തിൽ തന്നെ ചികിത്സിച്ചിട്ടില്ലെങ്കിൽ രണ്ടാമത്തെ ആഴ്ചയാകുമ്പോഴേക്കും കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെ തകരാറിലാക്കി മൾട്ടി ഓർഗൻ ഡിസോർഡർ എന്ന ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്ക് പോലും നയിച്ചേക്കാം. പൊതുവെ ദുർബലമായ ഒരു രോഗാണുവാണെങ്കിലും രോഗത്തിന്റെ രണ്ടാമത്തെ ആഴ്ചയിൽ ഉടലെടുക്കുന്ന ഇമ്മ്യൂണോളജിക്കൽ ഫെയ്‌സ് ആണ് അപകടാവസ്ഥയിലേക്ക് നയിക്കുന്നത്. അപ്പോഴാണ് മഞ്ഞപ്പിത്തം, വൃക്ക സ്തംഭനം, ഹൃദയ പേശികളിലെ നീർക്കെട്ട് എന്നിവയൊക്കെ പ്രത്യക്ഷപ്പെടുന്നത്. മഴക്കാല ആരംഭത്തിലാണ് എലിപ്പനിയുടെ വ്യാപനം. തുടക്കത്തിലേ ചികിത്സിച്ചാൽ മിക്കവാറും രോഗവിമുക്തി ഉറപ്പാക്കാം. മദ്യപാനികൾ, കരൾ രോഗമുള്ളവർ എന്നിവരിൽ എലിപ്പനി ഗുരുതരാവസ്ഥ പ്രാപിക്കാൻ താരതമ്യേന എളുപ്പമാണ്.


മറ്റൊരു വൈറസേതര രോഗം ചെള്ളുപനി (സ്‌ക്രബ് ടൈഫസ്, Scrub Typhus) ആണ്. റിക്കറ്റ്‌സിയ വിഭാഗത്തിൽപെട്ട ഒരു രോഗാണുവാണിവിടെ കാരണമാകുന്നത്. ചെടികളിൽ കാണുന്ന ഒരുതരം ചെള്ളിന്റെ രോഗബാധയേറ്റ ലാർവകളുടെ കടി കാരണമാണ് രോഗം പകരുന്നത്. വനാതിർത്തികൾ, പ്ലാന്റേഷനുകൾ എന്നിവിടങ്ങളിലൊക്കെ ജോലിയെടുക്കുന്നവർ, അവിടങ്ങളിലെ സന്ദർശകർക്കുമൊക്കെയാണ് രോഗബാധക്ക് സാധ്യതയേറെ. ചെള്ളു കടിച്ച ഭാഗത്ത് എഷ്‌ക്കാർ എന്ന ഒരു വ്രണം കാണപ്പെടാം. രോഗം തീവ്രാവസ്ഥയിലെത്തിയാൽ വിവിധ അവയവ വ്യവസ്ഥകൾ തകരാറിലാകുന്ന Multi Organ Disorder Syndrome (MODS) എന്ന അവസ്ഥ ഇവിടെയും സംഭവിക്കാം. ചെള്ളുപനി ബാധയിൽ എ.ആർ.ഡി.എസിനു സാധ്യത കൂടുതലാണ്. തുടക്കത്തിലേ ചികിത്സിച്ചാൽ പരിപൂർണ രോഗമുക്തി നേടാനാകും.


എലിപ്പനി, സ്‌ക്രബ് ടൈഫസ് എന്നിവയ്‌ക്കെതിരേ വളരെ ഫലപ്രദമായ ചികിത്സയാണ് നിലവിലുള്ളത്. തുടക്കത്തിലേ കണ്ടെത്തി തുടങ്ങണമെന്നുമാത്രം. ഡോക്‌സിസൈക്ലിൻ (Doxycycline) എന്ന താരതമ്യേന വില കുറഞ്ഞ ഒരു ആന്റിബയോട്ടിക്കാണ് സാധാരണ ഉപയോഗിക്കുന്നത്. എലിപ്പനി ബാധയേൽക്കാൻ സാധ്യതയുള്ളവർക്ക് ഡോക്‌സിസൈക്ലിൻ മരുന്ന് പ്രതിരോധമായി കൊടുക്കാറുമുണ്ട്.
വൈറസ്, ബാക്ടീരിയ എന്നിങ്ങനെ എന്ത് രോഗബാധയായാലും അതേൽക്കുന്ന വ്യക്തി നേരത്തേതന്നെ സ്ഥായിയായ രോഗങ്ങളുള്ളയാളാണെങ്കിൽ രോഗാവസ്ഥ ഗുരുതരമാകാനും ബഹുവിധ സങ്കീർണതകളുണ്ടാകാനുമുള്ള സാധ്യതകൾ വളരെയേറെയാണ്. നിയന്ത്രണാതീതമായ പ്രമേഹരോഗം, രക്താതിസമ്മർദം, കരൾ-വൃക്ക-ഹൃദയ രോഗങ്ങൾ, വിവിധങ്ങളായ അർബുദ രോഗങ്ങൾ, ആമവാതം പോലെയുള്ള അവസ്ഥകൾ എന്നിവയുള്ള വ്യക്തികളിൽ ഏത് ചെറിയ അണുബാധയും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം.


പലതരം അണുബാധകളുടെ ഒരു ലക്ഷണം മാത്രമാണ് പനി, ലഘുവും ഗുരുതരവുമായ പലവിധം അസുഖങ്ങളുടെ. അത് ജാഗ്രത കൂടുതൽ ആവശ്യപ്പെടുന്ന രോഗാവസ്ഥയാണോ എന്ന് തുടക്കത്തിലേ തീർച്ചപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ആരംഭത്തിലേതന്നെ ഡോക്ടറെ സമീപിച്ച് സംശയ നിവാരണം നടത്തേണ്ടതാണ്. യാതൊരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം ഫാർമസികളിൽ പോയി മരുന്നു വാങ്ങിക്കഴിച്ച് ഭാഗ്യം പരീക്ഷിക്കാൻ തുനിയരുത്. അതുപോലെ ശരീര വേദന, സന്ധി വേദന മുതലായവ അനുഭവപ്പെടുന്ന പനി ബാധിതർ ശക്തിയേറിയ വേദന സംഹാരികൾ സ്വയം വാങ്ങി ഉപയോഗിക്കുന്നതും അങ്ങേയറ്റം ഹാനികരമാണ്. ഏത് പനിയായാലും വേദന സംഹാരികൾ ഒരുകാരണവശാലും ഉപയോഗിക്കരുത്. അത് മാരകമായ അനന്തര ഫലങ്ങൾ സൃഷ്ടിച്ചേക്കാം.
പനിബാധയുടെ കൂടെ ജാഗ്രത പുലർത്തേണ്ട മറ്റു രോഗ ലക്ഷണങ്ങൾ നോക്കാം. മഞ്ഞപ്പിത്തം, കടും നിറത്തിലുള്ള മൂത്രം, ശ്വാസം മുട്ടൽ, കൂടിയ ഹൃദയമിടിപ്പ്, താഴ്ന്ന രക്തസമ്മർദം, രക്തസ്രാവം, ഗുരുതരമായ വയറുവേദന, തൊലിപ്പുറമെയുള്ള ചുവന്ന പാടുകൾ, അമിതമായ ക്ഷീണം, തുടർച്ചയായ ഛർദി, പരസ്പര വിരുദ്ധമായ സംസാരം, അപസ്മാരം എന്നീ ലക്ഷണങ്ങൾ പനിയുടെ കൂടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ കഴിവതും നേരത്തെ തന്നെ ഡോക്ടറെ കാണുകയും യതാവിധിയുള്ള ചികിത്സ തേടേണ്ടതുമാണ്.

(കോഴിക്കോട് വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സെൻ്ററിലെ സീനിയർ കൺസൾട്ടൻ്റ് ഫിസിഷ്യനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago