കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് ഭക്ഷ്യമന്ത്രി; സപ്ലൈക്കോയില്‍ വില കുറഞ്ഞ് സാധനങ്ങളില്ല, പോയി നോക്കാന്‍ വെല്ലുവിളിച്ച് വി.ഡി സതീശന്‍
കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃകയെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ ആരോപണത്തിന്റെ പേരില്‍ നിയമസഭയില്‍ വാക്കേറ്റം. വിലക്കയറ്റം എല്ലാ സീമകളും ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പ്രാഥമിക ഉത്തരവാദിത്തങ്ങളുടെ വീഴ്ച മറയ്ച്ചുവയ്ക്കാന്‍ സാമൂഹിക അന്തരീക്ഷം മലിനമാക്കരുത്. പകരം, ഉത്തരവാദിത്തം ഏറ്റെടുത്ത് വിപണി ഇടപെടല്‍ നടത്തി പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോയില്‍ ഇല്ലാത്ത സാധനങ്ങളുടെ പട്ടിക പി.സി വിഷ്ണുനാഥ് സഭയില്‍ വായിച്ചു. 13 ഇനങ്ങള്‍ക്ക് വിലകൂടിയില്ലെന്ന് മുഖ്യമന്ത്രി വ്യാജപ്രചരണം നടത്തുന്നുവെന്നും കേരളം സെസ് ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്നും പ്രമേയം അവതരിപ്പിച്ച വിഷ്ണുനാഥ് ആരോപിച്ചു.
രാജ്യത്തെങ്ങുമില്ലാത്ത വിധത്തില്‍ കേരളസര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തുകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. രാജ്യത്ത് വില വര്‍ധിക്കുന്നതിനാല്‍ ഇവിടെയും വില കൂടുന്നു. അര കിലോ പരിപ്പിന് ഡല്‍ഹിയില്‍ 118 രൂപയാണ്. ഇവിടെ ഒരു കിലോ പരിപ്പിന് 55 രൂപ മാത്രം. ഒരു കിലോ തക്കാളിക്ക് ഡല്‍ഹിയില്‍ 290 രൂപയാണ്. ഇവിടെ 115 രൂപ. കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. പൊതുവിതരണ സമ്പ്രദായം പല സംസ്ഥാനങ്ങളിലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലു മാസം കൊണ്ട് 5000 മുതല്‍ 10000 രൂപ വരെയാണ് ഇടത്തരം കുടുംബത്തിനു ചെലവ് വര്‍ധിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വിപണി ഇടപെടലില്‍ സംസ്ഥാനം ദയനീയമായി പരാജയപ്പെട്ടു. പണം കൊടുക്കാനുള്ളതിനാല്‍ കരാറുകാര്‍ സപ്ലൈക്കോ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. പണം കൊടുത്തില്ലെങ്കില്‍ ഓണക്കാലത്ത് ടെന്‍ഡര്‍ നടപടികള്‍ നടക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തെക്കുറിച്ചും മിണ്ടാറില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കുറവുള്ള 13 ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിവരം സമൂഹമാധ്യമത്തില്‍ പരാമര്‍ശിക്കുക മാത്രം ചെയ്തു വിലക്കയറ്റ വിഷയത്തെ അവഗണിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരാമര്‍ശിച്ചതിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചു. ഭക്ഷ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സപ്ലൈക്കോ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് 13 അവശ്യ സാധനങ്ങള്‍ അവിടെയുണ്ടോ എന്നു പരിശോധിക്കാന്‍ മന്ത്രി തയാറാണോ എന്നും സതീശന്‍ വെല്ലുവിളിച്ചു. സഭ പിരിഞ്ഞ ശേഷം ഒരുമിച്ച് പോകാമെന്ന് പ്രതികരിച്ച മന്ത്രി വെല്ലുവിളി ഏറ്റെടുത്തു.
അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. ഒരിടവേളയ്ക്കുശേഷം പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാടിവി സംപ്രേക്ഷണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."