പാർട്ടിക്കും പൊതുജനത്തിനും രണ്ടു നീതിയോ?
വിചാരണയും വിധിയും പാർട്ടിതന്നെ പറയുമെന്ന് സി.പി.എമ്മിന്റെ അന്തരിച്ച നേതാവ് എം.സി ജോസഫൈൻ പരസ്യമായി പറഞ്ഞത് ആരും മറന്നിട്ടില്ല. പറഞ്ഞതിന് ജോസഫൈൻ പഴികേട്ടുവെങ്കിലും സി.പി.എമ്മിൽ കാര്യങ്ങളൊക്കെ ഇവ്വിധം തന്നെയല്ലേ എന്ന് തോന്നിപ്പോകുകയാണ് ഇപ്പോഴത്തെ സംഭവങ്ങൾ കാണുമ്പോൾ. പാർട്ടിക്കും നേതാക്കൾക്കുമെതിരേ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും മൗനം തുടരുന്ന മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ഇടപാടിലെ ദുരൂഹതയെക്കുറിച്ച് കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടനും ഒട്ടനവധി ചോദ്യങ്ങൾ സഭയ്ക്കകത്തും പുറത്തും ഉന്നയിച്ചിരുന്നു.
മറുപടിയില്ലെന്ന് മാത്രമല്ല, ഉരുളക്കുപ്പേരി എന്നോണം മറുചോദ്യമാണ് സി.പി.എമ്മിൽനിന്ന് കേരളം കേട്ടത്. ആരോപണങ്ങളോ വിവാദങ്ങളോ ഉണ്ടാകുമ്പോൾ പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിലെത്തി മറുപടി പറയുന്ന രീതിയായിരുന്ന നമ്മുടെ രാഷ്ട്രീയമണ്ഡലത്തിൽ ഉണ്ടായിരുന്നത്. ഇതായിരുന്നു കേരള രാഷ്ട്രീയത്തെ നവീകരിച്ചുകൊണ്ടിരുന്നതും. ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികളോടുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ജനങ്ങളുടേത് കൂടിയായി കണക്കാക്കിയിരുന്ന കാലമൊക്കെ കഴിഞ്ഞു എന്നു വേണമോ കരുതാൻ? രാഷ്ട്രീയ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകാനുള്ള അവസരമുണ്ട്. എന്നാൽ ചോദ്യങ്ങളൊന്നും ഇങ്ങോട്ടുവേണ്ട എന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. ഇതിനെ ഏകാധിപത്യ മനോഭാവമെന്ന് തന്നെ വിളിക്കേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങളോട് മുഖം തിരിക്കുന്നതിനെ പ്രതിപക്ഷം വിമർശിക്കാറുണ്ട്. സി.പി.എമ്മിന്റെ ദേശീയ നേതാക്കളും ഈ നിലപാടുകാരാണ്. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി എപ്പോഴും പത്രസമ്മേളനം നടത്തിയാൽ മതിയോ എന്ന ചോദ്യം മോദിസവുമായി ചില സമാനതകളില്ലേ എന്ന് തോന്നിപ്പോയാൽ കുറ്റംപറയാനാവില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നിട്ട് ആഴ്ചകൾ പിന്നിട്ടു. ഇതു സംബന്ധിച്ചുള്ള വസ്തുത എന്തെന്ന് ഇന്നും പൊതുജനത്തിനറിയില്ല.
ഏഴു വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്റെ മകളുടെ സാമ്പത്തിക ഇടപാടിനെ സംബന്ധിച്ച് ഉയർന്ന ആരോപണത്തെ സി.പി.എം നേതൃത്വം നിസാരമായി കാണരുത്. ആരോപണവിധേയമായ ഒരു കമ്പനിയുടെ അക്കൗണ്ടിൽ നിന്നാണ് ചെയ്യാത്ത സേവനത്തിന് പ്രതിഫലമെന്നോണം ഈ തുക കിട്ടിയതും. മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയമില്ലെന്ന് നാഴികയ്ക്ക് നാലു നേരം പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രിയും ഈ വിഷയത്തിലുള്ള മൗനം തുടരുമ്പോൾ സംശയമുയരുക സ്വാഭാവികമാണ്. നിയമസഭയിൽ ഈ പ്രശ്‌നം ഉയർത്തിക്കൊണ്ടുവരാൻ മാത്യു കുഴൽനാടൻ ശ്രമിച്ചപ്പോൾ സാങ്കേതികത്വം ഉയർത്തി തടഞ്ഞത് സ്പീക്കറായിരുന്നു. മാത്യുവിന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനും മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
ഇതെല്ലാം പൊതുജനം കാണുന്നുണ്ടെന്ന് മറന്നുപോകരുത്. സഭയിലല്ലെങ്കിൽ മറുപടി പുറത്താകാം; അതും കഴിയില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ഒരു സേവനവും ചെയ്യാതെ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് 1.72 കോടി കിട്ടിയത് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിൽ ന്യായമുണ്ട്.
സി.പി.എം നേതാക്കൾക്കും മറ്റുള്ളവർക്കും ഇവിടെ രണ്ടു നീതിയാണെന്ന ആരോപണമാണ് പൊതുവെ ഉയർന്നുകേൾക്കുന്നത്. ഇതിനെ കേവല ആരോപണമെന്ന് പറഞ്ഞ് തള്ളിക്കളയാനുമാവില്ല. സി.പി.എം നേതാക്കൾക്കെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടി കമ്മിറ്റികൾ അന്വേഷിച്ച്, ശിക്ഷ വിധിച്ചാൽ മതിയെന്ന നിലപാടും ശരിയല്ല. പോക്‌സോ കേസിലെ യഥാർഥ പ്രതിയെ മാറ്റി മറ്റൊരു പ്രതിയെ അവതരിപ്പിച്ച് കേസ് അട്ടിമറിച്ചുവെന്ന ആരോപണമാണ് സി.പി.എം നേതാവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരേ ഉയർന്നത്.
ജോർജ് എം. തോമസിനെതിരേയുള്ള ആരോപണം ആദ്യം ഉയർന്നതും നടപടിയെടുത്തതും പാർട്ടിക്കുള്ളിൽ തന്നെയാണ്. എന്നാൽ പോക്‌സോ കേസുപോലുള്ള ഗുരുതര ആരോപണമായിട്ടും എന്തുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാനും കർശന നടപടിയിലേക്ക് പോകാനും തയാറാകാത്തത്. തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരേ പീഡന പരാതിയുണ്ടായപ്പോൾ പാർട്ടി നടപടിയുണ്ടായി, കേസില്ല.
ഇടുക്കി ശാന്തൻപാറയിലെ പാർട്ടി ഓഫിസ് നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പണി പൂർത്തിയാക്കിയ സി.പി.എം, നിയമവ്യവസ്ഥയോട് എന്ത് വിധേയത്വമാണ് പുലർത്തുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരേ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്. നിയമലംഘനമാണെന്ന് കണ്ടെത്തിയ നിർമാണം രേഖാമൂലമുള്ള ഉത്തരവ് കിട്ടിയില്ല എന്ന കാരണത്താൽ തുടർന്നതിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും കുറ്റംകാണാൻ കഴിയുന്നില്ലെന്നാണോ?
കരുവന്നൂർ സഹകരണബാങ്കിൽ നടന്ന 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനോടും തുടർനടപടികളോടുമുള്ള പാർട്ടിയുടെ നിലപാടിലുമുണ്ട് അസ്വാഭാവികത. ബാങ്കിൽ കോടികളുടെ ബിനാമി ഇടപാട് നടന്നത് അന്ന് തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്റെ നിർദേശത്തെ തുടർന്നായിരുന്നു എന്നാണ് ഇ.ഡി കണ്ടെത്തൽ. യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നതിനു പകരം നേതാവിനു സംരക്ഷണ കവചം ഒരുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
അധികാരത്തിന്റെ മറവിൽ എന്തു തെറ്റും ന്യായീകരിക്കാനും മൂടിവയ്ക്കാനുമാകുമെന്ന് ആരും കരുതരുത്. സി.പി.എം പോലുള്ള ഒരു പാർട്ടി ചിലരുടെ വഴിതെറ്റിയ പ്രവർത്തനത്തിന്റെ ഫലമായി തുടർച്ചയായി മൗനം പാലിക്കേണ്ട ദുരവസ്ഥയിലാണിപ്പോഴുള്ളത്. തെറ്റുതിരുത്തൽ രേഖയുടെ ചുവടുപിടിച്ച് അച്ചടക്ക നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രമുഖ നേതാക്കളോ ബന്ധുക്കളോ ആരോപണക്കുരുക്കിൽ വീഴുന്നതും. ഈ പത്മവ്യൂഹത്തിൽ നിന്ന് സി.പി.എം എങ്ങനെ കരകേറും എന്നാണ് അറിയേണ്ടത്.
Content Highlights:Editorial in Aug 26 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."