ഇരുള് പാളി
കഥ
എ.കെ അനിൽകുമാർ
എയർപോർട്ടിലെ ഇന്റർനാഷനൽ ടെർമിനലിന്റെ വിശാലമായ സിറ്റൗട്ടിലെ ഒഴിഞ്ഞ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന് രാജീവ് വാച്ചിലേക്കു നോക്കി. ഫ്ളൈറ്റ് ലാൻഡ് ചെയ്തിട്ട് അര മണിക്കൂറിലധികമായിരിക്കുന്നു. ക്ലിയറൻസ് കഴിഞ്ഞ് ദേവികയും മോനും പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കുമായിരിക്കും. അയാൾ പുറത്തെ കാഴ്ചകളിലേക്ക് വിരസതയോടെ നോക്കിയിരുന്നു. നിരയായി പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ ഡ്രൈവർമാർ പലരും പാതിമയക്കത്തിലാണ്. തെളിഞ്ഞുകത്തുന്ന നിയോൺ പ്രകാശം എമ്പാടുമുണ്ട്. സമയം വെളിപ്പിന് മൂന്നുകഴിഞ്ഞെങ്കിലും പകൽപോലെ തെളിച്ചത്തോടെ ഉണർന്നിരിക്കുന്നു, പരിസരമാകെ. അമേരിക്കയിൽ നിന്നുള്ള ഫ്ളൈറ്റുകൾ എന്തിനാണ് അതിരാവിലെ മാത്രം എത്തുന്നതെന്ന് അയാൾ കൗതുകത്തോടെ ചിന്തിച്ചു.
നീണ്ട രണ്ടുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അനന്തുവിനെ, തന്റെ മോനെ കണ്ടിട്ട്. അനന്തൻ രാജീവ് എന്നാണ് മുഴുവൻ പേര്. അയാളും ദേവികയും വീട്ടുകാരുമെല്ലാം ചെല്ലത്തോടെ വിളിക്കുന്നത് അനന്തുവെന്നും. ഏഴു വയസു കഴിഞ്ഞിരിക്കുന്നു അവനിപ്പോൾ.
പൊടുന്നനെയാണ് അച്ഛാ... എന്നൊരു വിളി. ദൂരെനിന്ന് അനന്തു അയാൾക്കുനേരെ ഓടിവന്നു. മിക്കദിവസവും വിഡിയോ കാൾ വഴി സംസാരിക്കാറുണ്ടെങ്കിലും അവനെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ അയാൾ ചിന്തിച്ചത്, ഇത്രമാത്രം വളർന്നോ എന്നായിരുന്നു. ചാര ബർമുഡയും മഴവില്ലുപോലെ വർണങ്ങൾ വിതറിയ അയഞ്ഞ ടി ഷർട്ടും ധരിച്ച് അനന്തു ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു. മോനെ ചാരത്തു ചേർത്തുകൊണ്ട് അയാൾ എഴുന്നേറ്റു. ട്രോളിയിൽ ലഗേജുകളും തള്ളിക്കൊണ്ട് ദേവിക പകുതിദൂരം പിന്നിട്ട് നടന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അനന്തുവിനെയും കൊണ്ട് അയാൾ ദേവികയുടെ നേരെ നടന്നു. നീല ജീൻസിലും മഞ്ഞയിൽ പച്ച ഇലകൾ വിതറിയ ടി ഷർട്ടിലും അവൾ ചോളമണികൾ പോലെ തുടുത്തിരിക്കുന്നതായി അയാൾക്കു തോന്നി. തോളറ്റം വച്ച് മുറിച്ച മുടി പുറത്തെ കാറ്റിൽ പതുക്കെ ഇളകിക്കൊണ്ടിരുന്നു.
‘ഹായ് ദേവൂ...’- ലഗേജ് ട്രോളി അവളിൽനിന്ന് വാങ്ങി അയാൾ പറഞ്ഞു.
ഹായ്... അവൾ പ്രത്യഭിവാദ്യം ചെയ്തു.
‘കുറേ നേരമായോ രാജീവ് വന്നിട്ട്...?’- അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
‘സ്വൽപം...’- അയാൾ ചിരിച്ചു. അവരുടെ ലഗേജുകൾ കാറിനുള്ളിലേക്ക് എടുത്തുവച്ചു. അതിനകം തന്നെ അനന്തു മുൻവശത്തെ സീറ്റ് പിടിച്ചിരുന്നു. അതുകണ്ട് ചിരിച്ച് അവൾ പിറകിലെ സീറ്റിൽ കയറി ഡോറടച്ചു.
‘നന്ദിനിക്ക് ഇപ്പോൾ എങ്ങനെയുണ്ട്...’- പിൻസീറ്റിൽ അമർന്നിരുന്ന് പുറത്തേക്കുനോക്കി അവൾ ചോദിച്ചു. അയാൾ ഒരു ഞെട്ടലോടെ തല പുറകിലേക്ക് ചെരിച്ചു. കാറ് സ്റ്റാർട്ട് ചെയ്ത് പറഞ്ഞു: ‘വലിയ പുരോഗതിയൊന്നും കാണുന്നില്ല. എപ്പോഴും കിടപ്പുതന്നെ...’
പിന്നെ അവളൊന്നും ചോദിച്ചില്ല. പരിചിതമായ വഴികളിലെ കാഴ്ചകൾ വെറുതെ നോക്കി അവളിരുന്നു. അനന്തുവാകട്ടെ, പിന്നിടുന്ന കാഴ്ചകൾ പുലർകാലത്തെ തെളിമയില്ലാത്ത പ്രകാശത്തിൽ കണ്ണുതുറന്ന് നോക്കിയിരുന്നു, ആനന്ദത്തോടെ.
‘ഇവന് നാടെന്നുവച്ചാൽ ജീവനാ... മിക്കദിവസവും ഓരോന്ന് വരച്ചുകൂട്ടും നാടെന്നു പറഞ്ഞ്...’ - അനന്തുവിനെ നോക്കി ആരോടെന്നില്ലാതെ അവൾ പറഞ്ഞു, പതിഞ്ഞ ശബ്ദത്തിൽ. അതുകേട്ട് നെറ്റിയിലാകെ ചിതറിക്കിടക്കുന്ന അവന്റെ മുടികളിൽ അയാൾ മന്ദമായി തലോടി. കാറ് വീടിന്റെ ഉമ്മറത്തെത്തുമ്പോൾ അന്തരീക്ഷത്തിൽ മഞ്ഞുപാളികൾ മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു. വരാന്തയിലേക്ക് കയറിക്കൊണ്ട് അവൾ ചോദിച്ചു.
‘നന്ദിനി...?’
‘ദേവു ഇപ്പോ ഇങ്ങോട്ടു വന്നതല്ലേയുള്ളൂ... ഒന്നു ഫ്രഷായി ഡ്രെസൊക്കെ മാറിയിട്ട്...’ - അയാൾ പറഞ്ഞു. അവൾ അയാളുടെ മുഖത്തേക്കുനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അവളെ കാണാൻ വേണ്ടിയല്ലേ ഇത്രയും ദൂരം യാത്രചെയ്ത് വന്നത്...’ - പിന്നെ അയാളൊന്നും പറഞ്ഞില്ല.
അകത്തേക്കയാൾ നടന്ന വഴിയിലൂടെ മോന്റെ കൈയുംപിടിച്ച് അവളും പിന്നാലെ. അടഞ്ഞുകിടന്ന വാതിൽ പതിയെ തുറന്ന് മുറിയിലേക്ക് പ്രവേശിച്ചു. പതിഞ്ഞ കാൽപ്പെരുമാറ്റം കേട്ട് കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുകയായിരുന്ന ഒരു രൂപം തല അവരിലേക്ക് തിരിച്ചു. അതിമനോഹരമായി പുഞ്ചിരിച്ചു. വലതുകൈ ഉയർത്തി ആ രൂപം ദേവികയെ തൊടാനായി ശ്രമിച്ചു. പുതപ്പിനിടയിലൂടെ പുറത്തുവന്ന മെല്ലിച്ച ആ കൈത്തണ്ടയിൽ മുറുക്കെപ്പിടിച്ചുകൊണ്ട് ദേവിക അവരോട് ചേർന്ന് ആ കട്ടിലിലിരുന്നു.
‘നിന്നെ ഒന്നു കാണണമെന്ന് തോന്നി. അതാ ഇത്ര തിടുക്കപ്പെട്ട് രാജീവനോട് നിന്നെ കാണണമെന്ന് പറഞ്ഞത്...’ - അവർ ദേവികയുടെ കൈപ്പത്തിയിൽ മുറുക്കെപ്പിടിച്ച് പറഞ്ഞു.
‘പക്ഷേ, നീ വരില്ലെന്നു കരുതി, ഒരിക്കലും...’ - അവരുടെ കൺകോണിൽ ചെറുതായി ഇറ്റിവന്ന നനവ് കവിളിലൂടെ താഴേക്ക് ഒഴുകാൻ തുടങ്ങിയത് ദേവിക സ്വന്തം കൈപ്പടംകൊണ്ട് ഒപ്പിയെടുത്തു. ഒട്ടിയ ആ കവിളിലൂടെ കൈപ്പടം തഴുകവേ ദേവിക അറിയാതെ ഓർത്തു. എത്ര സുന്ദരിയായിരുന്നു തന്റെ പ്രിയകൂട്ടുകാരിയായ ഇവൾ... സങ്കടം സഹിക്കാനാവാതെ നനഞ്ഞുതുടങ്ങിയ തന്റെ കൺതടങ്ങൾ ദേവിക പുതപ്പിന്റെ അറ്റംകൊണ്ട് തുടച്ചു. അനന്തുവിനെ ആ കിടക്കയിൽ ആ രൂപത്തോടൊപ്പം ചേർത്തിരുത്തി.
‘അനന്തു വലിയ കുട്ടിയായല്ലോ...’ - അവന്റെ മുഖത്തു തന്റെ ശോഷിച്ച വിരലുകളോടിച്ച് ആ രൂപം പറഞ്ഞു. ‘ആരാ അമ്മേ ഇത്...’
അവൾ തലയുയർത്തി അയാളെ നോക്കി, ആ രൂപത്തെയും. മോനെ ആ രൂപത്തോട് ഒന്നുകൂടി ചേർത്തുകൊണ്ട് പതുക്കെ അവൾ പറഞ്ഞു. ‘നിന്റെ അമ്മ...’
അവൻ സംശയത്തോടെ അവളെ നോക്കി. അവൾ തന്റെ കൂട്ടുകാരിയുടെ വിറയാർന്ന വിരലുകൾ അവന്റെ കൈയിൽ ചേർത്തുവച്ചു. ‘ഇതും നിന്റെ അമ്മ തന്നെയാ...’
ഉച്ചത്തിലുള്ള ഒരു ഏങ്ങലോടെ ആ മെല്ലിച്ച രൂപം പൊട്ടിക്കരഞ്ഞ് അവളുടെയും അനന്തുവിന്റെയും കൈകളിൽ തെരുതെരെ ഉമ്മവച്ചു. ഇരുളിന്റെ അവസാന പാളികളെയും തള്ളിമാറ്റി സൂര്യപ്രകാശത്തിന്റെ ആദ്യകിരണങ്ങൾ പറക്കാൻ തുടങ്ങുകയായിരുന്നു, പുറത്തപ്പോൾ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."