ശനിയാഴ്ചയും അവധി; സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചദിനവാരം വന്നേക്കും
ജാഫര്‍ കല്ലട
നിലമ്പൂര്‍: മറ്റു ചില സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കിയേക്കും. ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതികളോടെ മുഖ്യമന്ത്രിക്കു കൈമാറി. മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല മറുപടി ലഭിക്കുന്നതോടെ പരിഷ്‌കാരം നടപ്പാക്കും.
ഭരണപരിഷ്‌കാര കമ്മിഷന്റെ നാലാമത് റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. പ്രവൃത്തിസമയത്തിലുള്ള മാറ്റത്തിലൂടെ ശനിയാഴ്ചകള്‍ അവധിയാക്കുന്നതിലൂടെ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സമയം ലഭിക്കും. വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ അഞ്ചു പ്രവൃത്തിദിവസങ്ങളാക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇ.കെ നായനാര്‍ അധ്യക്ഷനായിരുന്ന മൂന്നാം ഭരണപരിഷ്‌കാര കമ്മിറ്റിയും 1999ല്‍ ഇതേ കാര്യം ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുംതമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ബീഹാര്‍, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസങ്ങളാണുള്ളത്. നിലവിലുള്ളതിനേക്കാള്‍ പ്രവൃത്തി സമയം ലാഭം, ഓഫിസുകളുടെ വൈദ്യുതി ഉപയോഗത്തിലും ഗതാഗതച്ചെലവിലും കുറവ്, ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകരം തുടങ്ങിയവയാണ് ഇതിന്റെ പ്രയോജനമെന്ന് സമിതി വിലയിരുത്തുന്നു.
ജോലി സമയം, അവധി, പഞ്ചിങ് സംവിധാനം എന്നിവയടക്കം പ്രത്യേക പാക്കേജ് ആയാകും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ശനിയാഴ്ച കൂടി അവധി നല്‍കുന്നതോടെ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയില്‍ കുറവുണ്ടാകും. ശനിയാഴ്ച അവധിയാക്കിയാല്‍ ഓഫിസുകളുടെ പ്രവൃത്തിസമയത്തിലും മാറ്റം വരും. നിലവില്‍ ഏഴു മണിക്കൂറാണ് ജോലി സമയം. ഇത് അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ വര്‍ധിച്ചേക്കും. ഒന്നര മണിക്കൂര്‍ വര്‍ധിപ്പിക്കാനായിരുന്നു ഭരണപരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയായി പ്രവൃത്തിസമയം മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."