വോള്‍വോയുടെ 530 കി.മീ റേഞ്ചുളള കാറിന്റെ ഡെലിവറി തുടങ്ങി; വിലയും ഫീച്ചേഴ്‌സും അറിയാം
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന c40 എന്ന ഇ.വി കാര്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ വാഹന പ്രേമികള്‍ വളരെ ആഹ്ലാദത്തിലായിരുന്നു. ഇപ്പോള്‍ വാഹനത്തിന്റെ ഡെലിവറികള്‍ തങ്ങളുടെ എക്‌സ്‌ഷോറൂമുകള്‍ വഴി കമ്പനി ആരംഭിച്ചിരിക്കുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. സെപ്റ്റംബര്‍ നാലിന് വാഹനത്തിന്റെ വില വോള്‍വോ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച പിന്നിടും മുമ്പാണ് കമ്പനി വാഹനത്തിന്റെ ആദ്യ ഡെലിവറി നടത്തിയിരിക്കുന്നത്.
ബ്ലാക്ക് സ്റ്റോണ്‍, ഫ്യൂഷന്‍ റെഡ്, തണ്ടര്‍ ഗ്രേ, ഫ്‌ജോര്‍ഡ് ബ്ലൂ, സില്‍വര്‍ ഡൗണ്‍ ആന്‍ഡ് ക്രിസ്റ്റല്‍ വൈറ്റ്, സേജ് ഗ്രീന്‍, ഓനിക്‌സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ പുതിയ വോള്‍വോ C40 റീചാര്‍ജ് സ്വന്തമാക്കാനാവും. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിന് 61.25 ലക്ഷം രൂപക്ക് കാര്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.വോള്‍വോ വെബ്‌സൈറ്റില്‍ ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കിയാണ് പ്രസ്തുത വാഹനം ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്.4,440 മില്ലീമീറ്റര്‍ നീളവും 1,873 മില്ലീമീറ്റര്‍ വീതിയും 1,591 മില്ലീമീറ്റര്‍ ഉയരവും 2,702 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് വോള്‍വോ C40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്.
കൂടാതെ 171 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ലക്ഷ്വറി ഇവിയില്‍ വോള്‍വോ ഒരുക്കിയിരിക്കുന്നത്. ഒന്‍പത് ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്ഥാപിക്കപ്പെട്ടിട്ടുളള വാഹനത്തില്‍ 13 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, ഹീറ്റഡ്, വെന്റിലേറ്റഡ് ഫീച്ചറുകളുള്ള ഫ്രണ്ട് സീറ്റുകള്‍, വെഗന്‍ ഇന്റീരിയറുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ADAS സ്യൂട്ട് എന്നിവയും അടങ്ങിയിരിക്കുന്നു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന് വെറും 4.7 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും.
ഇതിനെല്ലാം പുറമെ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്ക് ചാര്‍ജിങ് ലെവല്‍ എത്തിക്കാന്‍ വെറും 27 മിനിറ്റ് വരെയെ വാഹനത്തിന് വേണ്ടി വരികയുളളൂ.
Content Highlights:volvo c40 recharge delivery details and features
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."