ഐ.എന്‍.എല്ലില്‍ ഐക്യനീക്കത്തിന് തിരിച്ചടി; അംഗത്വ വിതരണവുമായി കാസിം വിഭാഗം
കോഴിക്കോട്: ഐ.എന്‍.എല്ലില്‍ അനുരഞ്ജന നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ അതിനു തിരിച്ചടിയായി കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ നീക്കം. ഏകപക്ഷീയമായി അംഗത്വ വിതരണ നടപടികള്‍ ആരംഭിച്ചതാണ് ഐക്യചര്‍ച്ചകള്‍ക്ക് തിരിച്ചടിയായത്.
അംഗത്വ വിതരണ കാംപയിന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 14 ജില്ലകളിലും റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചതാണ് വഹാബ് പക്ഷത്തെ ചൊടിപ്പിച്ചത്. കാസിം പക്ഷത്തുള്ളവരെ മാത്രമാണ് റിട്ടേണിങ് ഓഫിസര്‍മാരാക്കിയത്. അനുരഞ്ജന ശ്രമങ്ങളെ വെല്ലുവിളിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് വ്യക്തമാക്കി.
അതേസമയം ഇത് സംഘടനാപരമായ നടപടിയാണെന്നും അനുരഞ്ജന ശ്രമവുമായി ബന്ധമില്ലെന്നുമാണ് കാസിം വാദിക്കുന്നത്.
ഭിന്നത പരിഹരിക്കാന്‍ സി.പി.എം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച സമവായ ചര്‍ച്ചകള്‍ ഇതോടെ വഴിമുട്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചിട്ടും ഭിന്നാഭിപ്രായങ്ങളുമായി ഇരുപക്ഷവും തുടരുന്നതില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. അനുരഞ്ജനത്തിന് തയാറാണെന്നും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗവും പറഞ്ഞിരുന്നു.
സി.പി.എം നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വഹാബുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സമവായ നീക്കങ്ങള്‍ക്കു ജീവന്‍വച്ചത്.
യോജിച്ചുപോകാന്‍ തയാറാണെന്ന് കാസിമും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കാസിം വിഭാഗം അംഗത്വ വിതരണ കാംപയിന്‍ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."