പ്രമേഹം ഒരു രോഗമല്ല
നമ്മുടെ രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം ഏറി വരികയാണ്. ജീവിതശൈലീ രോഗങ്ങള്‍ എന്നറിയപ്പെടുന്ന ഒരുപിടി രോഗങ്ങളില്‍ പ്രഥമ സ്ഥാനമാണ് പ്രമേഹത്തിനുള്ളത്.
പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെപോലും പ്രതികൂലമായി ബാധിക്കുന്ന കഥയാണ് യു.കെ പോലുള്ള രാജ്യങ്ങളില്‍ പ്രമേഹം വരുത്തിവച്ചിരിക്കുന്നതെന്നറിയുക. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ പ്രമേഹ രോഗികളുടെ ചികിത്സയ്ക്കായി മാത്രം കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നത്. അനുദിനം വര്‍ധിക്കുന്ന രോഗികള്‍ ഒരിക്കലും ആരോഗ്യകരമായ ചുറ്റുപാടും സമൂഹവും പ്രദാനം ചെയ്യുന്നില്ല.
എന്താണ് പ്രമേഹം
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം അത്യാവശ്യമാണ്. ഈ ഊര്‍ജം നാം കഴിക്കുന്ന ആഹാരത്തിലുള്ള ഗ്ലൂക്കോസില്‍ നിന്നാണ് പ്രധാനമായും നമുക്ക് ലഭിക്കുന്നത്. വിവിധ ആഹാര സാധനങ്ങളില്‍ നിന്നും ഗ്ലൂക്കോസ് രക്തക്കുഴലുകള്‍ വഴി ശരീര ഭാഗങ്ങളില്‍ എത്തുന്നു. നമ്മുടെ ശരീരം അനേകായിരം കോശങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു. കോശങ്ങള്‍ക്കുള്ളിലേക്ക് ഗ്ലൂക്കോസ് കടത്തിവിടണമെങ്കില്‍ പാന്‍ക്രിയാസ് എന്ന ആഗ്നേയഗ്രന്ഥി സ്രവിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്.
ഇന്‍സുലിന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നു. ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു. അമിതമായി ഉയരുന്ന ഗ്ലൂക്കോസ് ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഇതോടെ അമിത മൂത്രവിസര്‍ജനവും അമിതദാഹവും തല്‍ഫലമായി ഉണ്ടാകുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളായാണ് ഇതിനെ വിലയിരുത്തുന്നത്.
പ്രമേഹരോഗികള്‍ അമിതമായി ഭക്ഷണം കഴിച്ചാലും കോശങ്ങള്‍ക്ക് വേണ്ടത്ര ഗ്ലൂക്കോസ് ലഭിക്കുന്നില്ല. ഊര്‍ജം ലഭിക്കുമ്പോള്‍ കോശങ്ങള്‍ ശരീരത്തിലെ മാംസ്യവും കൊഴുപ്പും ഉപയോഗിക്കുകയും അത് ശരീര ഭാരം കുറയുന്നതിനും ക്ഷീണമുണ്ടാകുവാനും കാരണമായിത്തീരുന്നു.
പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
1. ആഹാര രീതിയിലെ മാറ്റങ്ങള്‍. ഉദാഹരണം: നാര് കുറവുള്ളതും ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങളും പാനീയങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ത്ഥങ്ങളും.
2. വ്യായാമക്കുറവ്.
3. അമിതവണ്ണം.
പ്രമേഹം പ്രധാനമായും രണ്ടുതരത്തിലാണ് കണ്ടുവരുന്നത്.
1. ടൈപ്പ് ഒന്ന്
2. ടൈപ്പ് രണ്ട്
ടൈപ്പ് ഒന്ന് പ്രമേഹം
ഇന്‍സുലിന്‍ ആശ്രിത പ്രമേഹം എന്നാണ് മുന്‍ കാലങ്ങളില്‍ ടൈപ്പ് ഒന്ന് പ്രമേഹം അറിയപ്പെട്ടിരുന്നത്. ഈ പ്രമേഹം നന്നേ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കുന്നതാണ്. ഇത്തരം രോഗികളില്‍ ഇന്‍സുലിന്‍ കുറഞ്ഞ അളവില്‍ ഉണ്ടാവുകയോ ഒട്ടും ഉണ്ടാവാതിരിക്കുകയോ ചെയ്യുന്നു.
ഇത്തരത്തില്‍ പ്രമേഹം മൊത്തം പ്രമേഹ രോഗികളില്‍ പത്തിലൊരാളില്‍ കണ്ടുവരുന്നു. അമിതദാഹം, അമിത മൂത്ര വിസര്‍ജനം, അമിതമായ വിശപ്പ്, പെട്ടെന്നുള്ള തൂക്കക്കുറവ്, കടുത്ത ക്ഷീണം എന്നിവയാണ് ടൈപ്പ് ഒന്ന് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ടൈപ്പ് രണ്ട് പ്രമേഹം
ഏറ്റവും സാധാരണമായി കാണപ്പെടുന്ന പ്രമേഹമാണിത്. ഇന്‍സുലിന്റെ അളവ് കുറയുകയോ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന് വേണ്ടത്ര ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്നു. ഇത് ചെറുപ്പത്തില്‍ത്തന്നെ ഉണ്ടാകാമെങ്കിലും സാധാരണയായി 40 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് കണ്ടുവരുന്നത്.
ഇടയ്ക്കിടയ്ക്ക് അണുബാധ, കാഴ്ചമങ്ങല്‍, കൈകാല്‍ മരവിപ്പ്, ലൈംഗിക തകരാറുകള്‍ മുതലായവയാണ് ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമിതഭാരം, വ്യായാമമില്ലായ്മ തുടങ്ങിയവ ടൈപ്പ് രണ്ട് പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
പ്രമേഹം സങ്കീര്‍ണത
പ്രമേഹം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഗൗരവമേറിയതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ബോധക്ഷയമോ അബോധാവസ്ഥയോ ഉണ്ടാകാം. പ്രമേഹം ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന രോഗമായതിനാല്‍ കാലക്രമേണ കണ്ണുകള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം, വൃക്കകളുടെ പ്രവര്‍ത്തനം, നാഡീവ്യൂഹം എന്നിവയെ പ്രതികൂലമായി ബാധിക്കും. പക്ഷാഘാതം, ഉദ്ധാരണ ശേഷിക്കുറവ് എന്നിവയും അനുബന്ധ സങ്കീര്‍ണതകളില്‍ പെടുന്നു. കൃത്യമായ ചികിത്സ കൊണ്ട് നന്നായി നിയന്ത്രിക്കാവുന്ന രോഗമാണ് പ്രമേഹം.
ശരിയായ ചികിത്സയിലൂടെ ആരോഗ്യപൂര്‍ണമായ സാധാരണ ജീവിതം നമുക്ക് കൈവരിക്കാന്‍ കഴിയും. ഇതിനായി ഭക്ഷണ ക്രമീകരണം, രോഗ ബോധവത്കരണം, കൃത്യമായ വ്യായാമ മുറകള്‍, പ്രമേഹ രോഗ വിദഗ്ധന്റെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ എന്നിവ അത്യന്താപേക്ഷിതമാണ്. കൂടാതെ പ്രമേഹരോഗികള്‍ താഴെപ്പറയുന്ന പരിശോധനകള്‍ സമയബന്ധിതമായി ചെയ്യേണ്ടതുമാണ്.
1. എഫ്.ബി.എസ് അഥവാ പി. പി.ബി.എസ്
മാസത്തിലൊരിക്കലെങ്കിലും ചെയ്ത് പരിശോധനാഫലം ഒരു നോട്ടുബുക്കില്‍ കുറിച്ചുവയ്‌ക്കേണ്ടതാണ്.
2. എച്ച്ബിഎവണ്‍സി ടെസ്റ്റ്
കഴിഞ്ഞ മൂന്നുമാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാശരി അളവ് നിര്‍ണയിക്കുന്ന ഈ ടെസ്റ്റ് പ്രമേഹ ചികിത്സയിലെ അടിസ്ഥാന പരിശോധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
3. ഇസിജി
പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വന്നാല്‍ നെഞ്ചുവേദന ഉണ്ടാവണമെന്നില്ല. അതുകൊണ്ട് മാസത്തിലൊരിക്കല്‍ ഇസിജി എടുത്ത് നോക്കേണ്ടതാണ്.
4. ലിപിഡ് പ്രോഫൈല്‍
5. യൂറിയ, ക്രിയാറ്റിന്‍
6. മൈക്രോ ആല്‍ബുമിന്‍
7. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് (എല്‍എഫ്ടി)
8. ബയോ തീസിയോമെട്രി
9. ഡോപ്‌ളര്‍
10. ടിഎസ്എച്ച്
നാലുമുതല്‍ 10 വരെയുള്ള ടെസ്റ്റുകള്‍ ഒരു ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യേണ്ടതാണ്.
11. നേത്രപരിശോധന
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ടതാണ്.
ഹൈപ്പോ ഗ്ലൈസീമിയ
രക്തത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയില്‍ കുറയുന്ന സ്ഥിതിവിശേഷമാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്.
മരുന്നുകള്‍ ഉപയോഗിക്കുകയും കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കാതിരിക്കുക, അമിതമായി വ്യായാമം ചെയ്യുക തുടങ്ങിയവയാണ് ഹൈപ്പോ ഗ്ലൈസീമിയയിലേക്ക് നയിക്കുന്ന കാരണങ്ങള്‍.
അമിതമായ വിയര്‍പ്പ്, തലചുറ്റല്‍, വിശപ്പ്, നെഞ്ചിടിപ്പ്, ജെന്നി തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തിലുള്ള അവസ്ഥയില്‍ രോഗിക്ക് പഞ്ചസാരയിട്ട പാനീയങ്ങള്‍ നല്‍കാവുന്നതാണ്. എന്നാല്‍ രോഗി അബോധാവസ്ഥയിലാണെങ്കില്‍ പാനീയങ്ങള്‍ക്ക് പകരം പഞ്ചസാരയോ ഗ്ലൂക്കോസോ നാവിനടിയില്‍ ഇട്ടുകൊടുക്കാവുന്നതാണ്.
പ്രമേഹരോഗികളിലെ ആഹാരക്രമീകരണം
പ്രമേഹരോഗികളിലെ ആഹാര ക്രമീകരണം അത്യന്താപേക്ഷിതമായുള്ള ഒന്നാണ്. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്ലൂക്കോസ് ആവശ്യമാണെങ്കിലും ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ ക്രമാതീതമായി കൂടാതെയും കുറയാതെയും ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മള്‍ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനുപകരം അളവു കുറച്ച് കൃത്യമായ ഇടവേളകളില്‍ അഞ്ചോ ആറോ പ്രാവശ്യമായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുന്നതാണ്.
ഉദാഹരണത്തിന് പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്ന പതിവ് മാറ്റി രാവിലെ ആറുമുതല്‍ പല ആവര്‍ത്തികളിലായി ചെറിയ അളവുകളില്‍ ഭക്ഷണം കഴിക്കാവുന്നതാണ്.
രാവിലെ ആറുമണി, ഒന്‍പത് മണി, 12 മണി, മൂന്നു മണി, ആറുമണി, രാത്രി ഒന്‍പത് മണി തുടങ്ങി അവരവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആഹാരം കഴിക്കുന്ന സമയം ക്രമപ്പെടുത്താവുന്നതാണ്. അതേസമയം ഇങ്ങനെ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടിപ്പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഗൗരവപൂര്‍വമെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ ്പ്രമേഹരോഗത്തെ ഒരു പരിധിവരെ നമുക്ക് നിയന്ത്രണവിധേയമാക്കി നിര്‍ത്താം. അതുവഴി ഒരു സാധാരണ ജീവിതം നയിക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."