പ്രിയ വര്‍ഗീസിന് തിരിച്ചടി; അസോ.പ്രൊഫസര്‍ പദവിക്ക് യോഗ്യതയില്ല, ഹൈക്കോടതി
കൊച്ചി:കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യു.ജി.സി ചൂണ്ടിക്കാട്ടിയ യോഗ്യതകള്‍ പ്രിയ വര്‍ഗീസിനില്ലെന്ന് ഹൈക്കോടതി. യു.ജി.സി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിയില്‍ വ്യക്തമാക്കി. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തിനിടെയുണ്ടായതായി പ്രചരിച്ച പരാമര്‍ശങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.കുഴിവെട്ട് എന്ന കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് വാദത്തിനിടെ പല കാര്യങ്ങളും പറയും. അതു കോടതിയില്‍ തന്നെ അവസാനിക്കേണ്ടതാണ്. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാവശ്യപ്പെട്ട,് ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണമാണ് കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്ന് യു.ജി.സിയും കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."