മഴയോടൊപ്പം ശക്തമായ കാറ്റും; കേരളത്തില്‍ തുലാവര്‍ഷം കനക്കും; ഇടിമിന്നലിനും സാധ്യത
മഴയോടൊപ്പം ശക്തമായ കാറ്റും; കേരളത്തില്‍ തുലാവര്‍ഷം കനക്കും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഇതുവരെ ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉച്ചയോടെ ഇടിമിന്നലോട് കൂടി മഴ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ 10 ജില്ലകളിലും, ശനിയാഴ്ച്ച 12 ജില്ലകളിലും മഞ്ഞ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതല്‍ 2.0 മീറ്റര്‍ വരെയും, തമിഴ്‌നാട് തീരത്ത് 1.2 മുതല്‍ 2.1 മീറ്റര്‍ വരെയും ഉയരത്തില്‍ തിരമാലയടിക്കാനും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും, ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കനുമാണ് നിര്‍ദേശം.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും, തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കന്‍/ വടക്ക് കിഴക്കന്‍ കാറ്റിന്റെയും സ്വാധീനഫലമായി അടുത്ത ഏഴ് ദിവസം കൂടി കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."