കലാമണ്ഡലത്തില്‍ ദേശീയ സെമിനാര്‍ സെപ്റ്റംബറില്‍
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ ചുട്ടി കോപ്പുപണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 3, 4 തിയ്യതികളിലായാണ് സെമിനാര്‍ നടക്കുക.
കഥകളി പോലുള്ള രംഗകലകളുടെ മഹനീയതക്ക് അടിസ്ഥാനം ചുട്ടി മെയ്യാഭരണങ്ങളാണ്. കേരള കലാമണ്ഡലത്തിലാണ് ഇത് ആദ്യമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് കലാമണ്ഡലത്തില്‍ ഈ വിഭാഗത്തില്‍ എട്ടാം ക്ലാസ് മുതല്‍ എം.എ, എം.ഫില്‍, പി.എച്ച്.ഡി വരെ പഠന സാധ്യതകളുണ്ട്.
ഇതിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. മൂന്നിന് രാവിലെ കൂത്തമ്പലത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വിവിധ സെമിനാറുകളും നടക്കും. ആര്‍ട്ടിസ്റ്റ് മദനന്‍, പട്ടണം റഷീദ്, വി.കലാധരന്‍, കെ.വി രാജാനന്ദ്, ഡോ. സദനം ഹരികുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ആദ്യ ദിനത്തില്‍ കൃഷ്ണനാട്ടം, യക്ഷഗാനം എന്നിവയും, രണ്ടാം ദിനത്തില്‍ കൂടിയാട്ടം, കഥകളി എന്നിവയും അരങ്ങിലെത്തുമെന്ന് രജിസ്ട്രാര്‍ ഡോ. കെ.കെ സുന്ദരേശന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം നീലകണ്ഠന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."