ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി
ആഇശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി
സ്വന്തം ലേഖകന്‍
കോഴിക്കോട്: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശി പി.എച്ച് ആഇശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് (കണ്ണൂര്‍) ആണ് ജനറല്‍ സെക്രട്ടറി. നയന സുരേഷ് (മലപ്പുറം) ട്രഷറര്‍ ആണ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആഇശ ബാനു. നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അഫ്ഷില (കോഴിക്കോട്), എസ്. ഫായിസ (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവര്‍ സെക്രട്ടറിമാരുമാണ്.
മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരം പാര്‍ട്ടിയുടെ വിവിധ ജില്ലാ കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഫീദ തസ്നി പ്രസിഡന്റും നജ്മ തബ്ഷിറ ജനറല്‍ സെക്രട്ടറിയുമായുള്ള പിരിച്ചുവിട്ട പത്തംഗ കമ്മിറ്റിക്ക് പകരം ഒമ്പതംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഹരിത ഭാരവാഹികള്‍ വനിതാ കമ്മിഷന് നല്കിയ പരാതി പിന്‍വലിക്കണമെന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയാറായില്ല. തുടര്‍ന്ന് കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കോഴിക്കോട് ചെമ്മങ്ങാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം പി.കെ നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."