ഭീംബേഡ്കയിലെ കാഴ്ചകള്‍
ഷാഫി കോട്ടയില്‍
എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ആദ്യകാല മനുഷ്യജീവിതത്തെപ്പറ്റി പറയുന്നുണ്ട്. ഇന്ത്യയില്‍ പ്രാചീന ശിലായുഗ മനുഷ്യര്‍ ആദ്യം താമസിച്ചത് ഭീംബേഡ്കയിലാണെന്ന് ചരിത്രരേഖകളില്‍ പറയുന്നുണ്ട്. മധ്യപ്രദേശിലെ ഭോപാലില്‍ നിന്ന് 42 കി.മീ. അകലെയാണ് ഭീംബേഡ്ക. തദ്ദേശീയര്‍ ഭീംബൈടിക എന്നും പറയും. ഇന്ത്യയിലെ മാനവചരിത്രത്തിന്റെ കഥകൂടി ഭീംബേഡ്കയിലെ വനാന്തരങ്ങള്‍ നമുക്കു പറഞ്ഞു തരുന്നുണ്ട്.
ഒരു ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഗുഹകളും ചിതറിക്കിടക്കുന്ന പാറക്കല്ലുകളും ഒക്കെയുള്ള ഒരു വനപ്രദേശമാണ് ഭീംബേഡ്ക. പ്രാചീനശിലായുഗം മുതല്‍ വിവിധ കാലഘട്ടങ്ങളിലെ മനുഷ്യര്‍ ഭീംബേഡ്കയില്‍ താമസിച്ചിട്ടുണ്ട്. അവര്‍ താമസിച്ച ഗുഹകളും കല്ലുവീടുകളും അവര്‍തന്നെ വരച്ചുവച്ച നൂറുകണക്കിനു ചിത്രങ്ങളുമാണ് അതിനുള്ള തെളിവുകള്‍.
ഭീം ബേഡ്കയിലെ ഗുഹാവസതികളിലും പാറവസതികളിലും ഇപ്പോള്‍ എഴുന്നൂറോളം ചിത്രങ്ങളുണ്ട്. പക്ഷിമൃഗാദികളും അവയെ വേട്ടയാടുന്നതുമാണ് മിക്ക ചിത്രങ്ങള്‍ക്കും വിഷയം. അത്തരം ചിത്രങ്ങള്‍ രേഖപ്പെടുത്തിയ പാറകളാണ് സൂറോക്ക് . അക്കൂട്ടത്തില്‍ തീര്‍ത്തും വേറിട്ടു നില്‍ക്കുന്ന ഒരു ചിത്രം കുറച്ചപ്പുറത്ത് ഒരു കൂറ്റന്‍ പാറയില്‍ കാണാം. ബോര്‍ റോക്ക് എന്നു പേര്. പേരുസൂചിപ്പിക്കുന്നതു പോലെ ഭീമാകാരനായ ഒരു പന്നിയുടെയും ആ പന്നിയെ കണ്ടു ഭയപ്പെട്ടോടുന്ന ഒരു കൊച്ചു മനുഷ്യന്റെയും ചിത്രമാണത്. അക്കാലത്ത് അത്തരം കൂറ്റന്‍ പന്നികള്‍ ആ വനാന്തരത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രാചീനമനുഷ്യര്‍ അവയെ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും വേണം കരുതാന്‍.
നായാട്ടു വീരന്മാരുടെ വീരകൃത്യങ്ങള്‍, അവരുടെ നൃത്തകലാരൂപങ്ങള്‍, അവര്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍ തുടങ്ങിയവയും അവര്‍ വരച്ചുവച്ച ചിത്രങ്ങളില്‍നിന്നു മനസിലാക്കാന്‍ സാധിക്കും.
ചെങ്കല്‍പൊടികളും പ്രത്യേകതരം സസ്യനീരുകളും ചേര്‍ത്താണ് ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത്. സസ്യനീരുകള്‍ പാറഭിത്തികളില്‍ ആഴത്തില്‍ താഴ്ന്നിറങ്ങിയതിനാല്‍ ചിത്രങ്ങള്‍ക്കെല്ലാം നല്ല ഈടും മിഴിവുമുണ്ട്. വെയിലും മഴയും നേരിട്ടു പതിക്കാത്തിടത്താണ് ചിത്രങ്ങളെന്നതും ശ്രദ്ധേയം. സഹസ്രാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും ഈ ചിത്രങ്ങള്‍ ഒളി മങ്ങാതിരിക്കാനും കാരണം ഇതുതന്നെ.
ഭീംബേഡ്കയില്‍ ചില പാറക്കല്ലുകള്‍ക്ക് ആമയുടെയും മനുഷ്യമുഖത്തിന്റെയും രൂപങ്ങള്‍ കൈവന്നിട്ടുണ്ട്. മഴവെള്ളവും ഒഴുക്കുവെള്ളവും കാറ്റും ചേര്‍ന്നു നടത്തിയ കരവിരുതാണത്രേ അത്. പ്രാചീന മനുഷ്യരുടെ കരവിരുതാകാനും സാധ്യതയുണ്ട്. കളിമണ്ണു കൊണ്ടും കല്ലുകൊണ്ടും മനുഷ്യരൂപങ്ങളും പ്രതിമകളും നിര്‍മിക്കുന്നതില്‍ അവരും വിദഗ്ധരായിരുന്നുവല്ലോ!
ക്രിസ്തുവിനു മുമ്പ് പതിനായിരം വര്‍ഷം തൊട്ടിങ്ങോട്ട് വിവിധ കാലഘട്ടങ്ങളില്‍ നമ്മുടെ പൂര്‍വീകര്‍ ഈ വനമേഖലയില്‍ താമസിച്ചിരുന്നു എന്നുവേണം കരുതാന്‍. ഇവിടെയുള്ള ഗുഹാവസതികളും അവര്‍ വരച്ച ചിത്രങ്ങളും സാക്ഷ്യപത്രങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."