മലപ്പുറത്തെ മധ്യവർഗക്കാർ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ഇന്ത്യയിൽ ഏറ്റവുമധികം ക്രയവിക്രയശേഷിയുള്ള ജനവിഭാഗം മധ്യവർഗക്കാരാണ്. ഭക്ഷ്യവസ്തുക്കൾ, കാർ, മോട്ടോർ സൈക്കിൾ, തുണിത്തരങ്ങൾ എന്നിങ്ങനെ കമ്പോളത്തിൽ പണം ചെലവാക്കാൻ ശേഷിയുള്ളവർ. അത്യാവശ്യം ആഡംബരത്തിലേക്കു തിരിയാൻ കഴിയുന്നവർ. ഇവരാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്.
ഇനി ഇന്ത്യയിൽ അതിവേഗം വളരുന്ന മധ്യവർഗക്കാർ എവിടത്തുകാരാണെന്നല്ലേ? അതെ, മലപ്പുറത്തുകാർ തന്നെ. 2015-16 മുതൽ 2020-21 വരെയുള്ള അഞ്ചുവർഷക്കാലത്ത് മധ്യവർഗം അതിവേഗം വളർന്ന ദേശം കേരളത്തിലെ മലപ്പുറമാണെന്ന് പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കോണമി എന്ന സാമൂഹ്യ ഗവേഷണ കേന്ദ്രം നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നു. സമൂഹത്തിലെ ഇടത്തരക്കാരുടെയും അതിസമ്പന്നരുടെയും വളർച്ച, അവർ ചെലവഴിക്കുന്ന പണം, ആ പണം രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക് എങ്ങനെ ഉപകരിക്കുന്നു തുടങ്ങിയ കാര്യങ്ങളിലൂന്നിയുള്ളതായിരുന്നു ഈ സർവേ. ചെറിയ പട്ടണങ്ങളിലാണ് ഇടത്തരം കുടുംബങ്ങൾ അതിവേഗം വളർച്ച നേടുന്നതെന്നാണ് ഈ പഠനത്തിലെ പ്രധാനഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ തയാറാക്കിയ പട്ടികയിലെ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ 11 പട്ടണങ്ങളുണ്ട്. ഇതിൽ മലപ്പുറമാണ് മുന്നിൽ(വളർച്ചാ നിരക്ക് 8.4 ശതമാനം). ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ള പട്ടണങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്നു വേറെ മൂന്നു നഗരങ്ങൾ കൂടിയുണ്ട്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവ. പട്ടിക താഴെ, ബ്രാക്കറ്റിൽ വളർച്ചാനിരക്ക്.
1. മലപ്പുറം (8.4 ശതമാനം)
2. കോഴിക്കോട് (7.1)
3. തൃശൂർ (6.6)
4. സൂറത്ത് (6.3)
5. റായ്പൂർ (6.2)
6. തിരുവനന്തപുരം (6)
7. ബംഗളൂരു (5.3)
8. ഇൻഡോർ (5.2)
9. പട്‌ന (5)
10. ഭോപ്പാൽ (4.6)
11. ജംഷഡ്പൂർ (4.6)
രാജ്യ വളർച്ചയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്നത് മധ്യവർഗസമൂഹമാണെന്ന ചിന്തയാണ് ഈ സർവേയ്ക്ക് അടിസ്ഥാനം. ഇന്ത്യ എന്ന വലിയ രാജ്യത്തെ 63 നഗരങ്ങളിലും പട്ടണങ്ങളിലുമാണ് മധ്യവർഗക്കാരുടെ 25 ശതമാനവും വസിക്കുന്നതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ദിവസേന ചെലവഴിക്കപ്പെടുന്ന പണത്തിന്റെ 29 ശതമാനവും ഉണ്ടാക്കുന്നതും ഇക്കൂട്ടരാണ്. കടയിൽ നിന്നു പല വ്യഞ്ജനം വാങ്ങാനായാലും വലിയ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കാനായാലും ആഡംബര കാർ വാങ്ങാനായാലും ഉല്ലാസയാത്ര നടത്താനായാലും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് ഇക്കൂട്ടർ തന്നെ. ഒരു ജനതയുടെ ക്രവിക്രയശേഷി നിർണയിക്കുന്നത് ഈ മധ്യവർഗമാണെന്നു ചുരുക്കം.
രാജ്യത്തു മുഴുവൻ നടത്തിയ സർവേയിൽ അതിവേഗം വളരുന്ന മധ്യവർഗമുള്ള മലപ്പുറത്തിനു തൊട്ടു പിന്നാലെ കോഴിക്കോടും തൃശൂരുമുണ്ട്. ആറാം സ്ഥാനത്ത് തിരുവനന്തപുരമാണ്. അതായത് മധ്യവർഗ വളർച്ചയിൽ കേരളത്തിലെ നാലു പട്ടണങ്ങൾ ഇന്ത്യയിലെ ആദ്യത്തെ പത്തു സ്ഥാനങ്ങളിൽ മുന്നിലെന്നർഥം. മലപ്പുറത്തെ മധ്യവർഗക്കാർക്ക് എന്താണു പ്രത്യേകത? ജീവിക്കാൻ സാധാരണക്കാരേക്കാൾ അധികം പണം ചെലവാക്കുന്ന മധ്യവർഗക്കാരുടെ വളർച്ച മലപ്പുറത്ത് കൂടിയിരിക്കുന്നതെങ്ങനെ? മുസ്‌ലിം സമുദായത്തിനു ഭൂരിപക്ഷമുള്ള മലപ്പുറത്തിന്റെ പ്രത്യേകതകളെന്തൊക്കെയാവും?
കേരളത്തിലിരുന്ന് ഈ സർവേ ഫലങ്ങളെ വിലയിരുത്തുമ്പോൾ മനസിലാക്കാൻ കഴിയുന്ന കുറേ കാര്യങ്ങളുണ്ട്. കേരളത്തിലെങ്ങും മധ്യവർഗ സമൂഹം അതിവേഗം വളർന്നുവരികയാണ്. പൊതുസമൂഹത്തിലെ പുതിയ സമ്പന്ന വർഗമാണിതെന്നു പറയാം. കേരളത്തിലങ്ങോളമിങ്ങോളം ഈ വളർച്ച കാണാനാവും. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാൽ കേരളത്തിൽ പൊതുവെ കാണാനാവുന്നത് സമ്പന്നതയുടെ പച്ചപ്പാണ്. മലപ്പുറത്തും തൃശൂരും പൊന്നാനിയിലും കോഴിക്കോടും തിരുവല്ലയിലും കോഴഞ്ചേരിയിലുമൊക്കെ ഈ പച്ചപ്പുകാണാം. ഇതൊക്കെ ഗൾഫ് പണത്തിന്റെ കൊഴുപ്പുകൊണ്ടാണെന്നു പറയാമെങ്കിലും സാമൂഹികമായി പല മാറ്റങ്ങൾ കേരളത്തിൽ പരക്കെ ഉണ്ടായിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കാനാവില്ല.
മധ്യവർഗത്തിന്റെ വളർച്ചയിൽ ഗൾഫ് പണത്തിനു വലിയ പങ്കുണ്ടെന്നതു ശരിതന്നെ. അറുപതുകളുടെ മധ്യത്തോടെയാണ് മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്കു ജോലി തേടി പോയിത്തുടങ്ങിയത്. എണ്ണയുൽപ്പാദനം ഗൾഫ് രാജ്യങ്ങളെ സമ്പന്നരാക്കാൻ തുടങ്ങിയ കാലം. ഏതു ജോലിയും ചെയ്യാൻ തയാറായി മലയാളികൾ ഭാഗ്യം തേടി ഗൾഫിലേക്കു പോയി. കൈവന്ന സൗഭാഗ്യം അവർ വളരെ വിദഗ്ധമായി ഉപയോഗിച്ചു. ചിലരുടെ മുമ്പിൽ വൻ സാധ്യത മലർക്കെ തുറന്നു. പിന്നെ നഴ്‌സുമാരുടെ വഴിക്കായി ഭാഗ്യം. ഗൾഫ് നാടുകളിലേക്കു മാത്രമല്ല, ജർമനി ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കാനഡയിലുമെല്ലാം മലയാളി നഴ്‌സുമാർക്ക് ജോലി സാധ്യതയും തെളിഞ്ഞുവന്നു. വലിയശമ്പളവും.
2003ൽ എ.കെ ആന്റണി സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റിനിടയ്ക്ക് ചെറിയ സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്ന ഗൾഫ് ബിസിനസുകാരൻ പി.വി അബ്ദുൽ വഹാബ് പറഞ്ഞത് ഗൾഫിൽ പോകുന്ന മലയാളികൾ എ,ബി,സി,ഡി വിഭാഗത്തിൽ പെട്ടവരാണെന്നത്രെ. എന്നു പറഞ്ഞാൽ ആയ, ബോയി, കുക്ക്, ഡ്രൈവർ എന്നീ വിഭാഗങ്ങൾ. തിരുവല്ല, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ചെറുപ്പക്കാർ പോയിരുന്നത് അമേരിക്കയിലേക്കാണ്. ഇതാവട്ടെ ഡോക്ടർ, എൻജിനീയർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ പെട്ടവരും. ഇപ്പോൾ മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ അബ്ദുൽ വഹാബും ഇക്കാര്യം പറഞ്ഞത് ഏകദേശം രണ്ടു പതിറ്റാണ്ടു മുമ്പാണ്. ഈ കാലത്തിനുള്ളിൽ കേരളം പല മേഖലകളിലും വളർച്ച നേടി. വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ, ജീവിത നിലവാര സൂചിക എത്രയോ കാലമായി ഏറെ വികസിച്ചു. അമേരിക്ക പോലെയുള്ള രാജ്യങ്ങളോടൊപ്പം നിൽക്കുന്നു.
അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ വളർച്ച തന്നെയാണ് കേരളം നേടിയ എല്ലാ വിജയങ്ങൾക്കും കാരണം. െഎക്യകേരളം രൂപപ്പെട്ട് ആദ്യം സ്ഥാനമേറ്റ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ, ഭൂപരിഷ്‌ക്കരണ നിയമങ്ങൾ അടിസ്ഥാനമിട്ട കേരള നാടിന്റെ വളർച്ച മാറിവന്ന ഗവൺമെന്റുകൾ വിവിധങ്ങളായ നടപടികളിലൂടെ ത്വരിതപ്പെടുത്തുകയാണുണ്ടായത്.
ആദ്യ കാലത്തൊക്കെ വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നിലായിരുന്നു മലപ്പുറം. അതേസമയം കോട്ടയം ഉൾപ്പെടുന്ന മധ്യതിരുവിതാംകൂറിലും തിരുവനന്തപുരത്തുമെല്ലാം വിദ്യാഭ്യാസരംഗത്ത് വിദേശ മിഷനറിമാർ ധാരാളം പ്രവർത്തനം നടത്തി. ഈ പ്രദേശങ്ങളൊക്കെ വിദ്യാഭ്യാസപരമായി മുന്നേറിയപ്പോൾ മലപ്പുറം ഉൾപ്പെടെയുള്ള മലബാർ പ്രദേശം വളരെയേറെ താഴെയാവുകയും ചെയ്തു. ഇതിനു മാറ്റമുണ്ടായത് 1967ൽ ഇ.എം.എസ് നമ്പൂതിരിപ്പാടും എം.എൻ ഗോവന്ദൻ നായരും നേതൃത്വം കൊടുത്തുണ്ടാക്കിയ സപ്തകക്ഷി മന്ത്രിസഭയിലെ മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ മലബാറില വിദ്യാഭ്യാസരംഗത്തു വരുത്തിയ വലിയ മാറ്റങ്ങളാണ്. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് ആയിരത്തിലേറെ സർക്കാർ സ്‌കൂളുകൾ സ്ഥാപിച്ചുവെന്നും അതിലേറെയും മലപ്പുറത്തും മലബാർ പ്രദേശങ്ങളിലുമായിരുന്നുവെന്നും മുൻ പൊലിസ് ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ ബീരാന്റെ 'സി.എച്ച് മുഹമ്മദ് കോയ: അറിയാത്ത കഥകൾ' എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് അദ്ദേഹം ഇക്കാലം ചൂണ്ടിക്കാട്ടുന്നത്. അലക്‌സാണ്ടർ ജേക്കബ് പറയുന്നതിങ്ങനെ: 'കോയാ സാഹിബ് മലബാറിൽ ഒട്ടാകെ നടന്ന് പ്രസംഗിച്ചു, ഇംഗ്ലീഷ് ലോകഭാഷയാണ്. അത് പഠിച്ചാൽ മാത്രമേ മുസ്‌ലിംകൾക്ക് ലോകം മുഴുവൻ പോയി ജോലിചെയ്യാൻ പറ്റൂ. ഇങ്ങനെ മനസു മാറിയ മുസ്‌ലിംകൾ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചേർന്നു പഠിച്ചു. ഇന്ന് 20 ലക്ഷത്തിലേറെ മുസ്‌ലിംകൾ ഗൾഫ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നു. ഒരാണ്ടിൽ 50,000 കോടി രൂപ കേരളത്തിലേക്കു കൊണ്ടുവരുന്നു'. മലപ്പുറത്തിന്റെ വികസനം എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമാണ് അലക്‌സാണ്ടർ ജേക്കബ് തരുന്നത്. മലപ്പുറം ജില്ലയിൽ തന്നെ കാലിക്കറ്റ് സർവകലാശാലയും സ്ഥാപിച്ചു സി.എച്ച്. വിദ്യാഭ്യാസംകൊണ്ടു മാത്രമേ ജനങ്ങൾക്ക് വളർച്ചയുണ്ടാവൂ എന്ന വലിയ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്.
ഗൾഫിൽ പോയി സമ്പന്നരായ മലപ്പുറത്തുകാർ പുതിയ സ്വകാര്യ സ്‌കൂളുകൾ പണിതുയർത്തി. മലപ്പുറത്തെ കുട്ടികൾ കൂടുതൽ പഠിക്കാൻ തുടങ്ങി. പ്രത്യേകിച്ച് പെൺകുട്ടികൾ. ഇതുവരെ തിരുവനന്തപുരത്ത് ചില വിദ്യാലയങ്ങളുടെ കുത്തകയായിരുന്ന റാങ്കുകൾ മലപ്പുറത്തെത്തി തുടങ്ങി. മെഡിസിൻ -എൻജിനീയറിങ് പ്രവേശന പരീക്ഷകളിലും വിവിധ മത്സരപരീക്ഷകളിലും മലപ്പുറത്തുകാർ മുൻനിരയിലെത്തി. നാട്ടിലും വിദേശ രാജ്യങ്ങളിലും ഇവർക്ക് വലിയ ജോലിയും കിട്ടിത്തുടങ്ങി. സംരംഭക താൽപര്യമുള്ളവർ വലിയ സംരംഭങ്ങളിലേർപ്പെട്ടു. ഇവരുണ്ടാക്കിയ പണം മലപ്പുറത്തേക്കൊഴുകുകയായി. അബ്ദുൽ വഹാബിന്റെ എ,ബി,സി,ഡി സിദ്ധാന്തം മലപ്പുറത്തുകാർ തിരുത്തുകയായിരുന്നു.
വിദ്യാഭ്യാസരംഗം അടിത്തറയാക്കി സാമ്പത്തിക വളർച്ച കൊണ്ടുവന്ന പ്രദേശമാണ് മലപ്പുറം. സംരംഭകരായാലും ബിസിനസുകാരായാലും മറ്റു ജോലിയായാലും മികച്ച വിദ്യാഭ്യാസം ജനങ്ങളെ കൂടുതൽ യോഗ്യതയുള്ളവരാക്കുന്നു. ഇവർ കൂടുതൽ സമ്പത്ത് ആർജിക്കുന്നു. കേരളത്തിലെങ്ങും ഇങ്ങനെ വളരുന്ന മധ്യവർഗത്തെ കാണാം. ഇതിൽ ഏറ്റവും വേഗത്തിൽ വളരുന്ന മധ്യവർഗം മലപ്പുറത്താണെന്നും ഈ ലേഖനത്തിനാധാരമായ സർവേ നമ്മോടു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."