'ഇന്ത്യ ലോകകപ്പ് തോറ്റത് മത്സരം ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിലായതിനാല്‍' പുതിയ അവലോകനവുമായി അസം മുഖ്യമന്ത്രി
'ഇന്ത്യ ലോകകപ്പ് തോറ്റത് മത്സരം ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിലായതിനാല്‍' പുതിയ അവലോകനവുമായി അസം മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് നഷ്ടമായത് എന്തു കൊണ്ടാണെന്നാണ് നിങ്ങള്‍ കരുതുന്നത്. അജയ്യരായി അവിടം വരെയ എത്തിയിട്ട് അവസാന കളിയിലെ പ്രകടനം മോശമായതു കൊണ്ടോ അതല്ല കോടിക്കണക്കായ ജനതയുടെ പ്രതീക്ഷയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയോ. എന്നാല്‍ ഇതൊന്നുമല്ല പരാജയത്തിന് കാരണമെന്നാണ് രാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വിശകലനം. ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെട്ടത് മത്സരം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിലായതിനാലെന്നാണ് നേതാവ് പറയുന്നത്. മറ്റാരുമല്ല, ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയാണ് ഈ അവലോകനം നടത്തിയ പ്രമുഖന്‍. ഇന്ത്യയുടെ ലോകകപ്പ് പരാജയത്തെ ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള 'പോര്' തുടരുന്നതിനിടെയാണ് അസം മുഖ്യമന്ത്രിയുടെ രംഗപ്രവേശം. മോദിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടി കൂടിയാണിത്.
നവംബര്‍ 19ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്നും അപശകുനമായി അദ്ദേഹം ഫൈനല്‍ കാണാനെത്തിയതോടെ കളി തോല്‍ക്കുകയായിരുന്നുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
'നമ്മള്‍ എല്ലാ മത്സരങ്ങളും ജയിക്കുകയും ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നമ്മള്‍ തോറ്റതെന്ന് ഞാന്‍ അന്വേഷിച്ചു. ലോകകപ്പ് ഫൈനല്‍ കളിച്ചത് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണ് കളി തോറ്റതെന്ന് എനിക്ക് കണ്ടെത്താനായി. നമ്മള്‍ ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ കളിച്ചു, രാജ്യം തോറ്റു. എനിക്ക് ബി.സി.സി.ഐയോട് ഒരപേക്ഷയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനത്തില്‍ ഇന്ത്യ മത്സരങ്ങള്‍ക്കിറങ്ങരുത്. എനിക്ക് ഈ ലോകകപ്പില്‍നിന്ന് ലഭിച്ച പാഠമാണത്', എന്നിങ്ങനെയായിരുന്നു ഹിമന്ദ ബിശ്വ ശര്‍മയുടെ പരിഹാസം.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിന് ശേഷം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ഡ്രസ്സിങ് റൂമിലെ പ്രകടനം ഉള്‍പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."