നിയമസഭാ കൈയാങ്കളി; പ്രചരിക്കുന്നത് ശരിയായ ദൃശ്യങ്ങളല്ലെന്ന് പ്രതികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ കോടതിയില്‍ പുതിയ വാദവുമായി പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ശരിയ ദൃശ്യങ്ങളല്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.
കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ വാദങ്ങള്‍ നിരത്തിയത്. സംഘര്‍ഷമുണ്ടാക്കിയത് വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലിസുകാരാണ്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ഥത്തിലുള്ളതല്ല. അക്രമത്തിന് പ്രതികള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. പൊലിസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസില്‍ പൊലിസ് മാത്രമാണ് സാക്ഷികള്‍. 21 മന്ത്രിമാരുള്‍പ്പെടെ 140 എം.എല്‍.എമാരെയും സാക്ഷികളാക്കിയില്ല. വി. ശിവന്‍കുട്ടി നിയമസഭയില്‍ നശിപ്പിച്ചെന്നു പറയുന്ന ഇലക്ട്രോണിക് പാനല്‍ എന്ന വസ്തുവിനെക്കുറിച്ചു രാസപരിശോധന നടത്തിയ ഇലക്ട്രോണിക് എന്‍ജിനീയര്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. പ്രതികള്‍ നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടാണ് അക്രമം നടത്തിയതെന്നും വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണു വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. പ്രതികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും അക്രമം അല്ലായിരുന്നെന്നുമുള്ള വാദം പ്രതിഭാഗം ആവര്‍ത്തിച്ചു. ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിടുതല്‍ ഹരജി വിധി പറയാന്‍ അടുത്ത മാസം ഏഴിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."