കരുണ നാടിറങ്ങുമ്പോൾ കൈയടിക്കാം ഈ കരുതലിന്
അലിവുചോര്‍ന്ന ആള്‍ക്കൂട്ടമായി കേരളം ചുരുങ്ങിത്തുടങ്ങിയോ എന്ന് ഓരോ ദിവസവും ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുമ്പോള്‍, മലയാളിക്ക് അങ്ങനെയാവാന്‍ കഴിയില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കഴിഞ്ഞദിവസം കൊച്ചിയിലും കോതമംഗലത്തും കണ്ട നന്മയുടെ തെളിച്ചങ്ങള്‍. കരുണയും കരുതലും കൈമോശം വന്നില്ലെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത് എറണാകുളം സിറ്റി വനിതാ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ എം.എ ആര്യയും കോതമംഗലം ഊന്നുകല്‍ സ്റ്റേഷനിലെ സി.പി.ഒ ജിന്‍സണ്‍ ജോണുമാണ്.
മൃദുഭാവേ ദൃഢകൃതേ എന്ന കേരള പൊലിസിന്റെ ആപ്തവാക്യത്തിന്റെ പൊരുള്‍ ഒരിക്കല്‍കൂടി നാടിനു കാട്ടിക്കൊടുക്കുകയാണ് ആര്യയും ജിന്‍സണും. അതിഥിത്തൊഴിലാളികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് മുലപ്പാല്‍ നല്‍കുമ്പോള്‍ സ്വന്തം കുഞ്ഞിന്റെ അതേ മുഖമാണ് ആര്യയുടെ കണ്ണിലും മനസിലും തെളിഞ്ഞത്. വ്യാഴാഴ്ചയാണ് ബിഹാര്‍ പാറ്റ്‌ന സ്വദേശികളുടെ പിഞ്ചുകുഞ്ഞ് അപ്രതീക്ഷിതമായി പൊലിസ് സ്റ്റേഷനിലെത്തിയത്.
കഠിനമായ ശ്വാസംമുട്ടലിനെ തുടര്‍ന്ന് മാതാവിനെ എറണാകുളം ജനറല്‍ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതോടെ നാലുമാസക്കാരിയുടെയും മൂത്ത മൂന്നു കുട്ടികളുടെയും താല്‍ക്കാലിക സംരക്ഷണം വനിതാ പൊലിസുകാര്‍ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ അച്ഛന്‍ ജയിലിലാണ്. കുരുന്ന് വിശന്നുകരഞ്ഞപ്പോള്‍ ആര്യയിലെ അമ്മയ്ക്ക് കണ്ടുനില്‍ക്കാനായില്ല. മുലപ്പാല്‍ നുകര്‍ന്ന് വിശപ്പടങ്ങിയ കുഞ്ഞ് ആര്യയോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന ചിത്രം ലോകത്തിനു പകരുന്നത് വറ്റാത്ത കനിവിന്റെ ഉറവമാത്രം.
ജടപിടിച്ച് പേനരിച്ച തലയും മുറിവുനീറുന്ന ഉടലും മുഷിഞ്ഞുനാറുന്ന വസ്ത്രങ്ങളുമായി വഴിയോരത്ത് മലമൂത്ര വിസര്‍ജ്യത്തില്‍ കഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന മറുനാടന്‍ യുവാവിനെയാണ് ജിന്‍സണ്‍ ജോണ്‍ ജീവിതത്തിലേക്ക് കൈപിടിച്ചത്. ജടകെട്ടിയ മുടിവെട്ടി, മലിനവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, തലയില്‍ തെളിനീരൊഴിച്ചതോടെ യുവാവ് ജീവിതത്തിന്റെ സ്‌നേഹവും കരുതലുമറിയുകയായിരുന്നു. പുത്തന്‍വസ്ത്രങ്ങളും വയറുനിറയെ ഭക്ഷണവുമായതോടെ പുതുജീവിതത്തിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ കൂവപ്പടി അഭയഭവന്‍ അധികൃതരുമെത്തി.
ഏറെ ദിവസമായി കോതമംഗലം ഊന്നുകല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു ഊരും പേരുമറിയാത്ത യുവാവിന്റെ നരകജീവിതം.
അത്രമേല്‍ ആഘോഷിക്കപ്പെടേണ്ടതാണോ ഈ രണ്ടു സല്‍ക്കര്‍മങ്ങളും എന്നു ചോദിച്ചാല്‍ അതേ എന്നുതന്നെയാണ് ഉത്തരം. പത്തോ മുപ്പതോ കൊല്ലങ്ങള്‍ക്കുമുമ്പ് ഇത്തരം വാര്‍ത്തകള്‍ ഒരു തരത്തിലുള്ള കൗതുകവും ആശ്ചര്യവും ആരിലും ഉണ്ടാക്കാനിടയില്ല. മതത്തിനും ജാതിക്കുമപ്പുറം അയല്‍വീട്ടിലെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനൊപ്പം മുലയൂട്ടുന്നതും നാട്ടിലെ വീടുകളെല്ലാം എല്ലാവരുടെയും വീടാകുന്നതും ഒരു വീട്ടില്‍ അരിയില്ലെങ്കില്‍ അടുത്ത വീട്ടില്‍നിന്ന് കൊടുക്കുന്നതുമൊക്കെ സര്‍വസാധാരണം.
മമ്പുറം തങ്ങളും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ചാവറയച്ചനും പ്രകാശംപരത്തിയ നാടാണു കേരളം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ അത്രമേല്‍ ആഴത്തില്‍ വേരോടിയ മറ്റൊരു മണ്ണ് ഇന്ത്യയിലുണ്ടാവില്ല. അവനവനിലേക്ക് ചുരുങ്ങാതെ അപരനിലേക്കു കൂടി പടരാനും പകരാനുമുള്ള കരുത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കംവരെ ഇന്നാട്ടിലെ ഓരോ മനുഷ്യനിലുമുണ്ടായിരുന്നു. പക്ഷേ, ഇതിനിടയിലെപ്പോഴോ മലയാളിയുടെ കാഴ്ചപ്പാടുകളിലും പെരുമാറ്റത്തിലും ബോധ്യങ്ങളിലുമൊക്കെ പതുക്കെപ്പതുക്കെ നരകയറി.
ഞാനും എന്റെ കുടുംബവും എന്ന സംവര്‍ഗത്തിലേക്ക് മലയാളി ചുരുങ്ങാന്‍ തുടങ്ങി. പകര്‍ന്നു നല്‍കാനും പകുത്തു നല്‍കാനുമുള്ള മനോനില പലരില്‍നിന്നും അപ്രത്യക്ഷമായി. മുമ്പൊരിക്കലും കണ്ടിട്ടില്ലെങ്കിലും എതിരേ വരുന്നയാളോട് ശത്രുവിനോടെന്നതുപോലെയായി നമ്മുടെ പെരുമാറ്റം. ദയ എന്നത് വാക്കിലും നോക്കിലും ചോര്‍ന്നുപോയി. അതിന്റെ ഏറ്റവും ക്രൂരമായ സാക്ഷ്യമാണ് 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിച്ച ആദിവാസി യുവാവ് മധു. അതേവര്‍ഷം സംസ്ഥാനത്തു നടന്ന രണ്ടു ദുരഭിമാനക്കൊലകളും ലോകത്തിനു മുന്നില്‍ നമ്മുടെ ഓരോരുത്തരുടെയും തലതാഴ്ത്തുന്നതായി.
പൊറുക്കുന്നതിനു പകരം പക മാത്രം വളരുന്ന തുരുത്തുകളായി മലയാളി മനസുകള്‍ ചുരുങ്ങിത്തുടങ്ങി. മുതിര്‍ന്നവരെയും ഗുരുക്കന്‍മാരെയും ബഹുമാനിക്കുകയെന്ന നല്ല പാഠങ്ങളൊക്കെ എന്നോ പല കുട്ടികള്‍ക്കും കൈമോശം വന്നു. മുമ്പൊക്കെ ബസുകളില്‍ മുതിര്‍ന്നവര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുകയെന്ന ശീലമുണ്ടായിരുന്നു. ഇന്ന് നടക്കാന്‍പോലും വയ്യാതെ അവശര്‍ ബസില്‍ കയറിയാല്‍ ഒരാളും തന്റെ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കില്ലെന്നു മാത്രമല്ല ഒന്നുകൂടി അമര്‍ന്നിരിക്കും. ഉരുട്ടിക്കൊല മുതല്‍ മോഷണമുതല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കിടുന്ന സംഭവങ്ങള്‍ വരെ പല പൊലിസ് സ്റ്റേഷനുകളില്‍നിന്നും കേള്‍ക്കുന്നു. ഇക്കഴിഞ്ഞദിവസം ഇടുക്കി കട്ടപ്പനയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞുനോക്കാതെ പോയ പൊലിസുകാരുടെ ക്രൂരമനസ് വരെ നീളുന്നു ആ പട്ടിക.
നാലുനാള്‍ മുമ്പ് ജനറല്‍ ടിക്കറ്റില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിപ്പോയതിന് കോഴിക്കോട്ട് മാതാവിനെയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട ടിക്കറ്റ് എക്‌സാമിനറുടെ മനസും കരുണവറ്റുന്ന പൊതുബോധത്തിന്റെ കണ്ണാടിച്ചിത്രം മാത്രം. ഓരോദിവസവും മുന്നിലെത്തുന്ന പത്രങ്ങളില്‍ ഇത്തരം അശുഭവാര്‍ത്തകള്‍ മാത്രം. രാത്രി 10നു ശേഷം ചാനലുകളില്‍ നിറയുന്നതും പകല്‍ കൊടുത്ത ക്രൈംന്യൂസുകളുടെ സചിത്രവിവരണങ്ങൾ.
നിത്യവും ഇതൊക്കെ കണ്ടു മരവിച്ച മലയാളികള്‍ക്കിടയിലാണ് തന്റെ കൈയിലിരുന്നു വിശന്നുകരയുന്ന കുഞ്ഞിനും വീട്ടിലെ സ്വന്തം കുഞ്ഞിനും ഒരു വ്യത്യാസവുമില്ലെന്നു കരുതുന്ന ആര്യയെപ്പോലുള്ള പൊലിസ് ഉദ്യോഗസ്ഥരും ജീവിക്കുന്നത്. ഊരോ പേരോ അറിയാത്ത യുവാവിനെ മുടിമുറിച്ച്, ചെളി കഴുകി, പുതുവസ്ത്രമണിയിച്ച് ജിന്‍സണ്‍ ജോണ്‍ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്നത്.
പൊലിസ് സേനയ്ക്കു നാണക്കേടുണ്ടാക്കുന്ന ചെറിയ വിഭാഗം ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ ചെയ്തുകൂട്ടുന്ന അനീതികളുടെ കറ മായ്ക്കാന്‍ ആര്യയേയും ജിന്‍സണേയും പോലുള്ള ആര്‍ദ്രമനസ്‌കര്‍ ധാരാളം! പൊലിസിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം അഭിമാനവും പ്രതീക്ഷയുമാണ് ഇരുവരും കാട്ടിത്തരുന്ന മഹോന്നത മാതൃകകള്‍.
Content Highlights:today's editorial
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."