HOME
DETAILS

വിഷയം ദലിതൻ്റേതാവുമ്പോൾ എല്ലാവർക്കും മൗനം

  
backup
December 23 2022 | 19:12 PM

845623-563

ടി.കെ ജോഷി


കേരളത്തിലെ കാംപസുകളിലും ദലിതർ സംവരണ അട്ടിമറിയും ജാതിവിവേചനവും നേരിടുന്നുവെന്ന് കോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരുന്ന വിദ്യാർഥി സമരം അടിവരയിടുന്നു. അധഃസ്ഥിത വിഭാഗങ്ങളെ മുന്നോട്ട് നയിക്കാനുള്ള ചാലകശക്തിയായ സംവരണത്തെ അട്ടിമറിക്കാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ നാരായണന്റെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ പോലും വരേണ്യവർഗത്തിന് കഴിയുന്നുവെന്നതാണ് ആശ്ചര്യകരം. ജാതിവിവേചനവും സംവരണ അട്ടിമറിയും ആരോപിച്ചുള്ള വിദ്യാർഥി സമരം ഇവിടെ രണ്ടാഴ്ചയിലേറെയായി തുടരുമ്പോഴും സർക്കാർ കുറ്റകരമായ അനാസ്ഥയിലാണുള്ളത്. കേരളം വർഷങ്ങൾക്ക് മുമ്പ് അറബിക്കടലിൽ എറിഞ്ഞുവെന്ന് അഭിമാനിക്കുന്ന ജാതീയതയുടെ പേരിൽ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ തുടരുന്ന സമരം പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെങ്കിലും ഒരു മന്ത്രിയും ഉചിതമായി പ്രതികരിച്ചിട്ടില്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതൊരു പ്രശ്‌നമേയല്ല. വിഷയം ദലിതന്റെ ആകുമ്പോൾ ഭരണവർഗം നിശബ്ദമാകുകയാണിവിടെയും.


എങ്ങനെയാണ് സർക്കാർ ദലിതുവിരുദ്ധ നിലപാടിന്റെ വക്താക്കളാകുന്നതെന്ന് ശരത് എന്ന വിദ്യാർഥിയുടെ കാര്യം പരിശോധിച്ചാൽ മതി. യോഗ്യതയില്ലെന്ന് പറഞ്ഞ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ദലിത് വിദ്യാർഥിയായ ശരത്തിന് കൊൽക്കത്തയിലെ സത്യജിത്‌ റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചതെങ്ങനെയെന്നെങ്കിലും വിശദീകരിക്കാൻ സർക്കാർ തയാറാകണം.


ശരത് പറയുന്നു: 'കേസിന് പോയപ്പോൾ എനിക്കെതിരേ ഇൻസ്റ്റിറ്റ്യൂട്ട് വക്കീലിനെ ഏർപ്പെടുത്തി. അതുപോലെ എനിക്കെതിരേ നിന്നത് സ്റ്റേറ്റിന്റെ വക്കീലാണ്. ആലോചിച്ചു നോക്കൂ, ശരിക്കും നമ്മുടെ ശത്രു ആരാണ്? നമ്മുടെ ശത്രു കേരള സ്റ്റേറ്റാണെന്നാണ് എനിക്കഭിപ്രായമുള്ളത്. സ്റ്റേറ്റാണ് നമ്മുടെ അവകാശങ്ങളെ നശിപ്പിക്കുന്നത്. അവർക്ക് ബാക്കിയെല്ലാം പുറത്ത് കാണിക്കാനുള്ള പ്രഹസനങ്ങളാണ്. ഇത്ര നാളായിട്ടും ഇതിനെതിരേ ഏതെങ്കിലും മന്ത്രിമാർ പ്രതികരിച്ചോ? പ്രമുഖ ദലിത് സംഘടനകൾ ഒന്നും ഇടപെടാത്തത് എന്താണെന്നും എനിക്ക് മനസിലാവുന്നില്ല. പലയിടത്തും ഇന്റർവ്യൂ എന്നത് ഞങ്ങളെപ്പോലത്തെ വിദ്യർഥികൾക്ക് അഡ്മിഷൻ നിഷേധിക്കാനാണുപയോഗിക്കുന്നത്. എൻട്രൻസിൽ നല്ല മാർക്ക് സ്‌കോർ ചെയ്താലും ഇന്റർവ്യൂവിന് നമ്മുടെ നിറവും ജാതിയും അച്ഛന്റെ പേരും കണ്ടാണ് വിലയിരുത്തുന്നത്. ഞാൻ ക്വാളിഫൈ ചെയ്യണമെങ്കിൽ നായർ ആയിട്ട് ജനിക്കേണ്ടിവരും'.


എഡിറ്റിങ് കോഴ്‌സിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും ശരത്തിന് അർഹതപ്പെട്ട സംവരണ സീറ്റ് നൽകിയില്ല എന്നതാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെതിരേ ഉയർന്ന പരാതി. ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ശങ്കർ മോഹൻ പറഞ്ഞതുപോലെ യോഗ്യത ഇല്ലാത്ത വിദ്യാർഥിയായിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് കൊൽക്കത്തയിലെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെ മികച്ച സ്ഥാപനത്തിൽ സീറ്റ് ലഭിച്ചത്?


നിയമത്തിന്റെ വഴിയിലൂടെ നീങ്ങിയാൽ സംവണത്തിന്റെ മാത്രമല്ല കഴിവിന്റെ മിടുക്കിൽ ശരത്തിന് വേണമെങ്കിൽ ഇവിടെ എഡിറ്റിങ് വിദ്യാർഥിയായി പഠിക്കാമായിരുന്നു. എന്നാൽ രോഹിത് വെമുലയാകാൻ ഇല്ലെന്ന് പറഞ്ഞ് ശരത് മറ്റൊരു കാംപസ് തേടിപ്പോകുമ്പോൾ കുനിയുന്നത് പരിഷ്‌കൃതസമൂഹത്തിന്റെ തലയാണ്. ഇവിടെ മാത്രമല്ല, കേരളത്തിലെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്റർവ്യൂവിന്റെ മറവിൽ സംവരണം അട്ടിമറിക്കപ്പെടുന്നുണ്ട്. അർഹമായ ഇ ഗ്രാൻഡും സ്‌കോളർഷിപ്പും മറ്റും നിഷേധിച്ച് മിടുക്കരയായ ദലിത് വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ജാതിയില്ലെന്ന പ്രസ്താവന തെറ്റാണ്. ജാതി എല്ലായിടത്തുമുണ്ട്. പോയിട്ടൊന്നുമില്ല, അത് പലരുടെയും മനസിലാണെന്നേയുള്ളൂവെന്ന് ശരത് അനുഭവംകൊണ്ട് അടിവരയിടുന്നു.


സ്‌കോളർഷിപ്പ് തടഞ്ഞുവയ്ക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ചാണ് ഇതേ സ്ഥാപനത്തിലെ പൂർവ വിദ്യാർഥി അനന്തപത്മനാഭൻ സമരം ചെയ്തത്. പഠിക്കാൻ നിർവാഹമില്ലാത്തതുകൊണ്ട്, ഇ ഗ്രാന്റ്‌സ് നടപ്പാക്കണമെന്ന അടിസ്ഥാന അവകാശത്തിന്റെ പേരിൽ സമരം ചെയ്ത ദലിത് വിദ്യാർഥിയായ അനന്തപത്മനാഭനെ പുറത്താക്കുകയാണ് ചെയ്തത്. ഇതൊന്നും വാർത്തകളായതേയില്ല, വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭത്തിനും കാരണമായില്ല. കേരളത്തിലെ സർവകലാശാലകൾക്കുള്ളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയ നിയമനങ്ങളുടെയും ദുർഗന്ധം വമിക്കുന്ന കഥകൾ സമീപകാലത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കരിനിഴലായിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ ലജ്ജാകരമായ ജാതിവിവേചനം കൊടികുത്തി വാഴുകയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ കാംപസുകളിലുമെന്ന് കെ.ആർ നാരായണൻ ഇസ്റ്റിറ്റ്യൂട്ട് ഓർമിപ്പിക്കുന്നു.


ചരിത്രപരവും സാമൂഹികവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാറ്റത്തിനുള്ള ഭൂമികയാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും ഇപ്പോഴും ജാതിമേൽക്കോയ്മയും ജാതിവിവേചനവും നിലനിൽക്കുമ്പോൾ ദലിതർക്ക് നീതിക്കായി ഇനിയുമെത്രെ കാത്തിരിക്കേണ്ടി വരും.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago