'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി
ഗസ്സ സിറ്റി: ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ട്രംപിന്റെ 'മിഡില്‍ ഈസ്റ്റ് റിവേര' പദ്ധതി തള്ളി അറബ് രാജ്യങ്ങള്‍. ട്രംപിന്റെ നീക്കത്തിന് ബദലായി ഗസ്സ പുനര്‍നിര്‍മാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതിക്ക് 57 അംഗ ഒ.ഐ.സി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫലസ്തീന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് മുസ്‌ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സഊദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഇസ്‌ലാമിക സഹകരണ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) പ്രത്യേക സമ്മേളനത്തിലാണ് തീരുമാനം. ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ നിലനില്‍പ് ഇനിയും തീരുമാനമാവാതെ തുടരുന്ന സാഹചര്യത്തിലാണ് ഒ.ഐ.സി സമ്മേളനം നടക്കുന്നത്.
ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ പട്ടിണി ആയുധമാക്കുന്ന ഇസ്‌റാഈല്‍ നീക്കത്തെയും സമ്മേളനം അപലപിച്ചു. ഫലസ്തീന്‍ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കം വംശീയ ഉന്മൂലനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണകൂടങ്ങളെ കണ്ടെത്താനും പദ്ധതിയുണ്ട്. ഘട്ടങ്ങളായി ഗസ്സയെ പുനര്‍നിര്‍മിക്കനാണ് ഈജിപ്ത് നിര്‍ദ്ദേശിച്ച പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇസ്‌റാഈലി അധിനിവേശത്തില്‍ എല്ലാം നഷ്ടമായ ഫലസ്തീനികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുക എന്നതാണ് പ്രധാനം.
അതിനാല്‍ ആദ്യ ആറു മാസം നീളുന്ന ഒന്നാം ഘട്ടത്തില്‍ താല്‍ക്കാലിക വീടുകളൊരുക്കുന്നതിനാണ് പ്രാധാന്യം കല്‍പിക്കുന്നത്. ഗസ്സയിലെ 90 ശതമാനം വീടുകളും തകര്‍ക്കപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളതെന്ന് യു.എന്‍ പറയുന്നു. മാത്രമല്ല, സ്‌കൂളുകള്‍, ആശുപത്രികള്‍, മലിനജല സംവിധാനങ്ങള്‍, വൈദ്യുതി എന്നിവയെല്ലാം തകര്‍ന്ന നിലയിലാണ്. അഞ്ചു കോടി ടണ്‍ മാലിന്യങ്ങളാണ് പ്രദേശത്തു നിന്ന് നീക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."