നായ വെറുമൊരു മൃഗമല്ല
പോരാട്ടത്തിന്റെ കുന്തമുന ബി.ജെ.പിക്കെതിരേ കൂടുതല്‍ മൂര്‍ച്ചയോടെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് കോണ്‍ഗ്രസിന് ഉണ്ടായെന്നുതന്നെ വേണം അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാജസ്ഥാനിലെ ആല്‍വാര്‍ പ്രസംഗത്തിനു ശേഷമെങ്കിലും കരുതാന്‍. ബി.ജെ.പിക്കാരുടെ വീട്ടിലെ പട്ടിയെങ്കിലും രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയോ എന്ന ചോദ്യം അവരെ അലോസരപ്പെടുത്താതിരുന്നില്ല. പക്ഷേ, രാജ്യത്തിനു വേണ്ടി ചോരയോ, വിയര്‍പ്പോ ചിന്തിയ ഒരാളെപ്പോലും കാവിസേനക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് ജീവന്‍ ബലിനല്‍കിയതിനെ എടുത്തുപറഞ്ഞാണ് ബി.ജെ.പിയുടെ ദാരിദ്ര്യത്തെ ഖാര്‍ഗെ എടുത്തിട്ടത്. ഖേദം പ്രകടിപ്പിക്കണമെന്ന് രാജ്യസഭയില്‍ ബി.ജെ.പി ആവശ്യപ്പെട്ടപ്പോള്‍ തന്റെ വാദം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന്റെ പതിവു ശൈലിയിലാണെങ്കില്‍ ഒരുപക്ഷേ, ക്ഷമാപണം വന്നുകഴിഞ്ഞേനെ.
നായ്ക്കള്‍ക്ക് ഇതു നല്ലകാലമാണെന്നു തോന്നുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഖാര്‍ഗെയുടെ നായയെങ്കില്‍, കേരളത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ കൂവിയവരെ നായയോട് ഉപമിച്ചു. കോളജ് അധ്യാപകരെ അനുസരണയുള്ള നായ്ക്കള്‍ എന്നു വിശേഷിപ്പിച്ച് ഹയര്‍ സെക്കന്‍ഡറിയിലെ ഉദ്യോഗസ്ഥനും നായക്കു കേരളത്തില്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തു. എല്ലാ നായക്കും ഒരു ദിവസമുണ്ടെന്നാണല്ലോ.
സീതാറാം കേസരിക്കു ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷ പദവിയിലേക്കു വരുന്നത് ഇതാദ്യം. രാജ്യത്തെ ഏറ്റവും പ്രായമേറിയ പാര്‍ട്ടിക്ക് പ്രായമേറിയ അധ്യക്ഷന്‍. 1942 ജൂലൈയിലാണ് ഖാര്‍ഗെയുടെ ജനനം. കന്നഡക്കാരനാണെങ്കിലും ഹിന്ദി അറിയാവുന്ന അധ്യക്ഷന്‍.
കല്‍ബുര്‍ഗി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി 1969ല്‍ രാഷ്ട്രീയത്തിലെത്തിയ ഖാര്‍ഗെ, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായും പ്രതിപക്ഷ നേതാവായും വിവിധ വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ച ശേഷമാണ് രംഗം ദേശീയ രാഷ്ട്രീയത്തിലേക്കു മാറ്റുന്നത്. 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റ ഉടനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായി. നിയമത്തില്‍ ബിരുദം നേടി പ്രദേശത്തെ മില്‍ തൊഴിലാളി അസോസിയേഷന്റെ നിയമകാര്യ ഉപദേഷ്ടാവായ ഖാര്‍ഗെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ദേവരാജ് അറസ്, ഗുണ്ടുറാവു, ബംഗാരപ്പ, വീരപ്പമൊയ്‌ലി, എസ്.എം കൃഷ്ണ, ധരംസിംഗ് എന്നീ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭയില്‍ വിവിധ വകുപ്പുകളില്‍ സേവനം ചെയ്തു.
1972ല്‍ തുടങ്ങി പത്തുതവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ഒമ്പതും ഗുര്‍മിത്കല്‍ മണ്ഡലത്തില്‍നിന്ന്, രണ്ടുതവണ ലോക്‌സഭാംഗമായി. 2019ല്‍ തോല്‍ക്കുകയും ചെയ്തു. 2009ല്‍ 74,737 വോട്ടിനു ജയിച്ച മണ്ഡലത്തില്‍ പത്തു വര്‍ഷത്തിനു ശേഷം 95,000 വോട്ടിന് തോറ്റതും ചരിത്രമാണ്. നിയമസഭയിലേക്കുള്ള പരാജയമറിയാത്ത യാത്രയ്ക്കിടെ ഒരിക്കല്‍ പോള്‍ ചെയ്തതിന്റെ 77 ശതമാനം വോട്ട് കരസ്ഥമാക്കാനായി. 2014ല്‍ രാഹുല്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസിനെ നയിക്കണമെന്ന് മുതിര്‍ന്ന നേതാക്കളെല്ലാം ആവശ്യപ്പെട്ടതാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അറിയിച്ചു. ഒമ്പതു തവണ ലോക്‌സഭയിലെത്തിയ കമല്‍നാഥിന്റെ പേര് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നിര്‍ദേശമായി വന്നെങ്കിലും എതിര്‍പ്പുകാരുണ്ടായതോടെ ഖാര്‍ഗെ പദവിയിലേക്ക് വരികയായിരുന്നു. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനെയായിരുന്നു പാര്‍ട്ടി കാത്തിരുന്നത്. സ്വീകരിക്കാനുള്ള സമ്മര്‍ദത്തിന് രാഹുല്‍ വഴങ്ങാതിരുന്നപ്പോഴും കമല്‍നാഥും അശോക് ഗെഹ്‌ലോട്ടുമായിരുന്നു മുന്നില്‍. രജപുത്രന്‍ കൂടിയായ ഗെഹ്‌ലോട്ടിനെ പരിഗണിക്കുമ്പോള്‍ രാജസ്ഥാനിലെ നേതൃമാറ്റ തര്‍ക്കത്തിനു പരിഹാരമെന്ന ലക്ഷ്യംകൂടി രാഹുലിനുണ്ടായി. ആ ശ്രമം പരാജയപ്പെട്ടതോടെയാണ് ദലിത് നേതാവു കൂടിയായ ഖാര്‍ഗെ ചിത്രത്തിലേക്ക് വരുന്നത്.
പാര്‍ട്ടിയില്‍ ഖാര്‍ഗെയുടെ ഇടപെടല്‍ അത്ര മെച്ചപ്പെട്ടതല്ല. അസമിലേക്കും പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും നിയോഗിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ രഞ്ജിപ്പുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അസമില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കെതിരേ 78ല്‍ 54 എം.എല്‍.എമാരുടെ പിന്തുണയുമായി നിന്ന ഹിമന്ത ബിശ്വാസിനെ അനുനയിപ്പിക്കാന്‍ ഖാര്‍ഗെക്ക് ആയില്ല. ഫലമോ, ഹിമന്ത ബി.ജെ.പിയിലെത്തി. അവിടെ മുഖ്യമന്ത്രിയായെന്നു മാത്രമല്ല, അസമിലെയും ആ മേഖലയിലാകെയും കോണ്‍ഗ്രസിന്റെ അടിത്തറ ചോദ്യം ചെയ്യുന്നയാളായി മാറുകയും ചെയ്തു. പഞ്ചാബില്‍ തര്‍ക്കം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറും നവജ്യോത് സിദ്ദുവും തമ്മില്‍. അമരീന്ദറിനെ ഇറക്കി ചന്നയെ മുഖ്യമന്ത്രിയാക്കിയതോടെ അമരീന്ദര്‍ പിണങ്ങി ആദ്യം വേറെ പാര്‍ട്ടിയുണ്ടാക്കി. ഇപ്പോള്‍ ബി.ജെ.പിയിലുമെത്തി. സിദ്ദു പഴയ കേസില്‍ ജയിലിലും പാര്‍ട്ടി ഷോക്കേസിലും ആയി. അജിത് മാക്കനും ഖാര്‍ഗെയുമാണ് ജയ്പൂരിലെത്തിയത്. ലക്ഷ്യം ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അതു പാളിയെങ്കിലും തല്‍ക്കാലം മന്ത്രിസഭ താഴെ പോയില്ല. പക്ഷേ, പാര്‍ട്ടിയുടെ തലപൊളിക്കുന്ന ചേരിപ്പോര് തുടരുകയാണവിടെ. പരിഹാരം കാണാന്‍ ഖാര്‍ഗെക്ക് കഴിയും. പഴയ ഖാര്‍ഗെയല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."