HOME
DETAILS
MAL
പുള്ളിപ്പുലി പിടികൂടിയ കുട്ടിയെ യുവാവ് സാഹസികമായി രക്ഷിച്ചു
backup
September 29 2021 | 05:09 AM
മുംബൈ: പുള്ളിപ്പുലിയുടെ വായില്‍നിന്ന് നാലുവയസുകാരനെ യുവാവ് അതിസാഹസികമായി രക്ഷിച്ചു. മുംബൈ നഗരത്തിന് സമീപത്തെ ആറെ മില്‍ക്ക് കോളനിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് ഈ പ്രദേശം. വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ തലയില്‍ കടിച്ചുപിടിച്ച് 30 അടിയോളം പുലി വലിച്ചിഴച്ചു. ആയുഷിന്റെ അമ്മാവനായ വിനോദ് കുമാര്‍ യാദവ് എന്ന യുവാവ് അലറിക്കൊണ്ട് പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
ആയുഷ് പുറത്ത് കളിക്കുമ്പോള്‍ താന്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്നുവെന്ന് വിനോദ് പിന്നീട് പറഞ്ഞു. പെട്ടെന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നെത്തിയ ഒരു പുലി ആയുഷിനു നേരേ വരുന്നതു കണ്ടു. നിമിഷങ്ങള്‍ക്കകം കുട്ടിയുടെ തലയില്‍ കടിച്ചുപിടിച്ചുകൊണ്ട് അത് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു. അലറി വിളിച്ചുകൊണ്ട് രണ്ടും കല്പിച്ച് താന്‍ പുലിയുടെ പിന്നാലെ ഓടുകയായിരുന്നുവെന്ന് വിനോദ് പറഞ്ഞു.
അലര്‍ച്ചയുടെ ശബ്ദം കേട്ട് പേടിച്ചായിരിക്കണം പുലി ആയുഷിനെ നിലത്തിട്ട് മാറിപ്പോയി. താന്‍ കുറ്റിക്കാട്ടിലേക്ക് ചാടി അവനെ കൈയില്‍ കോരിയെടുക്കുമ്പോള്‍ പുലി സമീപത്ത് നോക്കിയിരിക്കുന്നുണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാവണം പുലി പ്രതികരിക്കാതിരുന്നതെന്നും വിനോദ് പറഞ്ഞു. തലയ്ക്കും കഴുത്തിനും പരുക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. മുറിവുകളില്‍ എട്ട് തുന്നലുകളിടേണ്ടിവന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ ഇവിടെ പുലിയുടെ ആക്രമണത്തിനിരയായ നാലാമത്തെയാളാണ് ആയുഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."