ബാബരി: ചാരത്തിന് തീയിടുന്ന 'മതേതർ'
മുസ്തഫാ ബക്കർ
ബാബരി മസ്ജിദിന്റെ കവാടത്തിൽ ഇരുപാർശ്വങ്ങളിലും പേർഷ്യൻ ഭാഷയിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു: 'ബാബറിന്റെ നീതി സ്വർഗലോകത്തോളം എത്തുന്ന മണിമന്ദിരമാണിത്, ചക്രവർത്തിയുടെ ഉത്തരവിൻ പ്രകാരം സഹൃദയൻ മീർബഖി നിർമിച്ചതാണ് മാലാഖമാർ ഇറങ്ങിവരുന്ന ഈ മസ്ജിദ്; ഈ നന്മ ചിരസ്ഥായിയായിരിക്കട്ടെ!' എന്നാൽ 400 വർഷം മുമ്പ് ആലേഖനം ചെയ്ത പ്രാർഥനാവചസുകൾ വൃഥാവിലായി. 1992 ഡിസംബർ ആറിന് തീവ്രഹിന്ദുത്വവാദികളാൽ പള്ളി തകർക്കപ്പെട്ടു!
അതെ ബാബരി മസ്ജിദ് എന്ന 'മുസ്‌ലിം പ്രശ്‌നം' അവസാനിച്ചിരിക്കുന്നു. ഇന്ത്യൻ മുസൽമാന് അവരുടേതല്ലാത്ത കാരണത്താൽ പേറേണ്ടിവന്ന നിരവധിയായ മുസ്‌ലിം പ്രശ്‌നങ്ങളിൽ ഒന്നായിരുന്നല്ലോ ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കം. സുപ്രിംകോടതി അസാധാരണങ്ങളിൽ അസാധാരണമായ ഒരു വിധിന്യായത്തിലൂടെ ആ തർക്കത്തിന് അന്ത്യം കണ്ടിരിക്കുന്നു; പള്ളി നിന്നിടത്ത് രാമക്ഷേത്രം നിർമിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഈ കോടതി വിധി കേൾക്കാൻ ഇടയായാൽ ഞെട്ടുക എ.ഡി അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ച അയോധ്യ ഭരിച്ചിരുന്ന സ്‌കന്ദഗുപ്തൻ എന്ന രാജാവിന്റെ ആത്മാവായിരിക്കും. കാരണം അദ്ദേഹമാണല്ലോ സാകേതം എന്ന പ്രസ്തുത സ്ഥലത്തിന് അയോധ്യ എന്ന് പുനർനാമകരണം ചെയ്തത്.
രാഷ്ട്രീയ നേതൃത്വം പക്ഷപാതപരമാകുമ്പോഴാണ് പൗരന്മാർ ജുഡിഷ്യറിയെ ആശ്രയിക്കാറ്. അതിനാണല്ലോ ഒരിക്കലും തിരുത്താനാവാത്ത വിധം ജുഡിഷ്യൽ റിവ്യൂ എന്ന ദൃഢമായ സംവിധാനം രാജ്യം രൂപപ്പെടുത്തിയത്. അതാണ് സുപ്രിംകോടതി. ആ പരമോന്നത നീതിപീഠത്തിൽ നിന്നാണ് ഈ വിധി വന്നത്. പിന്നെ, തർക്കം തീർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
2019 നവംബർ 9ന്റെ വിധിയിലൂടെ സുപ്രിംകോടതി രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയ 67 ഏക്കർ ഭൂമിയിൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയനേതൃത്വം നടത്തിയ ശിലാന്യാസം, ശ്രീരാമഭഗവാനെ കുടിയിരുത്താനുള്ള ഒരു ക്ഷേത്രത്തിൻ്റേതല്ല, രാമഭക്തരായ ഭാരതീയ ഹൈന്ദവ വിശ്വാസികളുടെ വികാരവുമല്ല. മറിച്ച് രാജ്യത്തിന്റെ അടിസ്ഥാന ചിന്താശീലങ്ങളെ അട്ടിമറിക്കുന്ന ഹിന്ദുത്വരാഷ്ട്രീയ പദ്ധതിയുടെ സാക്ഷാത്കാരമാണ്. അത് ലോകത്തിന് നൽകുന്ന സന്ദേശത്തിന് നിരവധി മാനങ്ങളുണ്ട്.
ഹിന്ദു ഫണ്ടമെന്റലിസത്തിനു മുന്നിൽ ന്യൂനപക്ഷങ്ങളുടെ ആകുലതകൾക്കും വികാരവിചാരങ്ങൾക്കും മേലിൽ ഒരു വിലയും ഉണ്ടാവില്ലെന്നും ഭൂരിപക്ഷത്തിന്റെ തന്നിഷ്ടങ്ങൾ മാത്രമായിരിക്കും രാജ്യത്ത് തുടർന്ന് നടപ്പാക്കുക എന്നുമുള്ള ഹിന്ദുത്വ ചിന്താപദ്ധതിയുടെ ആസൂത്രണമായിരുന്നു അത്. മതേതരത്വത്തിനെതിരായ ഇത്തരം കൈയേറ്റങ്ങൾ വിവേകമതികളായ ജനാധിപത്യ വിശ്വാസികൾക്ക് പൊറുക്കാനാവില്ല.
അതിനുശേഷം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെ സർവാർഥത്തിലും അന്യവൽക്കരിക്കുന്ന നിലപാടുകൾ ബി.ജെ.പി നിരന്തരം എടുത്തു.
മുസ്‌ലിംകൾ ഹൈന്ദവ പെൺകുട്ടികളെ പ്രണയിക്കുന്നു, ഗോമാതാവിനെ കൊന്നുതിന്നുന്നു എന്നിത്യാദി ബാലിശമായ പ്രചാരവേലകൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. മസ്ജിദിന്റെ തകർച്ചക്കുശേഷം ഇത്തരം പുത്തൻ പ്രശ്‌നങ്ങൾ സംഘ്പരിവാറിന് ആവശ്യമായിരുന്നു. അസത്യങ്ങളെ രാഷ്ട്രീയമായി സാധൂകരിക്കാൻ അസംബന്ധങ്ങളും ഒരു ആശയമാണെന്ന് സംഘ്പരിവാർ തെളിയിച്ചുകൊണ്ടേയിരുന്നു.
പശു ദേശീയതയാണ് ഇവർ ആദ്യം പരീക്ഷിച്ചത്. ഭൂരിപക്ഷം ഹിന്ദുക്കളേയും പശു ആരാധകരാക്കുവാൻ എളുപ്പമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും പശുവിനെ ഭക്ഷിക്കാറുണ്ട്. അതായത് പശു ആരാധകരും പശു ഘാതകരും എന്ന ബൈനറി സ്വയം സൃഷ്ടിച്ചു ഹിന്ദു ഏകീകരണപ്രക്രിയക്ക് തുടക്കമിടാനാണ് ഫാസിസ്റ്റുകൾ ആദ്യം ശ്രമിച്ചത്. ശത്രുവിനെ സൃഷ്ടിക്കലാണല്ലോ ഏകീകരണത്തിന് ഏറ്റവും മികച്ച ഉപാധി. അങ്ങനെയാണ് 1966ൽ ഗോവധനിരോധനം ആവശ്യപ്പെട്ട് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഉടുത്തവരും ഉടുക്കാത്തവരുമായ നൂറുകണക്കിന് സന്ന്യാസിമാർ പാർലമെന്റിന് മുമ്പിലെത്തിയത്.
എന്നാലത് നനഞ്ഞ പടക്കമായി എരിഞ്ഞടങ്ങി. അങ്ങനെയാണ് പശുമാറി പള്ളി വന്നത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് 80കളിൽ ആളിയ പ്രശ്‌നത്തിന് കനലുകൾ ഏകപക്ഷീയമായി ചൊരിയപ്പെട്ടു! കപടദേശീയതയുടെ അഭിമാന പ്രതീകമായി രാമജന്മഭൂമി വാർക്കപ്പെട്ടു. ഏകപക്ഷീയമായ കൈയേറ്റത്തെ തർക്കമെന്ന ദ്വികക്ഷി സംഭവമായി സംഘ്പരിവാർ പരിവർത്തിപ്പിച്ചു. ചെല്ലും ചെലവും കൊടുത്ത് അവർ തന്നെ എതിർകക്ഷികളെ പരിപോഷിപ്പിച്ചു! കാരണം ബാബരി അവരുടെ രണ്ടാം പദ്ധതിയും അവസാനത്തെ മുഖ്യ പദ്ധതിയും ആയിരുന്നു. കേവലം ക്ഷേത്രമായിരുന്നില്ല ഉന്നം; സംഘ്പരിവാറിൻ്റെ ഇന്ത്യ പിടിക്കൽ പദ്ധതിയുടെ നിറഞ്ഞാട്ടമായിരുന്നു അത്.
പള്ളി തകർക്കുമെന്ന് ഹിന്ദുത്വവാദികൾ ഭീഷണി മുഴക്കിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പറഞ്ഞു: 'മസ്ജിദ് സംരക്ഷിക്കും, എന്റെ വാക്കുകൾ വിശ്വസിക്കുക', കോൺഗ്രസിന്റെ പ്രധാനമന്ത്രി വാക്കു പാലിച്ചില്ല. ഇതിനും മുമ്പാണ് 1989ൽ അയോധ്യയിലെ തെരഞ്ഞെടുപ്പ് റാലിയിൽവച്ച് രാജീവ് ഗാന്ധി പ്രഖ്യാപിച്ചത്: 'രാമരാജ്യം സ്ഥാപിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്' എന്ന്. മാത്രമല്ല വോട്ടെടുപ്പിന് മുമ്പ് തർക്കസ്ഥലത്ത് രാമക്ഷേത്രത്തിന് തറക്കല്ലിടാൻ അനുവദിക്കുകയും ചെയ്തു. ബാബരി പള്ളിയുടെ മിഹ്‌റാബിൽ 'പ്രത്യക്ഷപ്പെട്ട' ശ്രീരാമവിഗ്രഹം സരയൂ നദിയിലൊഴുക്കാൻ പറഞ്ഞ ജവഹർലാലിന്റെ പൗത്രന്റെ ആദ്യത്തെ പിഴയായിരുന്നു അത്!.
കോൺഗ്രസ് പാർട്ടിയുടെ പല സമുന്നത നേതാക്കളും ഇപ്പോഴും വിടുവായത്വം വിളമ്പിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും രാമക്ഷേത്രം ഉയർന്നുപൊങ്ങുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ കോൺഗ്രസിന്റെ പ്രമുഖ നേതാവ് മധ്യപ്രദേശിലെ കമൽനാഥ് ഏറ്റവും വലിയ ഉദാഹരണമാണ്. രാജീവ്ഗാന്ധിയാണ് 1989ൽ ശിലാന്യാസം നടത്തിയത് എന്നുവരെ അവകാശപ്പെടുന്ന അവസ്ഥയിൽ അദ്ദേഹം എത്തി! പള്ളി നിന്ന സ്ഥാനത്ത് കെട്ടിപ്പൊക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രചോദനമാകട്ടെയെന്ന് പ്രിയങ്കാഗാന്ധി ആശംസിക്കുന്നതിലെ യുക്തി എങ്ങനെ വായിച്ചെടുക്കും?
അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രം ഫാസിസ്റ്റ് അജൻഡയാണെന്നും 'രാഷ്ട്രീയരാമനെ'യാണ് അവിടെ കുടിയിരുത്തപ്പെടുന്നത് എന്നും സംഘ്പരിവാർ സംഘടനകളുടെ തത്രപ്പാടിൽ നിന്ന് മനസ്സിലാക്കാനുള്ള സമാന്യ ബുദ്ധി കോൺഗ്രസിന് നഷ്ടപ്പെട്ടപ്പോഴാണ് 'പള്ളി പൊളിച്ചതിനെ തങ്ങൾ എതിർക്കുന്നു' എന്ന ഒറ്റവരി പ്രസ്താവനയുടെ യുക്തിരാഹിത്യവുമായി കോൺഗ്രസ് തടിതപ്പിയത്! മുസ്‌ലിംകളിൽനിന്ന് കൈയേറുകയും പിന്നീട് കർസേവകർ പൊളിച്ചുമാറ്റുകയും ശേഷം കോടതിവിധിയുടെ മറവിൽ നടപ്പാക്കുകയും ചെയ്യുന്ന അന്യായങ്ങൾ ഇപ്പോഴും കോൺഗ്രസ് പാർട്ടി ശരിയാവണ്ണം കാണാതെ പോകുകയാണോ?
31 വർഷം മുമ്പാണ് മസ്ജിദ് തകർക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഫാസിസത്തിന്റെ ആദ്യത്തെ കൊടിനാട്ടലായിരുന്നു അത്. ഈ കഴിഞ്ഞ 31 വർഷം ഇന്ത്യ മതേതര ജനാധിപത്യം എന്ന ആശയത്തിൽനിന്ന് ഒരുപാട് വ്യതിചലിച്ച് ഒളിച്ചും പതിഞ്ഞും സഞ്ചരിച്ചു. പള്ളി തകർക്കൽ മാത്രമല്ല കോടതി വിധിപോലും ഹിന്ദുരാഷ്ട്രനിർമ്മിതിക്ക് രാസത്വരകമായി. കോടതി തീർപ്പ് കൽപിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി തർക്ക ഭൂമിയില്ല. രാമജന്മഭൂമി മാത്രം! കോടതി വിധിയുടെ ശേഷം ക്ഷമപാലിച്ച് സമാധാനത്തിന്റെ പതാക ഏന്തിയ ഇന്ത്യൻ മുസൽമാന് 'ആശംസാവചനങ്ങൾ' ചൊരിഞ്ഞ് മാധ്യമത്തെരുവുകൾ സജീവമായി. നാണം കെടുത്തുന്ന 'ആശംസകൾ' ഹിന്ദുത്വയുടെ കളസമിട്ട് നിറഞ്ഞാടി!
ഭയപ്പെട്ടതുകൊണ്ടാണ് കുരക്കാത്തത് എന്നതിനേക്കാൾ വലിയ അശ്ലീലം സമുദായം ഇനി കേൾക്കാനില്ല! എന്നിട്ടും രാജ്യത്തിന്റെ നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തുന്ന ഒരക്ഷരം മുസ്‌ലിംകളിൽനിന്ന് പുറത്തുവന്നില്ല. എന്നാൽ മസ്ജിദ് പൊളിച്ചവർ, അതിന് കൂട്ടുനിന്നവർ, നിസ്സംഗരായി നോക്കിനിന്നവർ, അതിന് അസാധാരണമായി അടിയൊപ്പിട്ടവർ കാലത്തിന്റെ പ്രതിക്കൂട്ടിൽ എത്രയെത്ര ചോദ്യങ്ങൾക്ക് വരുംകാലത്ത്, വരുംതലമുറയോട്, മതേതരവിശ്വാസികളോട് ഉത്തരം പറയേണ്ടിവരും.
ബാബരി മസ്ജിദ് പ്രശ്‌നം യഥാർഥത്തിൽ ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി ഇന്ത്യയിൽ അരങ്ങേറിയിട്ടില്ല. മുഹമ്മദലി ജിന്നയെ ഫാസിസ്റ്റ് എന്ന് വിളിച്ച മൗലാനാ അബുൽ കലാമിനെ വാർത്തെടുത്ത ജനതക്ക്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് മജ്ജയും മാംസവും നൽകിയ മുസൽമാന് ഇന്ത്യയെ 'അവരും ഞങ്ങളും' എന്ന മലിനമായ ദ്വന്ദ്വത്തിലേക്ക് തള്ളിയിടാൻ കഴിയില്ല.
എന്നാൽ; ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന-ഒരു ഇന്ത്യയെ മനസ്സിൽ താലോലിക്കുന്ന ഏവരുടെയും നെഞ്ചകത്തെ നെരിപ്പോടാണ് ബാബരി മസ്ജിദ്!
Content Highlights:Babri: secularists setting fire to ashes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."