തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന് സസ്‌പെന്‍ഷന്‍
തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ച തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന് സസ്‌പെന്‍ഷന്‍. 'മോശം പെരുമാറ്റം' ചൂണ്ടിക്കാട്ടിയാണ് നടപടി. വ്യാഴാഴ്ച രാജ്യസഭ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ 28 നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ അത് അനുവദിച്ചില്ല. പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും ആഭ്യന്ര മന്ത്രി അമിത് ഷാ സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം ഡെറിക ഒബ്രിയാന്‍ ചെയറിന്റെ കസേരക്ക് മുന്നിലെത്തുകയും തന്റെ കൈകള്‍ വായുവില്‍ ചുഴറ്റുകയും ചെയ്തു. പിന്നാലെ ഒബ്രിയാനോട് സഭയില്‍ നിന്നിറങ്ങാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ട് പേര്‍ എം.പിമാര്‍ ഇരിക്കുന്നിടത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഇതേ സമയം പാര്‍ലമെന്റിന് പുറത്തും രണ്ടുപേര്‍ പ്രതിഷേധിച്ചു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലിസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്. പാര്‍ലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറി ജനറല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. രാത്രിയോടെയാണ് കേസിലെ അഞ്ചാമനെന്ന് സംശയിക്കുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലിസ് പിടികൂടുന്നത്.
പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ച സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ഇന്നലെത്തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പൊലിസ് പറയുന്നു.
പ്രതികള്‍ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകപ്രശ്‌നം, മണിപ്പൂര്‍ എന്നീ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."