HOME
DETAILS
MAL
കൊന്നാര് പോരാട്ടം ; തുളച്ച് കയറുന്ന ഓര്‍മകള്‍
backup
October 10 2021 | 02:10 AM
മുജീബ് തങ്ങള്‍ കൊന്നാര്
1921 മലബാര്‍ മാപ്പിള സ്വാതന്ത്ര്യസമരത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. ദേശസ്‌നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി ബ്രിട്ടീഷ് കോളനിവാഴ്ചയോട് സന്ധിയില്ലാ പോരാട്ടം നടത്തി ബ്രിട്ടീഷുകാരുടെ യന്ത്ര തോക്കിന്റെ ബുള്ളറ്റുകള്‍ നെഞ്ചില്‍ തുളച്ചു കയറി അനേകായിരങ്ങളാണ് സ്വന്തം നാടിന് വേണ്ടി സ്വയം ജീവത്യാഗം ചെയ്തത്. 1921 ഒക്ടോബര്‍ 11ന് ആയിരുന്നു കൊന്നാര് ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ടായ കൊന്നാര് സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നേതൃത്വത്തിലുള്ള രണ്ടായിരത്തോളം വരുന്ന മാപ്പിള സൈന്യം കൊന്നാര് പഴയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ടത്.
മണിക്കൂറില്‍ നൂറ് കണക്കിന് ഉണ്ടകള്‍ ഉതിര്‍ക്കുന്ന വെള്ളപ്പട്ടാളത്തിന്റെ മെഷിന്‍ഗണ്ണിന് മുന്നില്‍ കൊന്നാരിലെ വീരപോരാളികള്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വീര രക്തസാക്ഷ്യം വരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധത്തില്‍ കനത്ത ആള്‍ നാശമുണ്ടായി. ബ്രിട്ടീഷ് പട്ടാളത്തിലെ ഒരു ക്യാപ്റ്റനടക്കം മൂന്ന് പട്ടാളക്കാര്‍ കൊന്നാര് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച പഴങ്കല്‍ മുഹമ്മദ് മുസ്‌ലിയാരടക്കമുള്ള വീര മാപ്പിള പോരാളികളുടെ ഖബറുകള്‍, പുതുക്കി പണിത കൊന്നാര് പള്ളിയുടെ കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.
നേരിട്ടും ഒളിയുദ്ധവും
തോല്‍പിക്കാനാവാത്ത വീര്യം
കൊന്നാരിന് പുറമെ കോഴിക്കോട് താലൂക്ക് കേന്ദ്രീകരിച്ചും കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ പടയോട്ടം നടത്തിയതായി ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. കൊന്നാര് മുഹമ്മദ് കോയ തങ്ങളുടെ നേരിട്ടുള്ള യുദ്ധവും ഒളിയുദ്ധവും ബ്രിട്ടീഷുകാരെ പൊറുതിമുട്ടിച്ചു. ഈ പശ്ചാത്തലത്തില്‍ കൊന്നാര് തങ്ങളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇനാം പ്രഖ്യാപിച്ചു. ഈ ഘട്ടത്തില്‍ തങ്ങള്‍ കോഴിക്കോട് താലൂക്കിലെ വനങ്ങളും മലകളും കേന്ദ്രീകരിച്ച് ഒളിയുദ്ധം തുടര്‍ന്നു. ഒളിയുദ്ധത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തിരിച്ചറിയാതിരിക്കാന്‍ തങ്ങള്‍ വേഷപ്രച്ഛന്നനായി നാടുചുറ്റി. പരിശുദ്ധ മക്കയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലാണ് ചില രാജ്യദ്രോഹികള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഇനാമില്‍ ലക്ഷ്യമിട്ടുകൊണ്ട് തങ്ങളെ ഒറ്റിക്കൊടുത്തത്.
ഒറ്റുകാരുടെ ചരിത്രം
ഇതുപ്രകാരം വേഷം മാറി നടക്കുന്ന കൊന്നാര് മുഹമ്മദ് കോയ തങ്ങളെ കൂത്തുപറമ്പില്‍ വച്ച് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തു. തങ്ങളെ ഒറ്റിക്കൊടുത്ത വ്യക്തിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു ഡബിള്‍ ബാരല്‍ തോക്ക് സമ്മാനമായി (ഇനാം) നല്‍കി. മുഹമ്മദ് കോയ തങ്ങളെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹി മാറാരോഗം പിടിച്ച് മരിച്ചുവെന്നാണ് പിന്നീടുള്ള ചരിത്രം. കൊന്നാര് തങ്ങളെ അറസ്റ്റ് ചെയ്തതിന് ശേഷം 1922 ഓഗസ്റ്റ് 29, 30 തീയതികളില്‍ ആമു സൂപ്രണ്ട് മൊഴി എടുത്തതിന് ശേഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജാവിനെതിരെ യുദ്ധം ചെയ്ത കുറ്റവും കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന ആരോപണവും ഉന്നയിച്ച് 1923 മാര്‍ച്ച് 23ന് സ്‌പെഷ്യല്‍ ജഡ്ജി ജാക്‌സണ്‍ ഇന്ത്യന്‍ പീനല്‍കോഡ് 121, 302,114 വകുപ്പുകള്‍ ചുമത്തി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. വെറും പ്രഹസനാപരമായ വിചാരണക്ക് ശേഷമായിരുന്നു കൊന്നാര് തങ്ങളെ തുക്കിക്കൊല്ലാന്‍ വിധിച്ചത്.
ഒടുങ്ങാത്ത വീര്യം
കൊന്നാര് തങ്ങളുടെ മേല്‍ വധശിക്ഷ വിധിച്ചു തൂക്കി കൊന്നുവെന്നാണ് ചരിത്ര രേഖകളില്‍ കാണുന്നതെങ്കിലും ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു കഥയാണ് കൊന്നാരിലെ പഴമക്കാര്‍ക്ക് പറയാനുള്ളത്. പട്ടാളക്കോടതി തങ്ങളെ തൂക്കി കൊല്ലുന്നതിന് മുമ്പ് അന്ത്യാഭിലാഷം വല്ലതുമുണ്ടോയൊന്നു ചോദിച്ചുവത്രെ. അപ്പോള്‍ തങ്ങള്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ച വെള്ളം കൊണ്ട് അംഗസ്‌നാനം ചെയ്ത തങ്ങള്‍ രണ്ട് റക്അത്ത് നിസ്‌കരിച്ചു. നിസ്‌കാരാനന്തരം ആ പ്രദേശമാകെ ഒരു ഇരുട്ട് വ്യാപിക്കുകയും ഇരുട്ടിന്റെ മറവില്‍, തൂക്കിക്കൊല്ലാന്‍ കൊണ്ടുപോയ സ്ഥലത്ത് നിന്ന് കൊന്നാര് മുഹമ്മദ് കോയ തങ്ങള്‍ ബുഖാരി അപ്രത്യക്ഷനായി എന്നും പറയപ്പെടുന്നു.
ഓര്‍മകളുടെ വീണ്ടെടുപ്പ്
ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റ കൊന്നാര് പഴയ പള്ളി 1985ല്‍ പുനര്‍നിര്‍മാണത്തിന് വേണ്ടി പൊളിച്ചപ്പോള്‍ കലാപകാലത്ത് പട്ടാളം തൊടുത്തുവിട്ട അനേകം ബുള്ളറ്റുകള്‍ തകര്‍ന്നിടിഞ്ഞ പള്ളിയുടെ ഭിത്തികളില്‍ നിന്നു കണ്ടെടുക്കുകയുണ്ടായി. കൊന്നാരിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് സാക്ഷ്യംവഹിച്ച കൊന്നാര് പഴയ മുഹ്‌യുദ്ദീന്‍ മുനാരം പള്ളി ഇന്ന് ചരിത്രത്തിന്റെ ഭാഗമാണങ്കിലും തല്‍സ്ഥാനത്ത് 1987ല്‍ പുതുക്കി നിര്‍മിച്ച പള്ളിയുടെ കിഴക്ക് വശത്തുള്ള ഒരു വാതിലില്‍ കലാപകാലത്ത് ബ്രിട്ടീഷുകാരുടെ മെഷിന്‍ ഗണ്ണില്‍ നിന്നു തൊടുത്തുവിട്ട ഒരു ബുള്ളറ്റ് ഇപ്പോഴും കാണാം. ഏകദേശം ഒന്നര ഇഞ്ച് നീളം വരുന്ന ഈ ബുള്ളറ്റിന്റെ ഉള്‍ഭാഗം ഈയവും പുറംഭാഗം പിച്ചളയും കൊണ്ടുള്ള ഒരു കവറിങ്ങുമുണ്ട്.
മലബാര്‍ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളും ചരിത്രശേഷിപ്പുകളും ഇല്ലാതാക്കാന്‍ പ്രതിലോമശക്തികള്‍ പെടാപാട് പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചരിത്ര സ്മാരകങ്ങളായ ബുള്ളറ്റുകള്‍ക്ക് ഏറെ ചരിത്ര പ്രധാന്യമുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് 2018ല്‍ പ്രസിദ്ധീകരിച്ച രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് പോലും 1921ലെ വീരരക്തസാക്ഷികളെ നീക്കംചെയ്യാന്‍ തീരുമാനിച്ച ആസുരകാലത്താണല്ലോ നാം ജീവിക്കുന്നത്. മലബാര്‍ സമരത്തെ വര്‍ഗീയമായും ഹിന്ദു മുസ്‌ലിം സംഘട്ടനമായും ചിത്രീകരിക്കുന്നവര്‍ വന്ന് കാണട്ടേ മാപ്പിള വീരകേസരികളുടെ നെഞ്ച് തുളച്ചുകയറിയ കൊന്നാരിലെ ഇത്തരം ബ്രിട്ടീഷ് ബുള്ളറ്റുകള്‍.
കൊന്നാര് പട
(കൊന്നാര് തങ്ങളുടെ സൈന്യത്തിലെ പ്രധാനികള്‍ ഇവരായിരുന്നു)
കൊന്നാര് വലിയുണ്ണിതങ്ങള്‍
കൊന്നാര് ഇമ്പിച്ചിക്കോയ തങ്ങള്‍
(ഇദ്ദേഹത്തിന്റെ പേര് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യാന്‍ തീരുമാനിച്ച രക്തസാക്ഷി നിഘണ്ടുവില്‍ ഉണ്ട്)
കൊന്നാര് ചെറുകുഞ്ഞിക്കോയ തങ്ങള്‍
കളത്തില്‍ വലിയ കോയ കുട്ടി തങ്ങള്‍
കോലോത്തും തൊടി കോയക്കുട്ടി തങ്ങള്‍
കൊന്നാര് ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ട് ചെറുവലത്ത് ഉസ്മാന്‍
എഴുത്തുംതൊടി ചേക്കുട്ടി മൊല്ല
ചോലക്കര അഹ്മദ്
എറക്കോടന്‍ ഇബ്രാഹീം
ശഹീദ് പഴങ്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍
ചാലിയപ്രത്ത് കോയക്കുട്ടി തങ്ങള്‍
തൈത്തോട്ടത്തില്‍ കുഞ്ഞഹമ്മദ്
പത്തായത്തിങ്ങല്‍ ചെറിയ മോയിന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."