കേരളം കണ്ട അത്യപൂര്‍വ്വ കൊലപാതകം ഉത്ര കേസിന്റെ നാള്‍വഴികള്‍; വിധി നാളെ
തിരുവനന്തപുരം: കേരളം കണ്ട അത്യപൂര്‍വ്വ കൊലപാതകക്കേസായ ഉത്ര കേസില്‍ നാളെ (ഒക്ടോബര്‍ 11- 2021) വിധിപറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്.
സൂരജ് മാത്രമാണ് കേസില്‍ പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് കേസില്‍ മാപ്പു സാക്ഷിയാണ്.
2020 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭര്‍തൃവീട്ടില്‍ വെച്ച് മാര്‍ച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഉത്രയെ വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണാഭരണങളും കാറും പണവും നഷ്ടപെടുമെന്ന ആശങ്കയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു.
കൊലപാതക ദൃശ്യങ്ങള്‍ പുനരാവിഷ്‌ക്കരിച്ച് അന്വേഷണം
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാന്‍ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌ക്കരിച്ചിരുന്നു.
മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ചാണ് പൊലിസ് ഡമ്മി പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.
ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുണ്ടായ ദൂരം 1.7 സെന്റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ ദൂരം 2 സെന്റി മീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്റി മീറ്റര്‍ വരെയായിരുന്നു.
ഒരാളെ സ്വാഭാവികമായി പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ തമ്മിലുളള ദൂരം എപ്പോഴും 2 സെന്റി മീറ്ററില്‍ താഴെയായിരിക്കും. എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുളള ആഴം ഇതിലും ഉയര്‍ന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഈ ഡമ്മി പരിശോധന പൊലിസ് നടത്തിയത്. 2020 ആഗസ്റ്റില്‍ കൊല്ലം അരിപ്പയിലുളള വനം വകുപ്പ് കേന്ദ്രത്തില്‍ വച്ചാണ് പൊലിസ് ഈ ഡമ്മി പരിശോധന നടത്തിയത്.
ഇതിനായി ഉത്രയുടേത് കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.
കേസിന്റെ നാള്‍വഴികള്‍
2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
2020 മാര്‍ച്ച് 2 ഉത്രക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നു
മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍
ഏപ്രില്‍ 22ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്
ഏപ്രില്‍ 22 നും മെയ് 7 നും ഇടയില്‍ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം
മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി
മെയ് ഏഴിന് ഉത്രയുടെ മരണം
അന്ന് മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയം
മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു
മെയ് 12ന് വീട്ടുകാര്‍ പൊലിസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു
മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേര്‍ന്ന് റൂറല്‍ എസ് പി ഹരിശങ്കറിന് പരാതി നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."