HOME
DETAILS

സുലൈമാൻ സേട്ട് നൂറിൻ്റെ നിറവിൽ ; ശൂന്യമായ ആ സിംഹാസനത്തിന് മുന്നിൽ

  
backup
November 06 2021 | 04:11 AM

96534563-2021

കാസിം ഇരിക്കൂർ

'നിൻ്റെ ആവാസം രാജകീയ കൊട്ടാരത്തിൻ്റെ താഴികക്കുടത്തിനു മീതെയല്ല
പർവത ശിഖരങ്ങളിലെ പാറക്കെട്ടുകളിൽ ജീവിക്കേണ്ട ഷാഹീൻ പരുന്താണ് നീ'
മഹാകവി ഇഖ്ബാലിൻ്റെ ഈ ഈരടികൾ സന്ദർഭം കിട്ടുമ്പോഴെല്ലാം യുവാക്കളെ ഓർമപ്പെടുത്തുന്ന ഒരു നേതാവുണ്ടായിരുന്നു നമുക്കിടയിൽ. അനുയായികൾ 'മെഹബൂബേ മില്ലത്ത്' എന്ന് സ്നേഹാദരവുകളോടെ വിളിക്കുന്ന, ഇബ്രാഹീം സുലൈമാൻ സേട്ട്. എന്തുകൊണ്ട് നിങ്ങൾ ഷാഹീൻ പക്ഷിയെ മാതൃകയാക്കണം എന്ന് യുവതയ്ക്ക് വിവരിച്ചുകൊടുക്കാനും അദ്ദേഹം മറക്കാറില്ല. 'അത്യുന്നതങ്ങളിലേ അത് പറക്കാറുള്ളൂ. അതീവ സൂക്ഷ്മദൃഷ്ടി പരിസരം മുഴുവനും കാണാൻ അതിനെ പ്രാപ്തമാക്കുന്നു. സർഗാത്മകത വിരിയിക്കുന്നതിന് ഒറ്റക്കിരിക്കാനുള്ള ത്വര അപാരമാണ്. ഈ ജീവിതത്തിൻ്റെ നശ്വരത വിളംബരം ചെയ്തുകൊണ്ട് ഷാഹീൻ പക്ഷികൾ സ്വന്തമായി കൂട് കൂട്ടാറില്ല. മറ്റു ജീവികൾ ഭക്ഷിച്ചതിൻ്റെ ഉച്ഛിഷ്ടം ഒരിക്കലും തൊടാറില്ല'. ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം സാമൂഹിക ഔന്നത്യവും ക്രാന്തദർശിത്വവും അസ്തിത്വബോധവും അന്തസുള്ള ഒരു ജനതയായിരുന്നു സേട്ട് സാഹിബിൻ്റെ സ്വപ്നത്തിലുണ്ടായിരുന്നത്. പക്ഷേ, കാലത്തിൻ്റെ വെല്ലുവിളികൾ തീക്ഷ്ണമായ ജീവിതപരീക്ഷണങ്ങൾ അദ്ദേഹത്തിൻ്റെ മുന്നിൽ കൊണ്ടിട്ടപ്പോൾ ആ സ്വപ്നങ്ങൾ സാക്ഷാകത്കരിക്കപ്പെട്ടില്ല എന്നുമാത്രമല്ല, അസ്തിത്വത്തിനും അന്തസിനുംവേണ്ടി പോരാടുന്നവരെ നയിക്കേണ്ട നിയോഗമാണ് കാലം അദ്ദേഹത്തിൻ്റെ ചുമലിലേറ്റിയത്.
ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇബ്രാഹീം സുലൈമാൻ സേട്ട് ജന്മശതാബ്ദിയുടെ നിറവിലാകുമായിരുന്നു ഇന്ന്. ആറ് ദശകങ്ങളോളം ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആ അപൂർവ വ്യക്തിത്വത്തിൻ്റെ ജനനം 1922നവംബർ മൂന്നിനാണ്. മൈസൂർ സ്വദേശി മുഹമ്മദ് സുലൈമാൻ്റെയും തലശ്ശേരിക്കാരി സൈനബ ബായിയുടെയും പുത്രനായി ബംഗളൂരുവിലാണ് സേട്ട് ജനിച്ചത്. കേരള മുസ്‌ലിംകളുടെ നവോത്ഥാന അരുണോദയങ്ങൾക്ക് സാക്ഷിയായ തലശ്ശേരിയിലെ ബാല്യകാലം രാഷ്ട്രീയാഭിരുചി വളർത്തി. സീതിസാഹിബിനൊപ്പം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് മലബാറിൽ ബീജാവാപം നൽകിയ അബ്ദുസ്സത്താർ സേട്ടാണ് സുലൈമാൻ സേട്ടിനെ രാഷ്ട്രീയത്തിൽ കൈപിടിച്ചുനടത്തിച്ചത്. 1948ൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് മദിരാശിയിൽ പിറന്നുവീണപ്പോൾ, മൈസൂരിൽ അതിൻ്റെ സാരഥ്യം ഏറ്റെടുക്കാൻ സേട്ട് ആവേശം കാണിച്ചു. പക്ഷേ, 1949ൽ മട്ടാഞ്ചേരിയിലെ പ്രമാണിമാരിലൊരാളായ മുഹമ്മദ് അബ്ദുൽ ലത്തീഫ് സാബുവാനി സേട്ടിൻ്റെ ഏകപുത്രി മറിയംബായിയുമായുള്ള വിവാഹത്തോടെ സുലൈമാൻ സേട്ടിൻ്റെ ജീവിതം കേരളത്തിലേക്ക് പറിച്ചുനടുകയായിരുന്നു. അതോടെ, രാഷ്ട്രീയ കമർഭൂമിയായി കേരളം തെരഞ്ഞെടുത്തു.


ജില്ലാ ഭാരവാഹിത്വമേറ്റെടുത്തുകൊണ്ട് തുടങ്ങിയ പ്രയാണം 1960ൽ മുസ്‌ലിം ലീഗിന് ആദ്യമായി കൈവന്ന രാജ്യസഭാ സീറ്റിലേക്ക് നിർദേശിക്കപ്പെടും വരെയെത്തി. സേട്ടിലെ കഴിവുറ്റ രാഷ്ട്രീയക്കാരനെ കണ്ടെത്തിയ സീതിസാഹിബ് ആയിരുന്നുവെത്ര ഈ തീരുമാനത്തിന് ബാഫഖി തങ്ങളെ േപ്രരിപ്പിച്ചത്. 1960തൊട്ട് ദേശീയ രാഷ്ട്രീയമായിരുന്നു സുലൈമാൻ സേട്ടിൻ്റെ കളരി. ജവഹർലാൽ നെഹ്റുവിന് കീഴിൽ വിഭജനാനന്തര ഇന്ത്യ സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പാതയിലൂടെ സഞ്ചരിച്ച ഒന്നര പതിറ്റാണ്ടിൻ്റെ അനുഭവങ്ങൾ സമ്മാനിച്ച സ്വപ്നങ്ങൾക്ക് മങ്ങലേൽപിച്ചുകൊണ്ട് വർഗീയകലാപങ്ങളും മതേതര വിരുദ്ധനീക്കങ്ങളും പല കേന്ദ്രങ്ങളിൽനിന്നും ഉണ്ടായത് സേട്ടിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് മൂർച്ച കൂട്ടി. ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിൻ്റെ പക്വമാർന്ന നേതൃത്വമാണ് സേട്ടിന് വഴികാട്ടിയായത്. മുസ്‌ലിം ന്യൂനപക്ഷത്തെ രാഷ്ട്രീയ മുഖ്യധാരയിലെത്തിക്കുകയും അവരുടെ സാമൂഹികോന്നതിക്കായി പോരാടുകയും ചെയ്യുകയാണ് തങ്ങളുടെ കർത്തവ്യമെന്ന് സേട്ടുവും സഹപ്രവർത്തകരും വിശ്വസിച്ചിരുന്നു.
അതേസമയം, 1970കളോടെ ദേശീയ രാഷ്ട്രീയം കലുഷിതമായ വിഷമസന്ധികളിലൂടെ നടന്നുനീങ്ങിയപ്പോൾ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങൾ പല ഭാഗത്തുനിന്നും പൊട്ടിമുളക്കുകയും വലുതുപക്ഷ ശക്തികൾ അതിൽനിന്ന് മുതലെടുപ്പ് നടത്താൻ കുത്സിത അജൻഡയുമായി അണിയറയിൽ സജീവമാവുകയും ചെയ്തു. ആ സാഹചര്യങ്ങളാണ് സേട്ടിൻ്റെ രാഷ്ട്രീയത്തിന് ഈടുംപാവും നൽകുന്നത്. വർഷാവർഷം ദേശീയോത്സവം പോലെ നടമാടുന്ന വർഗീയ കലാപങ്ങൾ, അലീഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി പോലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ഉർദു ഭാഷക്കും എതിരേ ഉയരുന്ന ഭീഷണി, ശരീഅത്ത് നിയമങ്ങൾക്കെതിരേ ജുഡീഷ്യറിയിൽനിന്നും ഭരണകൂടത്തിൽനിന്നും ഏറ്റുവാങ്ങേണ്ടവന്ന വെല്ലുവിളികൾ, ന്യൂനപക്ഷ–ദുർബല വിഭാഗങ്ങളുടെ ശാക്തീകരണ വഴിയിൽ ഭരണകൂടം ദീക്ഷിക്കുന്ന അലംഭാവം –ഇവയെല്ലാം ഇന്ത്യൻ മതേതര വ്യവസ്ഥയുടെ ദൗർബല്യങ്ങളിലേക്കും പരിമിതികളിലേക്കും സേട്ടിൻ്റെ ചിന്തയിൽ കടന്നൽക്കൂട് ഇളക്കിവിട്ടു. കേരളത്തിൽ മുസ്‌ലിം ലീഗും കോൺഗ്രസും ഒരുമിച്ചിരുന്ന് ഭരിച്ച അടിയന്തരാവസ്ഥയുടെ ഇരുൾമുറ്റിയ നാളുകളിൽ, ഡൽഹിയിലെ തുർക്കുമാൻ ഗേറ്റിൽ നിരാലംബർ കുടിയിറക്കപ്പെട്ടതും സഞ്ജയ് ഗാന്ധി ആവേശത്തോടെ നടപ്പാക്കിയ നിർബന്ധ കുടുംബാസൂത്രണ പദ്ധതി മുസ്‌ലിംകളെ ലക്ഷ്യമിട്ടതുമെല്ലാം ഭരണകൂട അതിക്രമങ്ങൾക്കെതിരേ പൊരുതുന്ന, എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവാക്കി.


സേട്ടുവിലെ യഥാർഥ പോരാളിയെ രാജ്യം ദർശിക്കുന്നത് എൺപതുകളുടെ രണ്ടാം പാദത്തിലാണ്. ഇന്ദിരാ ഗാന്ധി തുടങ്ങിവച്ച ഏകാധിപത്യ പ്രവണത ജനാധിപത്യത്തെ അർഥശൂന്യമാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് വർഗീയത പുണരാൻ മതേതരത്വത്തിൻ്റെ ഉപാസകരായ കോൺഗ്രസ് ഉത്സുകരാവുന്നുവെന്ന യാഥാർഥ്യം അദ്ദേഹത്തെ മാറിച്ചിന്തിപ്പിച്ചു. രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്താൻ പറ്റുന്ന 'ഭൂരിപക്ഷ വർഗീയത' ഇവിടെ നിർലീനമായി കിടക്കുന്നുണ്ട് എന്ന് ആദ്യമായി മനസിലാക്കിയത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980ൽ അധികാരത്തിലേക്ക് തിരിച്ചുവരുന്നത് ആർ.എസ്.എസിൻ്റെ പരോക്ഷ പിന്തുണയോടെയായിരുന്നു. ഖാലിസ്ഥാൻ പ്രക്ഷോഭം ആയുധമുഷ്ക്ക് കൊണ്ട് അടിച്ചമർത്തിയത് ഭൂരിപക്ഷവിഭാഗത്തിൻ്റെ മനസ് കീഴടക്കാനാണ്. പക്ഷേ, ആ തന്ത്രം ബൂമറാങ്ങായി ഭവിച്ചപ്പോൾ ഇന്ദിരക്ക് ജീവൻ ബലി കൊടുക്കേണ്ടിവന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ഗാന്ധിയാവട്ടെ, തുടക്കത്തിൽ കാഴ്ചവച്ച സ്വപ്നഭരിതമായ ഭരണത്തിൽനിന്ന് പെട്ടെന്ന് വർഗീയ പ്രീണനനയം എടുത്തുപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് വിശ്വഹിന്ദുപരിഷത്തിൻ്റെ നേതൃത്വത്തിലുള്ള രാമജന്മഭൂമി പ്രക്ഷോഭം കരുത്താർജിക്കുന്നതും ദേശീയ രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കുന്നതും. കോൺഗ്രസിൻ്റെ വർഗീയപ്രീണന നയത്തിനെതിരേ സുലൈമാൻ സേട്ട് പരസ്യമായി പോരാട്ടം തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ബാബരി മസ്ജിദ് പൂജക്കായി തുറന്നുകൊടുത്തതും ശിലാന്യാസത്തിന് തർക്കസ്ഥലം വിട്ടുകൊടുത്തതും രാമജന്മഭൂമി കർസേവക്ക് സൗകര്യങ്ങളേർപ്പെടുത്തിയതും എൽ.കെ അദ്വാനിയുടെ രക്തപങ്കിലമായ രഥയാത്രയെ തടയാൻ കൂട്ടാക്കാതിരുന്നതുമെല്ലാം കോൺഗ്രസ് ആശ്ലേഷിക്കുന്ന മൃദുഹിന്ദുത്വയുടെ ഫലമാണെന്ന് സേട്ട് ഉറക്കെ വിളിച്ചുപറഞ്ഞു. മുസ്‌ലിം ലീഗ് കേരള ഘടകം അത് കേട്ട് ക്ഷുഭിതരായി. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടെ പ്രധാനമന്ത്രി പി.വി നരസിഹറാവുവിനെ പ്രതിസ്ഥാനത്ത് നിർത്തി സേട്ട് നടത്തിയ പോരാട്ടം, ഒടുവിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ വലിച്ചു താഴെയിടുന്നതിൽ കലാശിച്ചു. തോറ്റുകൊടുക്കാൻ തയാറല്ലാത്ത സേട്ട് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷനൽ ലീഗ് എന്ന പുതിയ പാർട്ടിക്ക് ബീജാവാപം നൽകിക്കൊണ്ട് മറ്റൊരു വഴിക്ക് സഞ്ചരിക്കാൻ ധൈര്യം കാട്ടി. 2005ൽ അന്ത്യശ്വാസം വലിക്കുന്നത് വരെ ഐ.എൻ.എല്ലിനെ ഇടതുപക്ഷ–മതേതര സഖ്യത്തിൻ്റെ ഭാഗമായി വളർത്താനാണ് അദ്ദേഹം കഠിനാധ്വാനം ചെയ്തത്.


20ാം നൂറ്റാണ്ടിൽ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൻ്റെ രാഗദ്വേഷങ്ങൾക്കൊത്ത് ആദർശാധിഷ്ഠിതമായ രാഷ്ട്രീയനിലപാട് കൈകൊണ്ട അപൂർവം നേതാക്കളിലൊരാളാണ് ഇബ്രാഹീം സുലൈമാൻ സേട്ട്. സ്ഥാനമാനങ്ങൾക്ക് വിലകൽപിക്കാതെ മനഃസാക്ഷിക്കൊത്ത് കനൽപഥങ്ങളിലുടെ സഞ്ചരിക്കാൻ ധൈര്യം കാണിച്ചതിൻ്റെ പേരിൽ ജീവിത സായാഹ്നത്തിൽ അദ്ദേഹത്തിന് പലതും നഷ്ടപ്പെട്ടു. പക്ഷേ അതിലൊന്നും ഖിന്നനായിരുന്നില്ല. 20കോടിയിലേറെ വരുന്ന ന്യൂനപക്ഷങ്ങളുടെ അരക്ഷിതമായ ജീവിതം കൺമുമ്പിൽ സംഭ്രാന്തി പരത്തുമ്പോൾ, ഇടനെഞ്ച് പിടിച്ചുലക്കുന്ന നിസ്സഹായതയുടെ ഒരു ചോദ്യമുയരുന്നുണ്ട്: സേട്ട് സാഹിബേ, ഈ വിഷമസന്ധിയിൽ ഞങ്ങളെ നയിക്കാൻ ഓർമകളിൽനിന്ന് അങ്ങയ്ക്ക് ഇറങ്ങിവന്നുകൂടേ എന്ന് ! പാർലമെൻ്റിനകത്തും പുറത്തും മുഴങ്ങിയ ആ ഇടിനാദങ്ങളുടെ അഭാവമാണ് നരേന്ദ്രമോദിക്കും അമിത്ഷാക്കുമൊക്കെ സ്വൈരവിഹാരം നടത്താൻ ധൈര്യം പകരുന്നത്. സേട്ടിൻ്റെ സിംഹാസനം ഇപ്പോഴും ശൂന്യമായി കിടക്കുകയാണ്. മതേതര ഇന്ത്യ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴെല്ലാം ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി സത്യം വിളിച്ചുപറഞ്ഞ സേട്ടിനെപ്പോലുള്ള, ആർജവത്തിൻ്റെ ആൾരൂപങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. എന്നാലേ കാലം തേടുന്ന മറ്റൊരു ഇബ്രാഹീം നമുക്കിടയിലേക്ക് കടന്നുവരുകയുള്ളൂ.

(െഎ.എൻ.എൽ സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago