ഒമിക്രോണ്‍ ഡെല്‍റ്റയേക്കാൾ അപകടകാരിയോ? ഡബ്ല്യുഎച്ച്ഒ പറയുന്നതിങ്ങനെ..
അടുത്തിടെ ആളുകളില്‍ വീണ്ടും ഭീതി നിറക്കുന്ന വൈറസ് സാന്നിധ്യമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ നോവല്‍ കൊറോണ വൈറസ് വകഭേദമായ് ഒമിക്രോണ്‍.2021 നവംബര്‍ ഒന്നിന് ബോട്‌സ്വാനയിലാണ് ഈ വകഭേദദം ആദ്യമായി കണ്ടെത്തിയത്. ചൈനയില്‍ 2019ല്‍ കണ്ടെത്തിയ നോവല്‍ കൊറോണ വൈറസില്‍ നിന്ന് ഒട്ടേറെ തവണ ജനിതകമാറ്റം സംഭവിച്ചാണ് ഒമിക്രോണ്‍ വകഭേദം ഉണ്ടായിരിക്കുന്നത്.
അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പേരില്‍ തങ്ങളെ ശിക്ഷിക്കരുതെന്ന് യാത്രാനിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു.എന്നാല്‍ ഒമിക്രോണ്‍ വൈറസിനെ കുറിച്ച് ലോകാരോഗ്യ സംഘടനകള്‍ കൂടുതല്‍ പഠിച്ചുവരികയാണ്.
ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തലുകള്‍
- നേരത്തെ കൊവിഡ് ബാധിച്ചവരെ പുതിയ വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക കണ്ടെത്തല്‍.
- ഡെല്‍റ്റ ഉള്‍പ്പെടെ മറ്റ് കൊവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന്റെ വ്യാപനശേഷി അഥവാ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആര്‍ടി-പിസിആര്‍ പരിശോധനയിലൂടെ പുതിയ വകഭേദത്തെ കണ്ടെത്താനാകും
- വാക്‌സിന് എത്രത്തോളം ഈ വകഭേദത്തെ തടയാനാകുമെന്ന് വിദഗ്ധരുടെ സഹായത്തോടെയുള്ള പരിശോധന തുടരുകയാണ്
- ഒമിക്രോണ്‍ രോഗികളുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മറ്റ് കൊവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ലക്ഷണങ്ങള്‍ ഇതുവരെ ഒമിക്രോണ്‍ ബാധിതരില്‍ കണ്ടെത്തിയിട്ടില്ല
- പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ്. എന്നാല്‍ ഇത് ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. ആകെ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതും കാരണമാകാം.
ഒമിക്രോണിനെ തുടക്കത്തിലേ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകരാജ്യങ്ങള്‍. യാത്രാവിലക്കുകളും നിയന്ത്രണങ്ങളും കടുപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. അതേസമയം ഡെല്‍റ്റയേക്കാള്‍ ആറിരട്ടി വ്യാപനശേഷി കൂടുതലാണ് ഒമിക്രോണിനെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ ബാധിച്ചവരെ നിരീക്ഷണത്തിന് വിധേയമാക്കിയും ജിനോം പരിശോധകളിലൂടെയും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതും തുടരണം. സാമൂഹ്യാകലം ഉറപ്പു വരുത്തണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു.
ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പലരാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. തെക്കന്‍ കൊറിയ, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഒമാന്‍, ഹംഗറി, ഇന്തോനേഷ്യ, ടുണീഷ്യ എന്നിവര്‍ പുതുതായി യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഓസ്ട്രിയയും സ്ലോവാക്യയും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."