ഇന്ത്യയിൽ നാല് വർഷത്തിനിടെ 1.66 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വേദാന്ത ഗ്രൂപ്പ്
ഇന്ത്യയില്‍ അടുത്ത നാല് വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്‍റെ (ഏകദേശം 1.66 ലക്ഷം കോടി ഇന്ത്യൻ രൂപ) നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. രാജ്യത്തെ തന്നെ പ്രമുഖ മൈനിങ് - സ്റ്റീൽ വ്യവസായം നടത്തുന്ന കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത. നിലവിൽ വേദാന്ത തുടരുന്ന ബിസിനസുകൾക്ക് പുറമെ ടെക്നോളജി, ഇലക്ട്രോണിക്സ്, ഗ്ലാസ് ബിസിനസുകളിലാവും വേദാന്ത പുതുതായി നിക്ഷേപം നടത്തുക.
സെമി കണ്ടക്ടർ, മൊബൈൽ/ലാപ്ടോപ് സ്ക്രീൻ എന്നിവയ്ക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലാണ് വേദാന്ത സെമികണ്ടക്ടർ പ്ലാന്‍റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അതിനായി പങ്കാളികളെ തേടുകയാണ് കമ്പനി. നേരത്തെ തായ്‌വാൻ സെമികണ്ടക്ടർ കമ്പനി ഫോക്സ്കോണുമായി സംയുക്ത സംരംഭം തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യയ്ക്ക് പുറത്താണ് ഇപ്പോൾ വേദാന്തയുടെ ഗ്ലാസ് നിർമാണം. താമസിയാതെ ഇന്ത്യയിലേക്കു നിർമാണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
അതേസമയം നിലവിൽ നഷ്ടത്തിലുള്ള സ്റ്റീൽ ബിസിനസ് പ്രതീക്ഷിക്കുന്ന വില ലഭിച്ചാൽ മാത്രമേ വിൽക്കുകയുള്ളൂ എന്നും അനിൽ അഗർവാൾ വ്യക്തമാക്കി. അല്ലാത്ത പക്ഷം സ്റ്റീൽ മേഖലയിൽ തുടരാനാണ് വേദാന്തയുടെ തീരുമാനം. 12 ബില്യൺ ഡോളറിന്‍റെ കടബാധ്യതയാണ് വേദാന്ത ഗ്രൂപ്പിനുള്ളത്.
തൻ്റെ മാതൃരാജ്യത്തെ വളരാൻ സഹായിക്കുന്നതിൽ ഒരു പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിന് നയപരമായ മുന്നണിയിൽ നിന്ന് ശക്തമായ പിന്തുണ ആവശ്യമാണെന്നും ബീഹാറിൽ നിന്നുള്ള ശതകോടീശ്വരൻ കൂടിയായ അനിൽ അഗർവാൾ പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ വിനോദ ബിസിനസിൽ നിക്ഷേപം നടത്താനും ഗ്രൂപ്പ് നോക്കാമെന്നും എന്നാൽ ടൈംലൈനോ നിക്ഷേപ വിശദാംശങ്ങളോ തീരുമാനിച്ചിട്ടില്ലെന്നും അഗർവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."