സൗരോര്‍ജ പദ്ധതികളുടെ അതിപ്രസരം:വിതരണ ശൃംഖലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിലയിരുത്തല്‍
തൊടുപുഴ: ഗാര്‍ഹികം അടക്കമുള്ള സൗരോര്‍ജ പ്ലാന്റുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിതരണ ശൃംഖലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍. സാങ്കേതികവും വാണിജ്യപരവുമായ നിരവധി പ്രശ്‌നങ്ങളാണ് നേരിടാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് വിശദമായി പഠനം നടത്തി പരിഹാരം കണ്ടെത്താന്‍ സിസ്റ്റം ഓപ്പറേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുനില്‍ എന്‍. എക്‌സ് ടീം ലീഡറായി ഒമ്പതംഗ വിദഗ്ധ സമിതിയെ ബോര്‍ഡ് നിയോഗിച്ചു. വര്‍ധിച്ചുവരുന്ന സോളാര്‍ വ്യാപനത്തിന്റെ സാമ്പത്തിക ആഘാതവും സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ച് കൊമേഴ്‌സ്യല്‍ ആന്‍ഡ് താരിഫ് ചീഫ് എന്‍ജിനീയറുടെ ശുപാര്‍ശ പ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
ഗ്രിഡുകള്‍ അടക്കം സാങ്കേതികമായി സജ്ജമാക്കാതെയാണ് സോളാര്‍ പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ജനറേറ്ററുകളില്‍ സംഭവിക്കാറുള്ളതുപോലെ സോളാര്‍ പദ്ധതിയിലേക്ക് വൈദ്യുതി തിരികെ പ്രവഹിച്ച് വന്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കെ.എസ്.ഇ.ബി വിലയിരുത്തുന്നു. ഇത് തടയാനുള്ള സാങ്കേതിക സംവിധാനം രൂപപ്പെടുത്തിയിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറുകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഗ്രോസ് മീറ്ററിങ് സംവിധാനം വേണമെന്ന ആവശ്യം റഗുലേറ്ററി കമ്മിഷന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇത് ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആന്ധ്രയില്‍ ഗ്രോസ് മീറ്ററിങ് നിലവില്‍ വന്നുകഴിഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ സോളാര്‍ പദ്ധതികള്‍ക്ക് സബ്‌സിഡി നിര്‍ത്തലാക്കിയിട്ടും കേരളത്തില്‍ സബ്‌സിഡി തുടരുകയാണ്. നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ സോളാര്‍ പദ്ധതികള്‍ക്ക് പ്രത്യേക ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിന്യൂവബിള്‍ എനര്‍ജി സംബന്ധിച്ച് പുതിയ ഭേദഗതികള്‍ കൂടി അവതരിപ്പിക്കുന്നതോടെ സ്ഥിതി കൂടുതല്‍ വഷളായേക്കും. ഈ സാഹചര്യത്തില്‍ സോളാര്‍ വ്യാപനത്തിന്റെ ആഘാതവും പ്രശ്‌നങ്ങളും തിരിച്ചറിയുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും വിശദമായ പഠനം അനിവാര്യമാണെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. സുരേഷ്‌കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എച്ച്.എന്‍ സുബ്രഹ്മണി, എസ്.ആര്‍ രമ്യ, സീമ പി. നായര്‍, ഷൈന്‍ രാജ്, ബി.എസ് ഷാന്‍, അസി. എന്‍ജിനീയര്‍മാരായ പി. പ്രസീദ, രാകേഷ് പ്രസന്നന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. 2024 ജൂണ്‍ 10 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."