ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപെടാന്‍ ശ്രമിച്ചെന്ന് റഷ്യ; ആരോപണം നിഷേധിച്ച് യു.എസ്
മോസ്‌കോ: ഇന്ത്യയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അസ്ഥിരപ്പെടുത്താന്‍ യു.എസ് ശ്രമിച്ചെന്ന ആരോപണവുമായി റഷ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍.ടി ന്യൂസിന്റെ ഇന്ത്യ വിഭാഗം പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് ഫെഡറല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
യു.എസ് ഫെഡറല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ യു.എസ് ശ്രമിച്ചെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് യു.എസ് ഫെഡറല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് മനസിലാക്കാതെയല്ല ഇത്തരമൊരു റിപ്പോര്‍ട്ടെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയോട് യു.എസ് ബഹുമാനം കാണിച്ചില്ലെന്നും റഷ്യ പറഞ്ഞു.
അതേസമയം, റഷ്യയുടെ ആരോപണം നിഷേധിച്ച് യു.എസ് രംഗത്തെത്തി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറാണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപ്പെട്ടിട്ടില്ല. ലോകത്ത് ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപ്പെടില്ല. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നത് ഇന്ത്യന്‍ ജനതയാണെന്നും മാത്യു മില്ലര്‍ പറഞ്ഞു.
അന്താരാഷ്ട്ര മത സ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കേന്ദ്ര സര്‍ക്കാറിനു നേരെ വിമര്‍ശനമുയര്‍ന്നത്. പ്രത്യേക വിഭാഗത്തിന് പ്രാധാന്യം നല്‍കുന്ന മതസ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വിവേചന ബുദ്ധിയോടെയുള്ള ദേശീയത നടപ്പാക്കാനാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.എ.പി.എ നിയമത്തിന്റെ തുടര്‍ച്ചയായ പ്രയോഗം, വിദേശനിക്ഷേപ നിയന്ത്രണ നിയമം, പൗരത്വ ഭേദഗതി നിയമം, ഗോവധ നിരോധനം, മതപരിവര്‍ത്തന നിരോധന നിയമം എന്നിവയെല്ലാം രാജ്യത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നു. മതന്യൂനപക്ഷത്തെ സംബന്ധിച്ച മാധ്യമ വാര്‍ത്തകളും എന്‍.ജി.ഒ റിപ്പോര്‍ട്ടുകളും നിരീക്ഷണ വിധേയമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."