ഗേജ്മാറ്റം പൂര്‍ത്തീകരിച്ചിട്ട് ഒന്‍പതുമാസം നിര്‍ത്തിവച്ച സര്‍വിസുകള്‍ റെയില്‍വേ പുനരാരംഭിച്ചില്ല
പുതുനഗരം: ഗേജ്മാറ്റം പൂര്‍ത്തീകരിച്ച് ഒന്‍പതുമാസം കഴിഞ്ഞിട്ടും പുതിയ സര്‍വീസുകള്‍ ആരംഭിക്കാത്തതില്‍ റെയില്‍വേക്കെതിരേ വ്യാപക പ്രതിഷേധം. നീണ്ട കാലയളവിനുശേഷം മീറ്റര്‍ഗേജ് ബ്രോഡ്‌ഗേജാക്കി മാറ്റിയെങ്കിലും ഒന്‍പതു മാസത്തിനുശേഷവും നിര്‍ത്തിവെച്ച സര്‍വീസുകള്‍പോലും പുന:സ്ഥാപിക്കാത്ത റെയില്‍വേ അധികൃതരുടെ നിലപാടിനെതിരേ വിവധ സംഘടനകള്‍ ഇന്നുമുതല്‍ സമരത്തിനിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി വടവന്നൂര്‍ ഊട്ടറയിലെ റെയില്‍വേ ഗേറ്റിനുസമീപം പാസഞ്ചേഴ്‌സ് അസോസിയേഷന്‍, സീനിയര്‍ സിറ്റിസണ്‍ഫോറം, പൗരാവലി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് മാര്‍ച്ചും ധര്‍ണയും നടത്തും. കംഫര്‍ട്ട് സേറ്റേഷന്‍പോലും തുറക്കുവാന്‍സാധിക്കാത്ത റെയില്‍വേ അധികൃതര്‍ തീര്‍ഥാടകരെ വലക്കുകയാണ്.
പൊള്ളാച്ചിയല്‍ സര്‍വീസ് അവസാനിക്കുന്ന ട്രെയിനുകളെ പാലക്കാട് ജഗ്ഷന്‍വരെ നീട്ടണമെന്ന് വിവിധ സമയങ്ങളില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിനും വകുപ്പു മന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് റെയില്‍-ബസ് പാസഞ്ചേഴ്‌സ് അസോസയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. ദക്ഷിണ റെയില്‍വേയുടെയും പാലക്കാട് ഡിവിഷന്റെയും അനാസ്ഥയാണ് നിര്‍ത്തിവെച്ച അഞ്ചു ട്രെയിനുകള്‍പോലും പുന:സ്ഥാപിക്കുവാന്‍ സാധിക്കാത്തതെന്ന് മീനാക്ഷിപുരം സീസണ്‍ യാത്രക്കാര്‍ പറയുന്നു.
രാവിലെയും വൈകുന്നേരങ്ങളിലും പൊള്ളാച്ചിയിലേക്കും പാലക്കാട്ടിലേക്കുമുള്ള തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന മീറ്റര്‍ഗേജ് ട്രെയിനുകള്‍ ബ്രോഡ്‌ഗേജാക്കിമാറ്റിയതിനുശേഷവും പുനസ്ഥാപിക്കാത്തതിനാല്‍ പൂര്‍ണമായും ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ സീസണ്‍ യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഗുണകരമാകും വിധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവണമെന്നും പുതുനഗരത്തില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പെടുത്തുവാനും റെയില്‍വേ തയാറാവണമെന്നു നാട്ടുകാര്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."