ഇസ്‌റാഈല്‍ നരനായാട്ട് തുടരുന്നു;റഫയില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ ജനങ്ങള്‍ പലായനം ചെയ്തു
ഗാസയില്‍ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ തുടരവെ മൂന്നാഴ്ചക്കുള്ളില്‍ ഏകദേശം 10 ലക്ഷം ഫലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) അറിയിച്ചു. റഫയില്‍ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവിടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായവും സംരക്ഷണവും നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി.
റഫയിലെ ആശുപത്രികള്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇന്തോനേഷ്യന്‍ ഫീല്‍ഡ് ആശുപത്രിയിലെ മുകള്‍ നിലയില്‍ കഴിഞ്ഞദിവസം ഇസ്‌റാഈല്‍ സൈന്യം ബോംബിട്ടിരുന്നു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ഇവിടെ അഭയം പ്രാപിച്ച ഫലസ്തീനി കുടുംബങ്ങളും ദുരിതത്തിലാണ്.
റഫയിലെ കുവൈത്ത് സ്‌പെഷാലിറ്റി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇതോടെ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."