പതിറ്റാണ്ട് കഴിഞ്ഞിട്ടും പണിപൂര്‍ത്തീകരിക്കാതെ സ്‌കൂള്‍ കെട്ടിടം
പൂച്ചാക്കല്‍: പതിറ്റാണ്ടായിട്ടും പണി പൂര്‍ത്തീകരിക്കാത്ത സ്‌കൂള്‍ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു. പാണാവള്ളി ഓടമ്പള്ളിയിലെ ഗവ. യു പി സ്‌കൂളിലാണ് പാതിവഴിയില്‍ നിര്‍മാണം നിലച്ച കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നത്. ഇത് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനാധ്യാപകന്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
2001 -2006ല്‍ ആലപ്പുഴ എം.പി.യായിരുന്ന ഡോ: കെ.എസ്.മനോജിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷംരൂപ അനുവാദിച്ചാണ് കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.എന്നാല്‍ പണിപൂര്‍ത്തീകരിക്കാതെ ഇഷ്ടിക ഉപയോഗിച്ച് കെട്ടിയ ഭിത്തികള്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ ഇളകി വീഴുന്ന അവസ്ഥയിലാണുള്ളത്.പി.ടി.എ.കമ്മറ്റിയെ ഗുണഭോക്തൃ കമ്മറ്റിയാക്കിയാണ് നിര്‍മ്മാണം ഏല്‍പിച്ചത്.
പിന്നീട് ഇതില്‍ തിരിമറി നടത്തിയതാണ് നിര്‍മ്മാണം പാതിവഴിയില്‍ നിലക്കാന്‍ ഇടയായതെന്ന് ആരോപണമുണ്ട്. ഗുണഭോക്തൃ കമ്മറ്റി പിന്നീട് കെട്ടിട നിര്‍മ്മാണം നോമിനിക്ക് കൈമാറി.ഘട്ടം ഘട്ടമായി നിര്‍മ്മാണം നടത്തിയാണ് ഫണ്ട് അനുവദിക്കാറുള്ളത്.
ഈ കെട്ടിടം മേല്‍ക്കൂര കോണ്‍ക്രീറ്റ് പോലും ചെയ്തിട്ടില്ല. എന്നാല്‍ അനുവദിച്ച ഫണ്ട് മുഴുവനായും നല്‍കിയിട്ടുണ്ട്.
തിരിമറിക്കെതിരെ പരാതി ഉയര്‍ന്നതോടെ അന്വേഷണം നടത്തിയിരുന്നു. നിലവില്‍ നിര്‍മ്മാണം ഏറ്റെടുത്തവരുടെ മേല്‍ റെവന്യു നിക്കവറി നടപടികളായെന്നാണറിവ്. നിര്‍മ്മാണം സംബന്ധിച്ച ഒരു രേഖയും സ്‌കൂളില്‍ ഇല്ലെന്ന് നിലവിലെ പ്രധാനാധ്യാപകന്‍ ബാബു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മുഖേനയാണ് എം.പി ഫണ്ട് ചെലവഴിക്കാറുള്ളത്.ഇതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ കെട്ടിടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."