ദുബൈയിലെ വാണിജ്യ ഗതാഗതം സുഗമമാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് ധാരണ
ദുബൈ: ദുബൈയിലെ വാണിജ്യ ഗതാഗത സേവനങ്ങള്‍ സുഗമമാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ട്രക്കര്‍ ടെക്‌നോളജീസ് ഡി.എം.സി.സി കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. എമിറേറ്റിലെ വ്യക്തിഗത, കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് വാണിജ്യ ഗതാഗത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാറ്റ്‌ഫോം. വാണിജ്യ ഗതാഗത സേവനങ്ങളിലും ഉപാധികളിലും ഫര്‍ണിചര്‍ മൂവറുകളും ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടര്‍മാരും ചരക്ക് ട്രക്കുകളും ഉള്‍ക്കൊള്ളുന്നു.
ആര്‍.ടി.എയുടെ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല യൂസഫ് അല്‍ അലിയും ട്രക്കര്‍ കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഗൗരവ് ബിശ്വാസുമാണ് കരാറില്‍ ഒപ്പുവച്ചത്. ഒപ്പിടല്‍ ചടങ്ങില്‍ ഇരു പാര്‍ട്ടികളിലെയും നിരവധി ഡയരക്ടര്‍മാരും മാനേജര്‍മാരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. വ്യക്തികള്‍ക്കും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ആര്‍.ടി.എക്ക് എപ്പോഴും ശ്രദ്ധയുണ്ടെന്ന് അല്‍ അലി പറഞ്ഞു.
വ്യക്തികള്‍ക്ക് സുസ്ഥിരവും മികച്ചതുമായ വാണിജ്യ ഗതാഗത പരിഹാരങ്ങള്‍ നല്‍കുന്നതിന് ഒരു പരിഷ്‌കൃത ശൃംഖലയും സംവിധാനവും വികസിപ്പിക്കാനുള്ള പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്ന മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളുമായി ഈ സംരംഭത്തെ വിന്യസിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും, ബിസിനസ്സുകളും സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ഇടത്തിലേക്ക് അത്യാധുനികവും ഉപയോക്തൃ സൗഹൃദവുമായ സേവനങ്ങള്‍ നല്‍കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപയോക്താക്കളെ ദാതാക്കളുമായി ബന്ധിപ്പിച്ച് വാണിജ്യ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗതാഗതത്തിന് അനുയോജ്യമായ വാണിജ്യ വാഹനങ്ങള്‍ ബുക് ചെയ്യാനും ആര്‍.ടി.എ രജിസ്‌റ്റേഡ് സേവന ദാതാക്കളുമായി നേരിട്ട് ബന്ധിപ്പിക്കാനും ഇത് അനുവദിക്കുന്നു.
പൊതു, സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ആര്‍.ടി.എയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കം. ട്രക്കര്‍ ടെക്‌നോളജീസ് ഡി.എം.സി.സി കമ്പനിയുമായി ഈ കരാര്‍ ഒപ്പിടുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."