എന്താണ് ക്രിപ്റ്റോ കറൻസി? ഇന്ത്യയിൽ നിയമ വിരുദ്ധമാണോ? അറിയേണ്ടതെല്ലാം
ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ പെരുകുന്ന വാർത്തകൾ ദിനേന പുറത്തുവരുന്നു. എന്താണ് ക്രിപ്റ്റോ കറൻസി? അതിന്റെ മൂല്യം എന്താണ്? നിയമപരമായി സാധുതയുണ്ടോ? നാം ക്രിപ്‌റ്റോ കറൻസിയുമായി ഇടപെട്ടാലും ഇല്ലെങ്കിലും ഇവ നാം അറിഞ്ഞിരിക്കണം. സാങ്കൽപിക കറൻസികളായ ക്രിപ്‌റ്റോ കറൻസി ഇന്ന് ലോകം കീഴടക്കി കഴിഞ്ഞു. ഇന്ന് ലോകത്ത് 15000 ത്തോളം ക്രിപ്‌റ്റോ കറൻസികൾ ഉണ്ടത്രെ. ഓരോന്നിന്റെയും വില വിവിധ രാജ്യങ്ങളുടെ കറൻസികളെ പോലെ തന്നെ വ്യത്യാസപ്പെടും.
ആരാണ് ക്രിപ്‌റ്റോ കറൻസി ആരംഭിച്ചത്?
ജപ്പാനിലെ സതോഷി നാക്കോമോട്ടോ എന്ന സാങ്കൽപിക വ്യക്തിയാണ് 2008 ൽ ബിറ്റ്കോയിൻ എന്ന പോരിൽ ആദ്യ ക്രിപ്റ്റോ കറൻസി ആവിഷ്‌ക്കരിച്ചത്. ഇത് ഒരാൾ ആണോ അതോ ഒരു സംഘം ആളുകൾ ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല. അതിനെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. ഗണിതം, കമ്പ്യൂട്ടർ സയൻസ്, ക്രിപ്‌റ്റോഗ്രാഫി എന്നിവയിൽ വൈദഗ്ധ്യമുള്ള ഷിനിച്ചി മൊചിസുകി ആണ് ഇതെന്ന് പറയപ്പെടുന്നു. ഒരു സംഘം ആണെങ്കിൽ ആ സംഘത്തിൽ ഗവേഷകർ, എഞ്ചിനീയർമാർ, സാമ്പത്തിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നുണ്ടാകാം. ചിലർ നാക്കോമോട്ടോ ഒരു കൃത്രിമബുദ്ധി (എ.ഐ) സംവിധാനമാണെന്ന് സൂചിപ്പിക്കുന്നു. ഈ എ.ഐ സംവിധാനം സ്വയം പഠിക്കുകയും ക്രിപ്‌റ്റോ കറൻസിയുടെ ആശയം സൃഷ്ടിക്കുകയും ചെയ്തു.
എന്താണ് ക്രിപ്റ്റോ കറൻസി?
ക്രിപ്റ്റോ അഥവാ ഡാറ്റാ എൻക്രിപ്ഷൻ, കൈമാറ്റ മാധ്യമമായ കറൻസി എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് ക്രിപ്റ്റോ കറൻസി. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ഇലക്ട്രോണിക് 'വെർച്വൽ' പണമാണ് ക്രിപ്റ്റോ കറൻസി. ബിറ്റ് കോയിന് പിന്നാലെ വന്ന നെയിംകോയിൻ, ലിറ്റ്‌കോയിൻ, പീർകോയിൻ എന്നിവ തുടർന്നുള്ള വർഷങ്ങളിൽ ബിറ്റിനെ പിന്തുടരുകയും ക്രിപ്റ്റോ കറൻസികളുടെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്തു. 2013 അവസാനത്തോടെ, 50 വ്യത്യസ്ത ക്രിപ്റ്റോ കറൻസികൾ ഉണ്ടായിരുന്നു. 2014 അവസാനത്തോടെ, ഈ കണക്ക് ഏകദേശം 10 മടങ്ങ് വർദ്ധിച്ച് 500 ആയി.
ക്രിപ്‌റ്റോ കറൻസികളുടെ വളർച്ചയുടെ കണക്ക് ഇങ്ങനെയാണ്:
മാസം, വർഷം, ക്രിപ്‌റ്റോ കറൻസികളുടെ എണ്ണം എന്ന ക്രമത്തിൽ
(Month, Year and Number of Cryptocurrencies)
April 2013 - 7
January 2014 - 67
January 2015 - 501
January 2016 - 572
January 2017 - 636
January 2018 - 1,359
January 2019 - 2,086
January 2020 - 2,403
January 2021 - 4,154
January 2022 - 8,714
January 2023 - 8,856
January 2023 - 9,002
March 2024 - 14882
coingecko പ്രകാരം ഉള്ള കണക്കാണിത്. വിവിധ എക്‌സ്‌ചേഞ്ചുകളിലും വെബ്‌സൈറ്റുകളും ദിനേനെയെന്നോണം പുതിയ കോയിനുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകാണ്.
ക്രിപ്‌റ്റോ മാർകറ്റിൽ ഇന്നത്തെ ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) പത്ത് ക്രിപ്‌റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവയാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ ഇന്ന് ബിറ്റ്‌കോയിന്റെ വില അറിയാൻ 56589.43 ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ മതി. 47ലക്ഷം രൂപയിൽ അധികം വരുമിത്. പക്ഷെ ഇതിന് മിക്ക രാജ്യങ്ങളും ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ല. അതിനാൽ തന്നെ അതിന് ആന്തരികമൂല്യമൊന്നുമില്ല എന്നതാണ് സത്യം. രാജ്യം ബിറ്റ്‌കോയിൻ നിരോധിച്ചാൽ അവ പ്രസക്തിയില്ലാത്ത കേവലം ലെഡ്ജർ ചെയ്ത കണക്ക് മാത്രമായിരിക്കും. ഇവയുടെ മൂല്യത്തിന് അനുസരിച്ച് സ്വർണമോ മറ്റ് വസ്തുക്കളോ ഒന്നും ആരും ഉറപ്പ് നൽകുന്നില്ല. കേവലം വിപണിമൂല്യം ഉണ്ട് എന്ന ഒരു പ്രതീക്ഷ മാത്രം. റിസർവ് ബാങ്ക് പോലുള്ള കേന്ദ്രബാങ്കുകൾ അംഗീകാരിക്കാത്തത് കൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണ്.
ക്രിപ്‌റ്റോ കറൻസി ഉണ്ടാക്കുന്നത് എങ്ങനെ?
ക്രിപ്‌റ്റോ കറൻസി ഉൽപ്പാദനം 'ഖനനം' ആണ്. വ്യക്തമായി പറഞ്ഞാൽ ഭൂമിയിൽ നിന്ന് ലോഹങ്ങൾ കുഴിച്ചെടുക്കുന്നതുപോലെ സങ്കീർണ്ണമായ ഗണിത പ്രശ്‌നങ്ങൾ പരിഹരിച്ചുള്ളതായിരുന്നു. ഓരോ ഉത്തരവും 'ബിറ്റ്‌കോയിൻ' എന്ന പുതിയ നാണയം സൃഷ്ടിക്കാൻ കാരണമായി. ഇതിന് ഉപയോഗിച്ച സാങ്കേതിക വിദ്യായാണ് ബ്ലോക്ക്ചെയിൻ. ബിറ്റ്‌കോയിൻ ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു പൊതു ഇലക്ട്രോണിക് ലെഡ്ജറാണ് 'ബ്ലോക്ക്ചെയിൻ' എന്ന് നമുക്ക് മനസിലാക്കാം. ഈ ലെഡ്ജറിൽ ഓരോ ഇടപാടും ശരിയാണോ എന്ന് ഉറപ്പാക്കാൻ ക്രിപ്‌റ്റോ ഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 'ഹാഷിംഗ്' നടത്തുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ആർക്കും ബ്ലോക്ക്ചെയിനിൽ അംഗമാകാൻ സാധിക്കും. ഓരോ ഇടപാടും ശരിയാണോ എന്ന് പരിശോധിക്കുന്നതിനും ബ്ലോക്ക്ചെയിനിൽ പുതിയ ബ്ലോക്കുകൾ ചേർക്കുന്നതിനും ഈ അംഗങ്ങൾ 'മൈനിങ്' നടത്തുന്നു. ഓരോ പുതിയ ബ്ലോക്ക് ചേർക്കുന്നതിനും, മൈനർമാർക്ക് പ്രതിഫലമായി പുതിയ ക്രിപ്‌റ്റോകറൻസി നാണയങ്ങൾ ലഭിക്കും. ഈ പ്രക്രിയയാണ് ക്രിപ്‌റ്റോ കറൻസി സൃഷ്ടിക്കുന്നത്. സ്വർണ്ണവും വെള്ളിയും പോലുള്ള ലോഹങ്ങൾ ഖനനം ചെയ്യുന്നത് പോലെ, ബിറ്റ്‌കോയിൻ 'ഖനനം' ചെയ്യുന്നത് സമയം കഴിയും തോറും കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറും. ലഭ്യത കുറയും. അപ്പോൾ കൂടുതൽ ആഴങ്ങളിലേക്ക് ഖനനം ചെയ്യുന്നത് പോലെ ഇവിടെയും മൈനിങ് വേണ്ടി വരും. ഇത് 21 ദശലക്ഷം കോയിനുകൾ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഭൂരിഭാഗവും ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അഥവാ 210 ലക്ഷം കോയിനുകൾ നിർമിച്ചാൽ ഈ പ്രക്രിയ നിലക്കും. അതിന് 2140 വരെ കാത്ത് നിൽക്കണമെന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാൽ പുതിയ എ.ഐകൾ ഈ രംഗത്ത് എന്ത് ചെയ്യും എന്ന് കാത്തിരുന്ന് കാണണം.