പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ?
തിരുവനന്തപുരം: സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിൽ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിടുന്നതിൽ എൽഡിഎഫിൽ ഭിന്നത. നിലപാട് കടുപ്പിച്ച് സിപിഐ രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. സിപിഐയുടെ യുവജന വിഭാഗവും വിദ്യാർഥി സംഘടനയും ഉൾപ്പെടെയുള്ള പോഷക സംഘടനകളും പി.എം.ശ്രീ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എഐഎസ്എഫ്, എഐവൈഎഫ്, എകെഎസ്ടിയു തുടങ്ങിയ സംഘടനകളാണ് പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്.
സിപിഐയുടെ എതിർപ്പ് അതിരുവിട്ട് കൊമ്പുകോർക്കലായതോടെ ഇടതു മുന്നണി യോഗം വിളിച്ച് പ്രശ്നം പരിഹാരിക്കാമെന്ന നിലപാടിലേക്ക് നീങ്ങിയിക്കുകയാണ് സിപിഎം. നിലവിലെ സാഹചര്യത്തിൽ പരസ്യ വിമർശനത്തോട് പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻറെ കൂടി സാന്നിധ്യത്തിലാവും യോഗം നടക്കുക.
പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്ന കാര്യമാവും സിപിഎം യോഗത്തിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. എന്നാൽ, മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ സിപിഎമ്മും വിദ്യാഭ്യാസ വകുപ്പും എടുത്ത തീരുമാനത്തെ തുറന്ന് എതിർക്കാൻ തന്നെയാകും സിപിഐ തീരുമാനം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ സംഭവത്തിൽ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാലെ മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന് കാണിച്ച് സിപിഐയുടെ മന്ത്രി കെ. രാജനും പരസ്യ പ്രസ്താവന നടത്തിയിരുന്നു. ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻറെ ‘പി.എം ശ്രീയിലെ കാണാചരടുകൾ’ ലേഖനം പ്രസിദ്ധീകരിച്ച് പാർട്ടി മുഖപത്രം ‘ജനയുഗ’വും സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നു.
സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുമ്പോൾ മോദി വിദ്യാഭ്യാസ നയം പൂർണമായി അംഗീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എൻ.ഇ.പി 2020 പൂർണതോതിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരിൽ പി.എം.ശ്രീ എന്ന് ചേർക്കും എന്നാണ് രണ്ടാമത്തെ ഇനം.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകിയും നിരന്തരമായ മേൽനോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകും. കേരളം, ബംഗാൾ, തമിഴ്‌നാട് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകൾ നിലവിൽവന്നു കഴിഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കണമെന്ന നിർബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്‌നാടും പദ്ധതിയിൽ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയിൽ ചേരാത്തതിനാൽ ഈ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്‌നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചപ്പോൾ കേരളം വൈകിയാണെങ്കിലും കേന്ദ്രത്തിന് മുമ്പിൽ മുട്ടുമടക്കുകയാണ്. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടിൽ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്.
രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകൾ ഇപ്പോൾ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പർ പ്രൈമറിയും 3214 സെക്കൻഡറിയും 3856 ഹയർ സെക്കൻഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹർ നവോദയ വിദ്യാലയങ്ങളും പദ്ധയിൽ ചേർന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."