നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി!; പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും
ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം. ഗംഗാഗാഥ് ഝാ എഴുതിയതും മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയുള്ളതുമായ മനുസ്മൃതി എന്ന പുസ്തകം നിയമബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്ററില്‍ പാഠ്യവിഷയമാക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ജൂറിസ്പ്രൂഡന്‍സ്(നിയമശാസ്ത്രം) എന്ന ഉപവിഷയത്തിന്റെ (യൂനിറ്റ്5) ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനാണ് ആലോചന. ഇതിനുള്ള ശുപാര്‍ശ അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലാണ്. ഇന്നുചേരുന്ന അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ മനുസ്മൃതി പാഠ്യവിഷയമായി മാറും. ഓഗസ്റ്റിലെ പുതിയ അക്കാദമിക് സെഷനില്‍ ഇത് പഠിപ്പിച്ചു തുടങ്ങാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ സജീവമായത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മനുസ്മൃതി ഉള്‍പ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ത്രീകള്‍ക്ക് തുല്യത നിഷേധിക്കുകയും വിദ്യാഭ്യാസം, സ്വാതന്ത്ര്യം, പദവി എന്നിവ എതിര്‍ക്കുകയും സമൂഹത്തില്‍ വിവിധ ശ്രേണികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠ്യ വിഷയമാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥി സംഘടനകളും അധ്യാപക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ഇതുസംബന്ധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും അവസരസമത്വത്തിനും എതിരാണെന്നും സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."