HOME
DETAILS

തട്ടിപ്പിന് വാട്‌സ്ആപ്പുകൾ വിൽപനയ്ക്ക്

  
കെ. ഷിന്റുലാൽ
July 13 2024 | 13:07 PM

WhatsApp Accounts Available for Purchase in Fraudulent Scheme


കോഴിക്കോട്: കേരളം ലക്ഷ്യമാക്കിയുള്ള ഓൺലൈൻ സൈബർ തട്ടിപ്പുകൾക്ക് വ്യാപകമായി ഉപയോഗിക്കുന്നത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. കംബോഡിയ, മ്യാൻമർ, വിയറ്റ്‌നാം എന്നിവിടങ്ങളിലുള്ള കോൾ സെന്ററുകളിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള  സംഘമാണ് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴി പരിചയപ്പെട്ടും നിർദേശങ്ങൾ നൽകിയും ലിങ്കുകൾ അയച്ചുകൊടുത്തും സംസ്ഥാനത്തുടനീളം ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതെന്നാണ് സൈബർ ഓപറേഷൻ വിഭാഗം കണ്ടെത്തിയത്. മേഘാലയ, അസം എന്നിവിടങ്ങളിൽ നിന്നുള്ള സിംകാർഡുകൾ ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയാണ് കൂടുതലായും തട്ടിപ്പുകൾ നടക്കുന്നത്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ ആയതിനാൽ അന്വേഷണത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. സിംകാർഡ് ഉടമകൾപോലും അറിയാതെയാണ് വാട്‌സ്ആപ്പ് വഴി കോൾ സെന്ററുകളിൽനിന്നും മറ്റും കോടികൾ തട്ടിപ്പുസംഘം കൈക്കലാക്കുന്നത്. 


വ്യാജ സിംകാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് ആരാണെന്നും ഇതിന് പിന്നിലുള്ള യഥാർഥ പ്രതികളാരെന്നും കണ്ടെത്തുക ഏറെ സങ്കീർണമാണെന്ന് സൈബർ പൊലിസ് വ്യക്തമാക്കുന്നു. അതേസമയം, വ്യാജ വാട്‌സ്ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ച സാഹചര്യം വ്യക്തമാക്കി സൈബർ ഓപറേഷൻ വിഭാഗം എസ്.പി എസ്. ഹരിശങ്കർ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒരു ഡിവൈസിൽ തന്നെ വാട്‌സ്ആപ്പും കോളും ഉപയോഗിക്കുംവിധത്തിലുള്ള നടപടിക്കാണ് ശുപാർശ ചെയ്തത്. ഇക്കാര്യം ട്രായ് പരിഗണിക്കുമെന്നാണ് സൂചന.


മേഘാലയ, അസം എന്നിവിടങ്ങളിൽ സാധാരണ നടപടിക്രമങ്ങൾപോലും ഇല്ലാതെ എളുപ്പത്തിൽ സിംകാർഡുകൾ ലഭിക്കും. ഇവിടുത്തെ ഗ്രാമങ്ങളിലുള്ളവരിൽ പലരും ഇപ്പോഴും ആൻഡ്രേയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നില്ല, വാട്സ്ആപ്പില്ലാത്ത സാധാരണ ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം ഫോണുകളിൽ ഉപയോഗിക്കുന്നതിനുവേണ്ടി സിംകാർഡുകൾ ഗ്രാമവാസികൾ വാങ്ങും. കടയുടമകൾതന്നെ ഈ സിംകാർഡ് ഫോണിൽ ഇട്ടുനൽകും. ഇപ്രകാരം വാട്‌സ്ആപ്പില്ലാത്ത ഫോണുകളിൽ ഉപയോഗിക്കുന്ന സിംകാർഡിന്റെ നമ്പറുകൾ പ്രത്യേകം രേഖപ്പെടുത്തിവയ്ക്കും. പിന്നീട് ഇതേ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ്   ശേഖരിക്കുകയും ചെയ്യും. ഇതിനുവേണ്ടി പ്രത്യേകം ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന സിംകാർഡുകളാണ് തട്ടിപ്പ് സംഘത്തിന് നൽകുന്നത്. ഇത് ഉപയോഗിച്ച് വാട്‌സ്ആപ്പ് അക്കൗണ്ട് ആരംഭിക്കുകയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലക്ഷ്യമാക്കി തട്ടിപ്പുകൾ നടത്തുകയുമാണ് ചെയ്യുന്നത്.


തട്ടിപ്പിനിരയായവർ നൽകിയ നമ്പർ പരിശോധിച്ചപ്പോൾ കോളുകൾ ചെയ്യുന്ന ഫോണും വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഫോണും വ്യത്യസ്തമാണെന്ന് കണ്ടെത്തി. പല കേസുകളിലും സമാന സ്ഥിതി കണ്ടെത്തിയതോടെയാണ് സൈബർ പൊലിസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. ഫോൺ നമ്പറിന്റെ കോൾ ഡീറ്റൈയിൽസ് റെക്കോർഡ് (സി.ഡി.ആർ) പരിശോധിച്ചതിൽനിന്ന് ഫോൺ വിളിക്കുന്ന സിം ഒരിടത്തും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് മറ്റൊരിടത്തുനിന്നുമാണെന്നും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിലാണ് ഇത്തരത്തിൽ സിംകാർഡുകൾ ഒന്നടങ്കം വാങ്ങി വിൽക്കുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ പല കേസുകളുടെയും അന്വേഷണം പാതിവഴിയിലാവും. തട്ടിപ്പുകാർ ഓരേ നമ്പറും ഫോണും സ്ഥിരമായി ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ ടവർ ഡബ്ബ് ശേഖരിച്ച് വാട്‌സ്ആപ്പ് ഉപയോഗിച്ച സ്ഥലത്തെത്തിയാലും പ്രതികളെ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. 


അതിനാൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും അവരുടെ നിർദേശാനുസരണം സാമ്പത്തിക ഇടപാടുകൾ നടത്തുകയോ അയച്ചുതരുന്ന ലിങ്കുകൾ തുറക്കുകയോ ചെയ്യരുതെന്നും സൈബർ പൊലിസ് അറിയിച്ചു.
കേരളം കേന്ദ്രീകരിച്ചും വ്യാജ സിംകാർഡുകൾ എടുത്തു നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരത്തിൽ ഏജന്റുമാർ പ്രവർത്തിക്കുന്നത്. 5000 രൂപ നൽകിയാൽ സിംകാർഡ് എടുത്തു നൽകും. ഇത്തരത്തിൽ ലഭിക്കുന്ന സിംകാർഡുകൾ ഉപയോഗിച്ചാണ് പലപ്പോഴും ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്.
സിംകാർഡിന്റെ ഉടമസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സിം ഉപയോഗിച്ചത് മറ്റൊരാളാണെന്ന് തിരിച്ചറിയുന്നത്. അതേസമയം ഇത്തരത്തിൽ സിംകാർഡ് എടുത്തുനൽകിയവരും കേസിൽ പ്രതികളായി മാറുന്നുണ്ട്. യഥാർഥ പ്രതികളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിം നൽകിയവരെ പ്രതിയാക്കി കേസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ സിം എടുക്കാനെത്തിയവരുടെ വിരലടയാളവും മറ്റും ഒന്നിൽ കൂടുതൽ തവണ രേഖപ്പെടുത്തിയും കൂടുതൽ സിംകാർഡ് സംഘടിപ്പിക്കുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്. 


ഇത്തരത്തിൽ ലഭിക്കുന്ന സിംകാർഡുകൾ ഉടമസ്ഥരറിയാതെയാണ് മറ്റൊരാൾ തട്ടിപ്പിന് ഉപയോഗിക്കുന്നത്. അതിനാൽ തട്ടിപ്പ് നടത്തിയവരെ കണ്ടെത്തൽ പ്രയാസമാണ്. തട്ടിപ്പുസംഘം ഉപയോഗിക്കുന്ന ലാപ്‌ടോപ്പിന്റെയും മറ്റും ഐ.പി അഡ്രസ് തായ്‌ലാന്റ്, ചൈന, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളിലായിരിക്കും. എന്നാൽ ഈ രാജ്യങ്ങളിലുള്ളവരെ അന്വേഷണത്തിന്റെ പരിധിയിലുൾപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇതും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.

Fake WhatsApp Accounts Widely Used in Cyber Scams Targeting Kerala

മൂന്നു വർഷം: 3591 കേസുകൾ, തിരിച്ചുപിടിച്ചത് 87 കോടി

20.jpg


കോഴിക്കോട്: മൂന്നു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 3591 കേസുകൾ. ഇക്കാലയളവിൽ സൈബർ പൊലിസിന് ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്ത 87,80,00,652 രൂപ തിരികെ പിടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ലോട്ടറി, വ്യാജ സമ്മാനതട്ടിപ്പ്, നിക്ഷേപ ട്രേഡിങ് തട്ടിപ്പ്, പാഴ്‌സലിൽ നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞുള്ള തട്ടിപ്പ്, ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പ്, കെ.വൈ.സി പുതുക്കലുമായി ബന്ധപ്പെട്ട തട്ടിപ്പ്, നഗ്‌നദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി, വ്യാജ കസ്റ്റമർ സപ്പോർട്ട് തട്ടിപ്പ്, വ്യാജ തൊഴിൽ, മാട്രിമോണിയൽ തുടങ്ങി 24 ഓളം വിവിധ തട്ടിപ്പുകളാണ് സംസ്ഥാനത്തെ സൈബർ പൊലിസ് അന്വേഷിക്കുന്നത്. സൈബർ തട്ടിപ്പിന് ഇരയായവർ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻ.സി.ആർ.പി) പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്താൽ അതത് പൊലിസ് കേസ് രജിസ്റ്റർ ചെയ്യും. തട്ടിപ്പിന്റെ രീതിയും മറ്റും അടിസ്ഥാനമാക്കി  സൈബർ ഡിവിഷനാണ് കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago