ഹജ്ജ് ക്യാംപ് വഴി 7505 തീര്‍ഥാടകര്‍ ഹറമിലെത്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാംപിന്റെ ഒന്‍പതാം ദിവസം 900 തീര്‍ഥാടകര്‍ കൂടി വിശുദ്ധ ഹറമിലെത്തിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട തീര്‍ഥാടകരുടെ എണ്ണം 7505 ആയി. രണ്ടു വയസില്‍ താഴെ പ്രായമുള്ള അഞ്ചു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും വൈകീട്ട് അഞ്ചിനും പുറപ്പെട്ട രണ്ട് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 900 പേരാണ് യാത്രയായത്. ഇന്ന് രണ്ടു വിമാനങ്ങളിലായി രണ്ടു കുട്ടികള്‍ അടക്കം 902 പേര്‍ കൂടി പുറപ്പെടും. ഉച്ചയ്ക്ക് 12.40നും രാത്രി 7.50 നുമാണ് വിമാനങ്ങള്‍ പുറപ്പെടുന്നത്. നാളെ മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ 450 തീര്‍ഥാടകരുമായി ഓരോ വിമാനങ്ങളാണ് പുറപ്പെടുന്നത്. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനം ഇന്നലെയും സജീവമായിരുന്നു. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഇന്നലെ ക്യാംപിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, എല്‍ദോ എബ്രഹാം എന്നിവര്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശംസകള്‍ നേരുന്നതിനായി എത്തിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഹജ്ജ് ക്യാംപാണ് ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നത്. അവസാന ദിവസമാണ് ലക്ഷദ്വീപില്‍ നിന്നും മാഹിയില്‍ നിന്നുമുള്ളവര്‍ പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."