നാവികര്‍ പുഴയിലിറങ്ങി, അടിയൊഴുക്ക് ശക്തം , നിലവില്‍ ഡൈവിങ്ങിന് ഇറങ്ങാനാവില്ലെന്ന് സൂചന; ഐബോഡ് ബാറ്ററി ഷിരൂരിലെത്തി, ഡ്രോണ്‍ ദൗത്യം ഉടന്‍
അങ്കോല: കര്‍ണാടകയിലെ അങ്കോലിലെ മലയിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഗംഗാവലി പുഴയിലിറങ്ങി.ഡിങ്കി ബോട്ടിലാണ് നാവികര്‍ പുഴയിലിറങ്ങിയത്. സ്‌കൂബാ ടീമിന്റെ ട്രയല്‍ ഡൈവും പൂര്‍ത്തിയായെന്നാണ് സൂചന. നിലവില്‍ പഴയില്‍ ഇറങ്ങി ഡൈവ് ചെയ്യാന്‍ കഴിയില്ലെന്ന വിവരം നാവികര്‍ കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡ്രോണ്‍ ബാറ്ററി കാര്‍വാറിലെത്തിച്ചു. കരയിലും വെള്ളത്തിലും ഒരുപോലെ ഫലപ്രദമായ ഐ.ബി.ഒ.ഡി സംവിധാനമാണ് പ്രവര്‍ത്തിപ്പിക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രോണ്‍ പരിശോധന നടക്കുക. ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസ്സിലെത്തിയ ബാറ്ററികള്‍ കാര്‍വാര്‍ സ്റ്റേഷനിലെത്തിച്ചത്. അര്‍ജ്ജുന്റെ വാഹനത്തിന് സമീപത്തെത്താന്‍ മണ്ണ് നീക്കം പുരോഗമിക്കുകയാണ്.
രക്ഷാദൗത്യം വിലയിരുത്താന്‍ കര്‍ണാടകയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ജില്ലാ ഭരണകൂടമാണ് യോഗം വിളിച്ചത്. കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരും എം.പിമാരും യോഗത്തില്‍ പങ്കെടുത്തു. പുഴയില്‍ ഇറങ്ങിയാല്‍ ലോറിയുടെ ക്യാബിനില്‍ പരിശോധന ആദ്യം നടത്തും. അര്‍ജുനെ പുറത്തേക്ക് എത്തിച്ചതിനു ശേഷം ട്രക്ക് ഉയര്‍ത്തും. നേവി ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ഡൈവിങ് സംഘം പുഴയില്‍ ഇറങ്ങുമെന്ന് നേവി സംഘം അറിയിച്ചു.
ഇന്നത്തെ ആദ്യ സിഗ്‌നല്‍ ലഭിച്ചു. ഇന്നലെ ലഭിച്ച അതേ പോയിന്റില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ഡ്രോണ്‍ പരിശോധനക്ക് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ആദ്യ വിവരം ലഭിക്കും.
അതിനിടെ, ഇടക്കിടെ പെയ്യുന്ന കനത്തമഴയും കാറ്റും പുഴയിലെ ഒഴുക്കും രക്ഷാദൗത്യത്തിന് തടസ്സമാവുകയാണ്. കനത്ത മഴ പെയ്തതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മഴ കുറഞ്ഞപ്പോള്‍ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. അര്‍ജുനെ കണ്ടെത്താനായി കൂടുതല്‍ ബൂം എക്‌സ്‌കവേറ്റര്‍,ക്രെയിന്‍,ലോറി എന്നിവ അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."