തിരുവനന്തപുരം ടെക്‌നോസിറ്റിയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി
തിരുവനന്തപുരം: മംഗലപുരത്ത് ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. തിരുവനന്തപുരം ടെക്‌നോ സിറ്റി പരിസരത്താണ് ബുധനാഴ്ച്ച കാട്ടുപോത്ത് ഇറങ്ങിയത്.
മൂന്നു തവണയാണ് കാട്ടുപോത്തിനു നേരെ മയക്കുവെടിയുതിര്‍ത്തത്. വെടികൊണ്ട് വിരണ്ടോടിയ പോത്ത് തെന്നൂര്‍ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. ഇനി ഇതിനെ വാഹനത്തില്‍ കയറ്റി വനത്തിലേക്ക് വിടും. അതിനുമുമ്പ് കാട്ടുപോത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കും.
ഇന്നലെ രാവിലെ ഏഴോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, കുളത്തൂപുഴ, പാലോട്,പരുത്തിപള്ളി എന്നിവിടങ്ങളില്‍ നിന്ന് വനപാലകരും റാപിഡ് റെസ്പോന്‍സിബിള്‍ ടീമും സ്ഥലത്തത്തിയിരുന്നു.
ഒരാഴ്ച മുന്‍പ് കാട്ടുപോത്തിനെ വീടുകളുടെ പരിസരത്തായും കാടുപിടിച്ച് കിടക്കുന്ന ടെക്ക്നോസിറ്റിയുടെയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും കണ്ടവരുണ്ട്. മംഗലപുരം ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ കാട്ടുപോത്ത് മേഞ്ഞ് നടക്കുന്നത് ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്നോ സിറ്റി ജീവനക്കാരും നാട്ടുകാരും മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്.
ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന സംശയം ഉയര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരേയും പൊലിസിനെയും വിവരമറിയിച്ചു. കാല്‍പ്പാടുകളും വിസര്‍ജ്യവും കണ്ടാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്.
പിരപ്പന്‍കോട്ട് ഷാജിയുടെ പുരയിടത്തില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനെ വ്യാഴാഴ്ച രാവിലെയോടെ മയക്കുവെടിവെക്കുകയായിരുന്നു. പോത്തിനെ ടാഗ് ചെയ്തശേഷം ജെ.സി.ബിയുടെ സഹായത്തോടെ മരച്ചീനി തോട്ടത്തില്‍നിന്ന് പുറത്തേക്ക് മാറ്റി. ഇനി റോഡ് മാര്‍ഗം പേപ്പാറയിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."