ഐ സി എഫ് രണ്ട് കോടിയുടെ സഹായം നല്‍കും.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രണ്ട് കോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു. നൂറു കണക്കിന് പേരുടെ ജീവനെടുക്കുകയും ആയിരങ്ങള്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്ത ദുരന്തത്തില്‍ സഹജീവീകളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമാണ് പദ്ധതികള്‍.
കേരള സര്‍ക്കാരുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐസിഎഫ് ഏറ്റെടുക്കുക.
ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച് ഏത് തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതെന്ന് പരിശോധിക്കും. തുടര്‍ന്ന് ഇതിനായി പ്രത്യേക വിഷന്‍ രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രഥമ പരിഗണനയില്‍ ഉള്ളത്. ഐ സി എഫിന്റെ വിവിധ ഘടകങ്ങള്‍ ഇതിന് ആവശ്യമായ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.
മുന്‍കാലങ്ങളില്‍ പ്രവാസ ലോകത്തും കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഐ സി എഫിന് കീഴില്‍ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും അവശ്യ സേവനങ്ങളുടെയും മാതൃകകള്‍ പിന്തുടര്‍ന്നാണ് പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക.
സാധാരണക്കാരായ പ്രവാസികളുടെ അകമഴിഞ്ഞ സഹായത്താലാണ് ഇവയെല്ലാം സാധ്യമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ പൊതുസമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുകയാണ്.
ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടാന്‍ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് ഐ സി എഫ് വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കണം. ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു പൂര്‍ണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
കടുത്ത പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ഇന്ത്യൻ ആർമി, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായും ഐസിഎഫ് പ്രസ്താവനയിൽ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."