മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ECIR രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ഇ.ഡി. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) രജിസ്റ്റര്‍ ചെയ്തു.
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തത്തുല്യമായ നടപടിയാണ് ഇസിഐആര്‍. ആദായ നികുതി നടത്തിയ പരിശോധനയുടെയും കണ്ടെത്തലുകളുടെയും വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു. കേസില്‍ ഇഡിയുടെയോ സിബിഐയുടെയോ അന്വേഷണം വേണമെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോര്‍ജ് അധിക ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി കൂടി നടപടികളിലേക്ക് കടക്കുന്നത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക്', കൊച്ചിയിലെ 'സിഎംആര്‍എല്‍', കെഎസ്‌ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക്' കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."