ഹജ്ജ്: 65 കഴിഞ്ഞവർക്ക് ഇനി നറുക്കെടുപ്പില്ല; അടുത്ത വർഷം നേരിട്ട് അവസരം
മലപ്പുറം: അടുത്ത വർഷത്തെ ഹജ്ജിന് 65 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നൽകും. കഴിഞ്ഞ വർഷം വരെ 70 വയസിനു മുകളിലുള്ളവർക്കായിരുന്നു നറുക്കെടുപ്പില്ലാതെ അവസരം. 2025ലെ ഹജ്ജ് നയത്തിലാണ് കേന്ദ്രം പുതിയ മാറ്റം വരുത്തിയത്.
65 വയസിനു മുകളിലുള്ളവരിൽനിന്ന് സത്യവാങ്മൂലം വാങ്ങിയാണ് അപേക്ഷ സ്വീകരിക്കുക. ഇവർക്കൊപ്പം 18നും 60 നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും നേരിട്ട് അവസരം നൽകും. പുതിയ നയം കേരളത്തിന് ഏറെ ഉപകാരമാകും.
ഇന്ത്യയുടെ മൊത്തം ഹജ്ജ് ക്വാട്ടയുടെ 70%സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30% സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് അടുത്ത വർഷവും വീതംവയ്ക്കുക. കവറിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും (രണ്ടു വയസിൽ താഴെ) അപേക്ഷിക്കാം.
രക്തബന്ധത്തിൽപെട്ട പുരുഷന്മാർ കൂടെ ഇല്ലാത്ത (മെഹ്റമില്ലാത്ത) വനിതകളുടെ സംഘത്തിന് നിലവിൽ തുടരുന്ന മുൻഗണന ലഭിക്കും. 65 വയസിനു മുകളിലുള്ള മെഹ്റമില്ലാത്ത വനിതകളുള്ള സംഘത്തിൽ 45നും 60നും ഇടയിലുള്ള ഒരു തീർഥാടക നിർബന്ധം. ഹാജിമാരെ സഹായിക്കുന്നതിനുള്ള ഖാദിമുൽ ഹുജ്ജാജുമാർ ഇനി സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ എന്ന പേരിലാകും അറിയപ്പെടുക. കേരളത്തിൽനിന്ന് അടുത്തവർഷവും കരിപ്പൂർ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റായി നിലനിർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."