പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. നിലവില്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. ഭാര്യ മീര. മകള്‍ സുചേതന.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ബുദ്ധദേബിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
1944 മാര്‍ച്ച് 1 ന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മില്‍ അംഗമായി. 1968 ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായ അദ്ദേഹം 1971 ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും പിന്നീട് 82 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984 കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാവുകയും 85 ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.2000 ല്‍ പോളിറ്റ് ബ്യൂറോ അംഗമായി.
1977 ല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്ത് ബംഗാള്‍ മന്ത്രിസഭാംഗമായി. 1996 ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999 ല്‍ ഉപ മുഖ്യമന്ത്രിയായി. 2000 മുതല്‍ 2011 വരെ മൂന്ന് തവണകളിലായി മുഖ്യമന്ത്രിപദം അലങ്കരിച്ചു.
2011ലെ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയോട് പരാജയപ്പെട്ട് അദ്ദേഹം പടിയിറങ്ങി. ഇതോടെ ബംഗാളില്‍ 34 വര്‍ഷം നീണ്ട സി.പി.എം ഭരണകാലത്തിനും അന്ത്യമായി.
ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്ന 2007 കാലത്താണ് വിവാദമായ നന്ദിഗ്രാം സംഭവിക്കുന്നത്. പശ്ചിമബംഗാളിനെയും സി.പി.എമ്മിനെയും പിടിച്ചുലച്ചതായിരുന്നു ഇന്‍ഡാനേഷ്യന്‍' കമ്പനിയായ സാലിം ഗ്രൂപ്പിന് കെമിക്കല്‍ ഹബ് തുടങ്ങാന്‍ സര്‍ക്കാര്‍ നടത്തിയ വിവാദ ഭൂമിയേറ്റെടുക്കല്‍. അതിനെതിരെ നന്ദിഗ്രാമില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 14 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്.
കവി പ്രാസംഗികന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു അദ്ദേഹം. 2022ല്‍ ലഭിച്ച പത്മഭൂഷണ്‍ പുരസ്‌ക്കാരം അദ്ദേഹം നിരസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."