ഏഴുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന മേട്ടുക്കുറിഞ്ഞി; ഇടുക്കിയില്‍ നീലവസന്തം കാണാന്‍ സഞ്ചാരികളുടെ തിരക്ക്
ഇടുക്കി: നീലക്കുറിഞ്ഞിയില്‍ വിസ്മയം തീര്‍ക്കുന്ന ഇടുക്കിയില്‍ ഇപ്രാവശ്യം നീലവസന്തം തീര്‍ത്തത് മേട്ടുക്കുറിഞ്ഞി.
ഒരിടവേളയ്ക്ക് ശേഷമാണ് ഇടുക്കിയില്‍ വീണ്ടും നീലവസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നത്. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടു നില്‍ക്കുന്നത്. പക്ഷേ, ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല, മേട്ടുക്കുറിഞ്ഞിയാണ്. നയനമനോഹരം ഈ കാഴ്ച. സഞ്ചാരികളുടെ ഒഴുക്കാണ് പരുന്തുംപാറയിലേക്ക്.
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയിലെ മലനിരകളിലൊന്നാണ് കുറിഞ്ഞി പൂത്തു നില്‍ക്കുന്നത്. നീലക്കുറിഞ്ഞിയുടെ വകഭേദമായ മേട്ടുക്കുറിഞ്ഞിയാണിത്. സ്‌ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏഴു വര്‍ഷത്തില്‍ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുക.
സമുദ്ര നിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലത്താണ് ഇത് വളരുക. പരുന്തുംപാറക്കൊപ്പം അഷ്‌ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്. നിരനിരയായി കൂട്ടംകൂട്ടമായി പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താനും ഒരുപാടാളുകള്‍ എത്തുന്നുണ്ട്.
എപ്പോഴും കാണാത്ത പൂക്കള്‍ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. കുട്ടികള്‍ക്ക് ഇത് കാണാന്‍ കഴിഞ്ഞത് സന്തോഷമായെന്നാണ് കാഴ്ച്ചക്കാര്‍ പറയുന്നത്. അതേസമയം, മഴയില്ലെങ്കില്‍ രണ്ടു മാസം വരെ കുറിഞ്ഞിപ്പൂക്കള്‍ കേടാവാതെ നിലനില്‍ക്കും. പരുന്തും പാറയിലേക്ക് വരും ദിവസങ്ങളിലും നീലവസന്തം കാണാന്‍ സന്ദര്‍ശകരെത്തിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."