വെളിപെടുത്തല്‍ ദുരുദ്ദേശപരം കെട്ടിച്ചമച്ചത്; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്. ആരോപണങ്ങള്‍ ദുരുദ്ദേശപരവും നികൃഷ്ടവും കെട്ടിച്ചമച്ചതുമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. റിപ്പോര്‍ട്ടില്‍ പറയുന്ന വ്യക്തികളുമായി അദാനി ഗ്രൂപ്പിന് സാമ്പത്തിക ഇടപാടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
തെളിയിക്കാനാകാത്ത ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ഉന്നയിക്കുന്നു. മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഹിന്‍ഡന്‍ബര്‍ഗ് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കമാണിത്- അദാനി ഗ്രൂപ്പ് ആരോപിച്ചു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. അവ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തതാണ്. 2024 ജനുവരിയില്‍ സുപ്രിം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നു.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."