കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജ്യസഭാ സീറ്റില്‍ ബി.ജെ.പിക്ക് എതിരില്ലാത്ത ജയം; പാര്‍ട്ടിക്ക് പുതിയ 11 അംഗങ്ങള്‍
ജയ്പൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റില്‍ നിന്ന് ബി.ജെ.പിക്ക് എതിരില്ലാത്ത വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് ഈ സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ ഈ സീറ്റില്‍ ബിട്ടുവടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ രവ്‌നീത് സിങ് ബിട്ടു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
2026 വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭ അംഗത്വം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു കെ.സി. വേണുഗോപാല്‍ രാജിവെച്ചത്. പിന്നീട് അദ്ദേഹം ആലപ്പുഴയില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു.
ഇടതുപക്ഷത്തിന് കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണയുണ്ടായിരുന്ന ഏക സീറ്റായിരുന്നു ആലപ്പുഴ. അവിടെ സിറ്റിങ് എം.പിയായിരുന്ന എ.എം. ആരിഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം 12 പേര്‍ കൂടിയാണ് പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 11 പേര്‍ എന്‍.ഡി.എ അംഗങ്ങളാണ്.
ഇതില്‍ ഒമ്പത് പേര്‍ ബി.ജെ.പിയില്‍നിന്നാണ്. ഒരാള്‍ മഹാരാഷ്ട്രയിലെ അജിത് പവാര്‍ പക്ഷം എന്‍.സി.പി അംഗവും മറ്റൊരാള്‍ ബിഹാറിലെ രാഷ്ട്രീയ ലോക് മഞ്ച് അംഗവുമാണ്. തെലങ്കാനയില്‍നിന്ന് വിജയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയാണ് തെരഞ്ഞെടുക്കപ്പെട്ട ഏക കോണ്‍ഗ്രസ് അംഗം. കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പെടുന്നു, മധ്യപ്രദേശില്‍ നിന്നുമാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യസഭയില്‍ ആകെ 245 സീറ്റുകളാണുള്ളത്. നേരത്തേ എന്‍.ഡി.എക്ക് 110 എം.പിമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 11 പേര്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ എന്‍.ഡി.എയുടെ അംഗബലം 121 ആയി ഉയര്‍ന്നു. എട്ട് ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. ഇതില്‍ ജമ്മു കശ്മീരില്‍നിന്നുള്ള നാല് ഒഴിവുകളുണ്ട്. കൂടാതെ നാലെണ്ണം രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവയാണ്. ഈ വിഭാഗത്തില്‍ നാലുപേരെ കൂടി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നതോടെ എന്‍.ഡി.എയുടെ അംഗബലം 125 ആയി ഉയരും. ഇതോടെ രാജ്യസഭയില്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
In Jaipur, the BJP has achieved an uncontested victory for the Rajya Sabha seat vacated by AICC General Secretary KC Venugopal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."